കൂത്താട്ടുകുളം : തെരഞ്ഞെടുപ്പിലെ പണത്തിന്റെ ആധിപത്യം ഇല്ലാതാക്കാൻ സ്ഥാനാർത്ഥികളുടെ പക്കൽ നിന്ന് തെരഞ്ഞെടുപ്പു ചിലവിന്റെ കണക്കു വാങ്ങുന്നതുപോലെ രാഷ്ട്രീയപ്പാർട്ടികളുടെ പക്കൽ നിന്നും തെരഞ്ഞെടുപ്പു കമ്മീഷൻ കണക്കു ആവശ്യപ്പെടണമെന്നു സമാജവാദി ജനപരിഷത്ത് ദേശീയ സംഘടനാ സെക്രട്ടറി അഫ്‌ലാത്തൂൺ അഭിപ്രായപ്പെട്ടു. സമാജവാദി ജനപരിഷത്ത് പതിനാലാമത് ദ്വൈവാർഷിക സംസ്ഥാന സമ്മേളനം കൂത്താട്ടുകുളത്ത് റാം മനോഹർ ലോഹിയാ-ജയപ്രകാശ് നാരായണൻ നഗരിയിൽ (വൻനിലം കുടുംബയോഗ മന്ദിരത്തിൽ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി മഹാദേവ് ദേശായിയുടെ പൗത്രൻകൂടിയായ അഫ്‌ലാത്തൂൺ.
കോർപ്പറേറ്റു പണം പറ്റുന്ന കക്ഷികളാണ് രാഷ്ട്രത്തിന്റെ നയരൂപവൽക്കരണം നടത്തുന്നത്. അധികാരത്തിലിരിക്കുന്നതും സമീപഭാവിയിൽ അധികാരത്തിലെത്താൻ സാദ്ധ്യതയുള്ളതുമായ രാഷ്ട്രീയ കക്ഷികൾക്കു കോർപ്പറേറ്റുകൾ ഇലക്ടറൽ ബോണ്ടുകളായി കൈമാറുന്ന പണം കോർപ്പറേറ്റുതാൽപര്യം നേടുന്നതിനായി നല്കുന്ന അഴിമതിപ്പണമാണെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതിവിധിയിലൂടെ പുറത്തു വന്നതാണ്.
പണം നല്കിയതാരെന്ന് ജനങ്ങളിൽ നിന്ന് മറച്ചുവച്ചു കൊണ്ട് രാഷ്ട്രീയപ്പാർട്ടികൾക്ക് പണം സ്വീകരിയ്ക്കാൻ അനുവദിക്കുന്നതിലൂടെ ഇലക്ടറൽ ബോണ്ട് രാഷ്ട്രീയ അഴിമതി നിയമപരമാക്കുന്നതും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ പണാധിപത്യംകൊണ്ട് തകർക്കുന്നതുമാണ്. പ്രതിപക്ഷനേതാവായ രാഹുൽ ഗാന്ധി ഉന്നയിച്ച "വോട്ടു ചോരി" (വോട്ടു മോഷണം), ജനാധിപത്യത്തെ അട്ടിമറിക്കുന്ന വലിയ ഒരു സംഭവമാണ്. എന്നാൽ അഴിമതി നിറഞ്ഞതും ജനാധിപത്യത്തെ അട്ടിമറിക്കുന്നതുമാണ് ഇക്റ്ററൽ ബോണ്ട് അഴിമതിയും. പ്രധാന രാഷ്ട്രീയ പാർട്ടികളിൽ മിക്കതും ഈ വൻ അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചു. മുൻ ദേശീയ അധ്യക്ഷൻ അഡ്വ ജോഷി ജേക്കബ് അഭിവാദ്യംചെയ്തു സംസാരിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും രാജ്യത്ത് പൊതുവായി സമൂഹത്തിൽ സമത്വബോധം ഉണ്ടാക്കിയെന്നത് വസ്തുതയാണെങ്കിലും ആ പൊതുബോധത്തിനപ്പുറത്ത് അടുത്തചുവട് എന്താണെന്ന ദിശാ ബോധം നല്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം വിലയിരുത്തി.
സമുദായ സൗഹാർദം ശക്തിപ്പെടുത്തുന്നതിനുള്ള നിർമാണാത്മക പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ദേശീയ സ്വാതന്ത്ര്യ സമരനേതാക്കളെ ദുഷിയ്ക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനുമുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രതവേണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. പി.ഒ. പീറ്റർ (കോട്ടയം) പ്രസിഡന്റും ഇ.വി. ജോസഫ് (ഇടുക്കി) ജനറൽ സെക്രട്ടറിയുമായുള്ള ഇരുപത്തഞ്ചംഗ ഭരണ സമിതിയെ സമ്മേളനം തെരഞ്ഞെടുത്തു.
ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജയ്മോൻ തങ്കച്ചൻ, ഇവി 'ജോസഫ്, പി.ഒ. പീറ്റർ, സജി.പി എബ്രഹാം. ബാലമുരളീകൃഷ്ണ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്തുസംസാരിച്ചു. ബിജു ജോസഫ് പരിഭാഷ നിർവഹിച്ചു.
സ്വാഗത സംഘം ചെയർമാൻ കെ.എസ് ചാക്കോ സ്വാഗതവും ജനറൽ കൺവീനർ അഡ്വ.കെ.കെ.രാമൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
നവംബർ 22, 23, 24 തീയതികളിൽ ഒഡീഷയിലെ ബലാൻഗീർ (Balangir) ജില്ലയിലെ തിത്തിലഗഢിൽ (Titlagarh, ଟିଟିଲାଗଡ଼) നടക്കാനിരിയ്ക്കുന്ന പതിനാലാമത് ദ്വൈവാർഷിക ദേശീയ സമ്മേളനത്തിന് മുന്നോടിയാണ് സംസ്ഥാന സമ്മേളനം നടന്നത്.
-0-
ഫോട്ടോ അടിക്കുറിപ്പ്:
സമാജവാദി ജനപരിഷത്ത് പതിനാലാമത് ദ്വൈവാർഷിക സംസ്ഥാന സമ്മേളനം കൂത്താട്ടുകുളത്ത് റാം മനോഹർ ലോഹിയാ-ജയപ്രകാശ് നാരായണൻ നഗരിയിൽ (വൻനിലം കുടുംബയോഗ മന്ദിരത്തിൽ) ഉദ്ഘാടനം ചെയ്തുകൊണ്ട് സമാജവാദി ജനപരിഷത്ത് ദേശീയ സംഘടനാ സെക്രട്ടറി അഫ്‌ലാത്തൂൺ സംസാരിക്കുന്നു. മുൻ ദേശീയ അധ്യക്ഷൻ അഡ്വ ജോഷി ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജയ്മോൻ തങ്കച്ചൻ, പരിഭാഷകൻ ബിജു ജോസഫ്, ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി, സംസ്ഥാന സെക്രട്ടറി അഡ്വ. കെ.കെ. രാമൻ മാസ്റ്റർ, സംസ്ഥാന ഖജാൻജി ഇ.വി ജോസഫ് എന്നിവർ സമീപം.

No comments:
Post a Comment