പി.ഒ പീറ്ററിന് പ്രൗഢ ഗംഭീരമായ അന്ത്യാഞ്ജലി


കോട്ടയം, 2026 ഒക്ടോബർ 7: ഇന്നലെ  ഒക്ടോബർ 6 ചൊവ്വാഴ്ച ഉച്ചയ്ക്ക് അന്തരിച്ച സമാജ വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റും ദലിത ക്രൈസ്തവ നേതാവുമായ പി.ഒ. പീറ്ററിന്റെ മൃത സംസ്കാരം വന്‍ ജനാവലിയുടെയും രാഷ്ട്രീയ സാമൂഹിക നേതാക്കളുടെയും സാന്നിധ്യത്തിൽ അന്ത്യാളം സെന്റ് മാതൃു സീറോ മലബാർ റോമൻ കത്തോലിക്കാ പള്ളിയിൽ നടന്നു. ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് മാര്‍ ജേക്കബ് മുരിക്കനും പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും മുഖ്യകാര്‍മികത്വം വഹിച്ചു. കെസിബിസി എസ്‌സി, എസ്ടി, ബിസി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ഗീവര്‍ഗീസ് മാര്‍ എഫ്രേം സഹകാര്‍മികത്വം വഹിച്ചു.


രാവിലെ എട്ടരയോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ സീറോ മലബാർ റോമൻ കത്തോലിക്കാ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി, സംസ്ഥാന ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് , സമാജവാദി ജനപരിഷത്ത് സംസ്ഥാന ദേശീയ നേതാക്കൾ, ദലിത് കത്തോലിക്കാ മഹാജനസഭയുടെ (ഡി.സി.എം.എസ്.) നേതാക്കൾ, തുടങ്ങി എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളും നേതാക്കളും അന്ത്യോപചാരം അർപ്പിച്ചു.


 ബിഷപ് മാത്യൂ  മുരിക്കന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരുമണിയ്ക്കു നടന്ന ചരമശുശ്രൂഷകൾക്കുശേഷം ഉച്ചയ്ക്ക് ഒന്നരയ്ക്ക് മൃതദേഹം അന്ത്യാളം സെന്റ് മാതൃു പള്ളിയിൽ കൊണ്ടു വന്നു. ജോസ് കെ.മാണി എം പി, സുനിൽ സൈന്ധവ മൊഴി അടക്കം അനവധി പേർ അവിടെ അന്ത്യോപചാരം അർപ്പിയ്ക്കാനെത്തിയിരുന്നു.


പൊതുദർശനത്തിനു ശേഷം രണ്ടരയ്ക്കു ശേഷം പള്ളിയിൽ നടന്ന അന്ത്യ ശുശ്രൂഷകൾക്ക് പാലാ മെത്രാൻ ജോസഫ് മാർ കല്ലറങ്ങാട്ട് നേതൃത്വം നല്കി. കേരള കാത്തലിക്ക് ബിഷപ്സ് കോൺഫറൻസിന്റെ എസ്. സി .എസ്.റ്റി കമ്മീഷൻ ചെയർമാൻ ഗീവറുഗീസ് മാർ അഫ്രേം ബിഷപ്പും നിരവധി വൈദീകരും സഹകാർമികരായിരുന്നു. മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഡിസിഎംഎസ് മുന്‍ സംസ്ഥാന ഡയറക്‌ടറും എസ്‌‌സി, എസ്ടി കമ്മീഷന്‍ സെക്രട്ടറിയുമായിരുന്ന ഫാ. ജോസ് വടക്കേക്കുറ്റ്,  ഡിസിഎംഎസ് പാലാ രൂപത ഡയറക്‌ടര്‍ ഫാ. തോമസ് കിഴക്കേനെല്ലിത്താനത്ത്, മുന്‍ ഡയറക്‌ടര്‍ ഫാ. മാത്യു കിഴക്കേഅരഞ്ഞാണിയില്‍, വിജയപുരം രൂപത ഡയറക്‌ടര്‍ ഫാ. ജോസഫ് തറയില്‍, ഫാ. ജോയി വയലില്‍ സിഎസ്ടി, രൂപത പ്രസിഡന്‍റ് ബിനോയ് ജോണ്‍, തുടങ്ങിയവർ സംസ്കാരശുശ്രൂഷയിൽ പങ്കെടുത്തു. മൂന്നേ മുക്കാലോടെ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.


സമാജവാദി ദേശീയ നിർവാഹകസമിതിയംഗം ജോഷി ജേക്കബ്,  സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ എബി ജോൺ വൻനിലം, അഡ്വ ജയ്മോൻ തങ്കച്ചൻ, ജനറൽ സെക്രട്ടറി ഇ.വി ജോസഫ്, സെക്രട്ടറി അഡ്വ. കെ.കെ. രാമൻ, സംസ്ഥാന സമിതിയംഗം കെ.എസ്.ചാക്കോ, മാർട്ടിൻ ഇടപ്പള്ളിപ്പുള്ളിയിൽ,ശാലിനി ജയ്മോൻ തുടങ്ങിയവർ  രാവിലെ മുതൽ സംസ്കാര ചടങ്ങുകൾ അവസാനിക്കുന്നതുവരെ സന്നിഹിതരായിരുന്നു. രാവിലെ ദേശീയ സമിതിയ്ക്കും സംസ്ഥാന സമിതിയ്ക്കും വേണ്ടി  പുഷ്പചക്രം സമർപ്പിക്കുകയും മൃതദ്ദേഹത്തിൽ സമാജവാദി ജനപരിഷത്ത് പതാക പുതപ്പിയ്ക്കുകയും ചെയ്തിരുന്നു. 

ദലിത് കത്തോലിക്ക മഹാജനസഭയുടെ (ഡി.സി.എം.എസ്.) സംസ്ഥാന പ്രസിഡന്‍റ് ഷിബു ജോസഫ്, വൈസ് പ്രസിഡന്‍റ് ജോയി അരുവിത്തുറ, ഓര്‍ഗനൈസര്‍ ജോയി കൂനാനിക്കല്‍, വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേല്‍  തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു.

--


പി.ഒ. പീറ്റർ അന്തരിച്ചു

കോട്ടയം,ഒക്ടോബർ 6 : സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റും ദലിത് കത്തോലിക്ക മഹാജനസഭയുടെ (ഡി.സി.എം.എസ്.) മുൻ സംസ്ഥാന പ്രസിഡന്റുമായ പി.ഒ.പീറ്റർ ഒക്ടോബർ 6 ചൊവ്വാഴ്ച ഉച്ചയ്ക്ക് അന്തരിച്ചു.  ഹൃദ്രോഗത്തെത്തുടർന്ന് വിശ്രമത്തിലായിരുന്നു. 66 വയസ്സായിരുന്നു.


2024 ഏപ്രിൽ 26-ാം തീയതി നടന്ന പതിനെട്ടാം ലോകസഭാ തെരഞ്ഞെടുപ്പിൽ സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥിയായി കോട്ടയം ലോകസഭാ മണ്ഡലത്തിൽ മൽസരിച്ചിരുന്നു.


മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ പയപ്പാർ പോസ്റ്റൽ അതിർത്തിയിൽ പാറയിൽ വീട്ടിൽ ഔസേപ്പ്- മറിയം ദമ്പതികളുടെ മകനായി 1957-ൽ ജനിച്ച പി.ഒ.പീറ്റർ ഹരിജൻ കത്തോലിക്കാ മഹാജന സഭയിലൂടെ സാമൂഹിക പ്രവർത്തന രംഗത്തിറങ്ങി. 1986 ൽ ദലിത ക്രൈസ്തവരുടെ സംവരണ നിഷേധത്തിലേയ്ക്കു ശ്രദ്ധ ക്ഷണിയ്ക്കാനായി പാലാ നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചു. 1984 മുതൽ ഹരിജൻ കത്തോലിക്കാ മഹാജന സഭയുടെ സംസ്ഥാന ഓർഗനൈസറും പാലാ രൂപതാ പ്രസിഡന്റുമായി പ്രവർത്തിച്ചു. ഹരിജൻ കത്തോലിക്കാ മഹാജന സഭ 1995-ൽ ദലിത് കത്തോലിക്ക മഹാജനസഭ (ഡി.സി.എം.എസ്.) എന്ന പേരുസ്വീകരിച്ചപ്പോഴും അതേ ചുമതലയിൽ തുടർന്നു. 2000 മുതൽ 2010 വരെ ദലിത് കത്തോലിക്ക മഹാജനസഭയുടെ സംസ്ഥാന പ്രസിഡന്റായി. 2017 - ൽ സമാജവാദി ജനപരിഷത്തിൽ അംഗമായി. സമാജവാദി ജനപരിഷത്ത് ജില്ലാ പ്രസിഡന്റ് സംസ്ഥാന ഉപാധ്യക്ഷൻ എന്നീ നിലയിൽ പ്രവർത്തിച്ച അദ്ദേഹം 2025 ഒക്ടോബർ 6 തിങ്കളാഴ്ച കുത്താട്ടുകുളത്ത് ചേർന്ന സമാജവാദി ജനപരിഷത്ത് സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

സമരവഴി

1989 ൽ മലയാറ്റൂരു നിന്നും പദയാത്രയായി രാജഭവനു മുമ്പിലേയ്ക്കു നടത്തിയ രാജ്ഭവൻ മാർച്ചിലും തുടർന്ന് സെക്രട്ടറിയേറ്റ് പടിക്കൽ തുടങ്ങിയ റിലേ സത്യാഗ്രഹത്തിലും സജീവ പങ്കു വഹിച്ചു. ഡിസംബർ 24 ന് ക്രിസ്മസിനു വേണ്ടി താൽക്കാലികമായി നിറുത്തിവച്ച സത്യാഗ്രഹം 27 ന് പുനരാരംഭിച്ച് 1990 ഫെബ്രുവരിയിൽ നിറുത്തിവച്ചു. അതുകഴിഞ്ഞ് 1990 മാർച്ച് 5 ന് നിരാഹാരസത്യാഗ്രഹം ആരംഭിച്ചു. സെക്രട്ടറിയേറ്റിന് മുമ്പിൽ 6 ദിവസം നിരാഹാര സത്യാഗ്രഹം നടത്തിയത് പി.ഒ.പീറ്റർ ആയിരുന്നു. മെയ് 15 ന് മുഖ്യമന്ത്രി ഇ.കെ. നായനാർ ഇടപെട്ട് രണ്ടു ആനുകൂല്യങ്ങൾ നല്കിക്കൊണ്ട് സമരം അവസാനിപ്പിച്ചു. വിവിധ കോഴ്സുകൾക്കുള്ള എസ്.സി.എസ്.റ്റി.  റിസർവേഷൻ സീറ്റിൽ ഒഴിവ് വരുന്ന സീറ്റുകൾ പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് ലഭിച്ചതും പാരലൽ കോളെജിൽ പഠിക്കുന്ന പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് ലംസംഗ്രാന്റ്,  നേഴ്സിങ് പഠിയ്ക്കുന്ന പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് എന്നിവ അനുവദിച്ചതും അങ്ങനെയാണ്. (എന്നാൽ എസ്.സി.എസ്.റ്റി.  റിസർവേഷൻ സീറ്റിൽ ഒഴിവ് വരുന്ന സീറ്റുകൾ പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് നൽകുന്നത് പിന്നീട് നിറുത്തി ജനറൽ ആക്കി. ഇത് പുനഃസ്ഥാപിക്കണമെന്നുള്ള ആവശ്യം ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ല)


1990 ൽ ഡൽഹിയിൽ രാഷ്ട്രപതി വെങ്കിട്ടരാമൻ, പ്രധാനമന്ത്രി വിപി സിംഹ്, സാമൂഹിക ക്ഷേമ മന്ത്രി റാം വിലാസ് പാസ്വാൻ തുടങ്ങിയവർക്ക് നിവേദനം നല്കുവാൻ പോയ 13 അംഗ സംഘത്തിൽ അദ്ദേഹം അംഗമായിരുന്നു. 2 ലക്ഷം പേർ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിയ്ക്കു നൽകി.  1996 ഓഗസ്റ്റ് 16 ന് ബോട്ട് ക്ലബ് മൈതാനിയിൽ പതിനായിരം പേർ പങ്കെടുത്ത റാലിയും പൊതുസമ്മേളനവും നടത്തുന്നതിനു നേതൃത്വം നല്കിയവരിലൊരാളുമായിരുന്നു അദ്ദേഹം. 2010ൽ നടത്തിയ പാർലമെന്റു മാർച്ചിൽ അദ്ദേഹത്തിനു ലാത്തിയടിയേറ്റ് റാം മനോഹർ ലോഹിയാ ആശുപത്രിയിൽ കിടക്കേണ്ടി വന്നു.  


ഒഡീഷയിലെ കലഹാന്തി ജില്ലയിലെ സിജി മലി മലനിരകളിലെ ആദിവാസികളെയും കർഷകരെയും ഖനന മാഫിയ അക്രമപരമായി കുടിയൊഴിപ്പിക്കുന്ന തിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ നടത്തുന്ന അടിച്ചമർത്തലിനെതിരെയും ജയിലിലടച്ചിരിക്കുന്ന സമരനേതാവും സോഷ്യലിസ്റ്റ് നേതാവുമായ സമാജവാദി ജന പരിഷത്തിൻ്റെ ദേശീയ അദ്ധ്യക്ഷൻ ലിംഗരാജ് ആസാദ് അടക്കമുള്ളവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും കോട്ടയത്ത് ഗാന്ധി പ്രതിമയുടെ സമീപത്ത് അടുത്തിടെ നടത്തിയ സത്യാഗ്രഹമായിരുന്നു അവസാനമായി പങ്കെടുത്ത പൊതു പരിപാടി.


മരണം

2026   ജൂലൈ മദ്ധ്യത്തിൽപി.ഒ പീറ്റർ ഹൃദയാഘാതത്തെ തുടർന്നു പാലാ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തോടൊപ്പം ക്രിയാറ്റിൻ കൂടിയത് ആശങ്കയുളവാക്കിയിരുന്നു അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും കാണേണ്ടവരായിട്ടുള്ളവർ കണ്ടുകൊള്ളാനും ചികിൽസിക്കുന്ന ഡോക്ടർമാർ അറിച്ചു. പക്ഷെ സ്ഥിതി പെട്ടെന്ന് ആശ്വാസകരമായ നിലയിലേയ്ക്ക് വന്നു. 2026   ജൂലൈ 18നുആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി രാമപുരത്തെ സഹോദരിയുടെ വീട്ടിലേയ്ക്കുപോയി. പിന്നീട് പയപ്പാർ പാറയിൽ വീട്ടിൽ വിശ്രമത്തിലായിരുന്നു. വിശ്രമജീവിതം അവസാനിപ്പിച്ച് സമാജവാദിജനപരിഷത്ത് കേരള സംസ്ഥാന സമിതി യോഗം വിളിച്ച് വീണ്ടും പൊതുജീവിതത്തിലേയ്ക്കു പ്രവേശിയ്ക്കുന്നതിനിടെയായിരുന്നു മരണം. 2026 ഒക്ടോബർ 6 ചൊവ്വാഴ്ച ഉച്ചയ്ക്കു അന്തരിച്ച സംസ്കാരം 2026 ഒക്ടോബർ 7 ബുധനാഴ്ച ഉച്ചകഴിഞ്ഞ് പാലാ പയപ്പാറിലുള്ള വസതിയിലെ ശുശ്രൂഷകൾക്കു ശേഷം അന്ത്യാളം സെന്റ് മാത്യു പള്ളി സെമിത്തേരിയിൽ നടന്നു.

കുടുംബം

അവിവാഹിതനായിരുന്നു. സഹോദരങ്ങൾ: ചിന്നമ്മ ഇളംതോട്ടത്തിൽ (പരേത), സെബാസ്റ്റ്യൻ (പരേതൻ), മാത്യു പി ഒ, പി.ഒ ജോസഫ്, ത്രേസ്യാമ്മ ഏറത്ത് (റിട്ട. സെന്റ് ജോസഫ്സ് യുപി സ്കൂള്കണ്ണാടിയുറുമ്പ്), മേരി (റിട്ട. സെന്റ് മൈക്കിൾസ് എച്ച്എസ്എസ് പ്രവിത്താനം, എസ്.വി.ഡി പ്രാര്ഥനാനികേതന്, കടുത്തുരുത്തി, ഏലിയാമ്മ.


പരിണിതപ്രജ്ഞനായ നേതാവ്


പല പ്രലോഭനങ്ങളുണ്ടായിട്ടും അതിൽ നിന്നൊക്കെ വഴിമാറി നടന്ന് ആദർശത്തിന്റെ പക്ഷത്ത് പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്കുമായി  പി ഒ പീറ്റർ തന്റെ  ജീവിതം സമർപ്പിച്ചു വെന്ന് സമാജവാദി ജനപരിഷത്ത് സംസ്ഥാന സമിതി അനുസ്മരിച്ചു.


അടിച്ചമർത്തപ്പെട്ടവരിലെ അവഗണിക്കപ്പെട്ട ദലിത ക്രൈസ്‌തവ സമൂഹത്തിന്റെ അവകാശങ്ങൾക്കുവേണ്ടി നിസ്‌തന്ദ്രമായി പ്രവർത്തിച്ച ത്യാഗധനനായ ഒരാളെയാണ് പി. ഒ. പീറ്ററിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും മുൻ പ്രസിഡന്റുമായ അഡ്വ. ജോഷി ജേക്കബ് അനുശോചിച്ചു.


 സമർപ്പിതമായ സാമൂഹിക രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉത്തമ മാതൃകയായ പി. ഒ. പീറ്ററിന്റെ വിയോഗത്തിലൂടെ നഷ്‌ടമായിരിക്കുന്നത് എന്ന് സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി അഭിപ്രായപ്പെട്ടു.

ലിംഗരാജ് ആസാദിൻ്റെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധസത്യാഗ്രഹം നടത്തി


സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റ് ലിംഗരാജ് ആസാദിന്റെ മോചനം ആവശ്യപ്പെട്ട് 2026 ഓഗസ്‌റ്റ് 9 ന് കോട്ടയം പ്രൈവറ്റ് ബസ് സ്റ്റാന്റിൽ സമാജവാദി ജന പരിഷത്ത് നടത്തിയ പ്രതിഷേധ സത്യാഗ്രഹം പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് അഡ്വ. ജോഷി ജേക്കബ് യോഗം ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം, ൨൦൨൬ ഓഗസ്റ്റ് ൯: സിജി മലിമല നിരകളിൽ വേദാന്ത കമ്പനി ബോക്‌സൈറ്റ് ഖനനം നടത്തുന്നനീക്കത്തിനെതിരായി സമരം ചെയ്യുന്ന തദ്ദേശ വാസികൾക്കു നേതൃത്വം നല്കുന്നതിന്റെ പേരിൽ ഒഡീഷ സർക്കാർ ജയിലിലടച്ചിരിക്കുന്ന പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റുമായ ലിംഗരാജ് ആസാദിനെയും സമര പ്രവർത്തകരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമാജവാദി ജന പരിഷത്ത് കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാദിനമായ 2026 ഓഗസ്‌റ്റ് 9 ന് ഉച്ച കഴിഞ്ഞ് തിരുനക്കര കോട്ടയം പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ പ്രതിഷേധ സത്യാഗ്രഹം നടത്തി. പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് അഡ്വ. ജോഷി ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. 

സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി
സുരേഷ് നരിക്കുനിമുഖ്യപ്രഭാഷണം
 നടത്തുന്നു.


സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ മാർച്ച് 25-ന് അറസ്റ്റു ചെയ്ത ലിംഗരാജ് ആസാദിനെ 138 വസങ്ങളായി അന്യായമായി ജയിലിലിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമരനേതാക്കൾക്കെതിരെയെടുത്തിരിക്കുന്ന വ്യാജ കേസുകൾ പിൻവലിയ്ക്കണമെന്നും അവിടെ നടക്കുന്ന പോലീസ് അതിക്രമങ്ങളെപ്പറ്റിയും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



സംസ്ഥാന വൈസ് പ്രസിഡന്റ് എബി ജോൺ വൻനിലം അദ്ധ്യക്ഷം വഹിച്ചു. സമാജവാദി ജനപരിഷത്ത് സംസ്ഥാന സമിതിയംഗം കെ.എസ്. ചാക്കോ,  കടുത്തുരുത്തി ആസ്ഥാനമായ സമീക്ഷ സാംസ്‌കാരികവേദിയുടെ സെക്രട്ടറി സി. എസ്. ജോർജ് സൈന്ധവ മൊഴി പത്രാധിപർ വി.സി സുനിൽ, സമാജവാദി ജനപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജയ്മോൻ തങ്കച്ചൻ സംസ്ഥാന സെക്രട്ടറി അഡ്വ. രാമൻ മാസ്റ്റർ എന്നിവർ അഭിവാദ്യമർപ്പിച്ച് പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെകട്ടറി ഇ.വി. ജോസഫ് സ്വാഗതവും കോട്ടയം ജില്ലാ സെക്രട്ടറി സജി അബ്രഹം പുകടിയേൽ നന്ദിയും പറഞ്ഞു.

-0-

സോഷ്യലിസ്റ്റ് നേതാവ് ലിംഗരാജ് ആസാദിൻ്റെ ജയിൽ മോചനം ആവശ്യപ്പെട്ട് സമാജവാദി ജന പരിഷത്ത് സത്യാഗ്രഹം നടത്തി

കോട്ടയം, 2026 ഏപ്രിൽ 25: ബോക്‌സൈറ്റ് ഖനന പദ്ധതികൾക്കായി ഒഡീഷയിലെ സിജി മലി വനമേഖലയിലെ ആദിവാസി ജനതയെ നിയമ വിരുദ്ധമായി കുടിയൊഴിപ്പിക്കുന്നതിനെതിരായ ജനാധിപത്യപരവും അഹിംസാധിഷ്ഠിതവുമായ സമരത്തെ നയിച്ചതിന് ഒഡീഷ പോലീസ് അറസ്റ്റു ചെയ്ത സമാജവാദി ജന പരിഷത്ത് ദേശീയ പ്രസിഡൻ്റും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ ലിംഗരാജ് ആസാദിനെ മോചിപ്പിക്കണമെന്നാവശപ്പെട്ട് സമാജവാദി ജനപരിഷത്ത് കേരള സംസ്ഥാന സമിതിയുടെ ആദിമുഖ്യത്തിൽ കോട്ടയത്ത് ഗാസിപ്രതിമയുടെ സമീപത്ത് സത്യാഗ്രഹം അനുഷ്ഠിച്ചു. 


 റായ്ഗഡ, കാലഹണ്ഡി, ബൊലാംഗീർ ജില്ലകളിലെ ആദിവാസി ഗ്രാമപ്രദേശങ്ങളിലെ കുടിയൊഴിപ്പിക്കലുകൾ വന നിയമത്തെയും പെസ നിയമത്തെയും ലംഘിച്ചാണെന്നു് ചൂണ്ടിക്കാട്ടി നിയമവാഴ്ചയ്ക്കു വേണ്ടി ജനാധിപത്യപരമായി പ്രവർത്തിച്ച സോഷ്യലിസ്റ്റ് നേതാവ്‌ ലിംഗരാജ് ആസാദിനെയും മുൻ നിര ആകനായ സുരേഷ് സംഗ്രാമനെയും ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തത് നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്ത സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതി അംഗമായ അഡ്വ. ജോഷി ജേക്കബ് പറഞ്ഞു. 


 കഴിഞ്ഞ മാർച്ച് 25 ഉച്ചക്ക് ഭവാനി പട്ടണത്തിലെ വസതിയിൽ നിന്നാണ് ലിംഗരാജ് ആസാദിനെ അറസ്റ്റ് ചെയ്തത്. സംഘടനയുടെ മുൻനിര പ്രവർത്തകനായ സുരേഷ് സംഗ്രാമിനെയും അന്നു തന്നെ അറസ്റ്റ് ചെയ്തു. അനവധി ഗ്രാമവാസികളും ജയിലിലാണ്. 

സിജി മലി ഗ്രാമവാസികൾക്കെതിരെ പോലീസും അവർ കേസിൽ സഹായിക്കുന്ന ലണ്ടനിൽ ലിസ്റ്റ് ചെയ്ത ബഹുരാഷ്ട്ര കമ്പനിയായ വേദാന്ത റിസോഴ്‌സസിൻ്റെ ആളുകളും ഗ്രാമവാസികൾക്കെതിരെ നടത്തുന്ന ക്രൂരമായ അടിച്ചമർത്തലുകൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 ഏപ്രിൽ 8 ന് ഗ്രാമവാസികൾക്കെതിരെ നടന്ന അതിക്രമങ്ങളെപ്പറ്റി ജൂഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടാൻ ഉഡീഷ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 


 സമാജവാദി ജനപരിഷത്ത് കേരള സംസ്ഥാന സമിതി പ്രസിഡൻ്റ് പി. ഒ. പീറ്റർ അദ്ധ്യക്ഷനായിരുന്നു. എബി ജോൺ വൻ നിലം, അഡ്വ. ജയ്മോൻ തങ്കച്ചൻ, അഡ്വ. മാത്യു അലക്സാണ്ടർ, കെ. എസ് ചാക്കോ, സജി അബ്രാഹം പുകടിയിൽ, ബീന ഷാജി എന്നിവർ പ്രസംഗിച്ചു.

രക്തസാക്ഷിത്വ ദിനാചരണവും ഉപവാസവും സംഘടിപ്പിച്ചു

 കൂത്താട്ടുകുളത്ത് സമാജവാദി ജനപരിഷത്തിന്റെയും ജയഹിന്ദ് പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും ഉപവാസവും നടന്നു


കൂത്താട്ടുകുളം, ജനുവരി 30:  മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളത്ത് സമാജവാദി ജനപരിഷത്തിന്റെയും ജയഹിന്ദ് പ്രസ്ഥാനത്തിന്റെയും ആഭിമുഖ്യത്തിൽ ഉപവാസം സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും  രാംധുൻ ആലാപനവും ഗാന്ധിജി അനുസ്മരണവും അതിന്റെ ഭാഗമായി നടന്നു.


കൂത്താട്ടുകുളം രക്തസാക്ഷി മണ്ഡപത്തിന് എതിർവശത്ത് വൈഎംസിഎ യുടെ മുൻവശത്ത് രാവിലെ പത്തര മുതൽ നാലുമണി വരെ നടത്തിയ ഉപവാസയോഗം സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതിയംഗവും മുൻ ദേശീയ പ്രസിഡന്റുമായ അഡ്വ ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പീറ്റർ അദ്ധ്യക്ഷനായിരുന്നു. 


 സംസ്ഥാന ഉപാദ്ധ്യക്ഷനും ജയ്ഹിന്ദ് പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനുമായ എബി ജോൺ വൻനിലം, സമാജവാദി ജനപരിഷത്ത് സംസ്ഥാന സെക്രട്ടറി അഡ്വ. രാമൻ മാസ്റ്റർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുൻ നഗരസഭാ കൗൺസിലറും സിപിഐ നേതാവുമായ ഏ എസ് രാജൻ, മുൻ നഗരസഭാ കൗൺസിലറും മദ്യനിരോധനസമിതി നേതാവുമായ സി.എ തങ്കച്ചൻ, സ്വാമി ഗായത്ര്യം, ജയ്ഹിന്ദ് പ്രസ്ഥാനത്തിന്റെ നേതാക്കൾ   രാജു നടപ്പറമ്പിൽ, റോയി ചുമ്മാർ, ജോൺസൻ ചെന്തട്ടേൽ, ജോളി മോൻ, സോഷ്യലിസ്റ്റ് നേതാക്കൾ കെ.എസ് ചാക്കോ, തമ്പി നാരേകാട്ട്, ജോൺ ജോസഫ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.

ജനുവരി 30 രക്തസാക്ഷിത്വ ദിനാചരണം.

 ജയ് ഹിന്ദ് പ്രസ്ഥാനത്തിൻ്റെയും സമാജവാദി ജന പരിഷത്തിൻ്റെയും ആഭിമുഖ്യത്തിൽ ഉപവാസം


 കൂത്താട്ടുകുളം രക്തസാക്ഷി മണ്ഡപത്തിന് എതിർവശത്ത് വൈഎംസിഎ വളപ്പിൽ. 


 2026  ജനുവരി 30 ന് രാവിലെ പത്തര മണിയ്ക്ക് 


▫️ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ഇസ്ലാമികത്വ വർഗീയവാദികൾ നടത്തുന്ന അക്രമങ്ങൾ തടയുക. 


▫️ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ഹിന്ദുത്വവാദി വർഗീയ ഫാഷിസ്റ്റ് അക്രമങ്ങൾ അവസാനിപ്പിയ്ക്കുക.


▫️ആഗോള മുതലാളിത്ത ചൂഷണ ശക്തികൾക്കു വേണ്ടി  ബോധപൂർവം ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്നതിനെ എതിർക്കുക.


▫️അമേരിക്കയുടെ ആഗോള മുതലാളിത്ത മേൽക്കോയ്മ അസഹനീയമാം വിധം വർദ്ധിക്കുന്നതിനെ ചെറുക്കുക.


▫️ ഗാന്ധിജിയ്ക്കും മറ്റു സ്വാതന്ത്ര്യ സമര ദേശീയ നേതാക്കൾക്കും എതിരെ അഴിച്ചുവിട്ടിരിയ്ക്കുന്ന ദുഷ്പ്രചരണങ്ങളെയും അവഹേളനങ്ങളെയും മറ്റ് ആക്രമണങ്ങളെയും ചെറുക്കുക. 


▫️മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുക.


▫️രാജ്യത്തിൻ്റെ ഫെഡറലിസം സംരക്ഷിക്കുക


▫️തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ മാറ്റം പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെടുക.


▫️ സർവ ധർമ്മ സമഭാവനയും വിശ്വ ശാന്തിയും ഉയർത്തിപ്പിടിക്കുക.

ഇന്ത്യൻ റിപ്പബ്ലിക്ക് 76 വയസ്സ് പൂർത്തിയാക്കി


നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത ശേഷം ഇന്ത്യൻ യൂണിയൻ ജനാധിപത്യ റിപ്പബ്ലിക്കൻ ഭരണഘടനയോടെ 1950 ജനുവരി 26നു് ഇന്ത്യൻ റിപ്പബ്ലിക്ക് എന്നപേരില്‍ പരമാധികാര രാഷ്ട്രമായി.

സ്വതന്ത്ര്യം നേടിയ 1947 മുതൽ 1950 വരെയുള്ള കാലയളവിൽ ബ്രിട്ടന്റെ ജോർജ്ജ് നാലാമൻ പേരിനു് ഇന്ത്യയുടെയും രാജാവായിരുന്നു. ഇന്ത്യൻ യൂണിയന്റെ ഔദ്യോഗിക തലവൻ രാജാവിന്റെ പ്രതിനിധിയായ ഗവർണർ ജനറലായിരുന്നു. ഇന്ത്യൻ സർക്കാരിന്റെ ശുപാർശയിലാണ് ഗവർണർ ജനറലിന്റെ നിയമനം ബ്രിട്ടീഷ് രാജാവ് നടത്തിയിരുന്നത്. 1948-ൽ മൗണ്ട്ബാറ്റൺ പ്രഭുവിന്റെ പിൻഗാമിയായി ഇന്ത്യയുടെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്ത സി. രാജഗോപാലാചാരി 1950 ജനുവരി 26വരെ തുടർന്നു.1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി.

ഇന്ത്യൻ റിപ്പബ്ലിക്ക് 76 വയസ്സ് പൂർത്തിയാക്കി 77ലേയ്ക്കു കടന്നിരിയ്ക്കുന്നു. ഇന്ത്യൻ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് നീണാൾ വാഴട്ടെ!