കര്‍ഷക മുന്നേറ്റ പ്രഖ്യാപന സമ്മേളനം അമർനാഥ് ഭായി ഉദ്ഘാടനം ചെയ്തു

ദേശീയ കർഷക ഏകോപന സമിതിയുടെയും കേരള കർഷകമുന്നണിയുടെയും ആഭിമുഖ്യത്തിൽ കോട്ടയത്ത് തിരുനക്കര പോലീസ് സ്റ്റേഷൻ മൈതാനത്തു് ജനുവരി 23 തിങ്കളാഴ്ച നടന്ന കർഷകമുന്നേറ്റ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു് രാജ്യത്തെ മുതിർന്ന സർവോദയനേതാവു് അമർനാഥ് ഭായി സംസാരിയ്ക്കുന്നു.
കോട്ടയം- ദേശീയ കർഷക ഏകോപന സമിതിയുടെയും (National Farmers Co-ordination Committee) കേരള കർഷകമുന്നണിയുടെയും ആഭിമുഖ്യത്തിൽ കോട്ടയത്ത് കിഷൻ പട്‌നായക് നഗരിയിൽ (തിരുനക്കര പോലീസ് സ്റ്റേഷൻ മൈതാനം) ജനുവരി 23 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു് മൂന്നുമണിയ്ക്കു് നടന്ന കർഷകമുന്നേറ്റ പ്രഖ്യാപന സമ്മേളനം രാജ്യത്തെ മുതിർന്ന സർവോദയ നേതാവു് അമർനാഥ് ഭായ് ഉദ്ഘാടനം ചെയ്തു.

ജനുവരി 21, 22, 23 തീയതികളിലായി കോട്ടയത്തു് മാങ്ങാനത്തുനടന്ന ദേശീയ കർഷക ഏകോപന സമിതിയുടെ യോഗത്തിന്റെ സമാപനത്തോടനുബന്ധിച്ചാണു് കർഷകമുന്നേറ്റ പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചതു്. ദേശീയ കർഷക ഏകോപന സമിതിയുടെ കൺവീനർ വിവേകാനന്ദ് മാഥനെ കർഷകമുന്നേറ്റ പ്രഖ്യാപനം നടത്തി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ കർഷകനേതാക്കൾക്കു് സമ്മേളനത്തിൽ സ്വീകരണം നല്കി.
സമാജവാദി ജനപരിഷത്തിന്റെ ദേശീയ പ്രസിഡന്റും കേരള കർഷകമുന്നണിയുടെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ജോഷി ജേക്കബ് അദ്ധ്യക്ഷനായിരുന്നു. കേരളഗ്രാമശക്തിയുടെയും സംസ്ഥാന പ്രകൃതി-കർഷക സമിതിയുടെയും പ്രസിഡന്റായ എം കുര്യന്റെ നേതൃത്വത്തിൽ കർഷകനേതാക്കളെ പച്ചഷാളണിയിച്ചു് സ്വീകരിച്ചു. കേരളഗ്രാമശക്തി ജനറൽ കൺവീനർ സുരേഷ് നരിക്കുനി സ്വാഗതം ആശംസിച്ചു.





കര്‍ഷകമുന്നേറ്റ പ്രഖ്യാപന സമ്മേളനം

കർഷക മുന്നേറ്റ പ്രഖ്യാപന സമ്മേളനം അമർനാഥ് ഭായ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കർഷകർ നമ്മുടെ നാടിന്റെ ജീവ നാഡിയാണെന്ന് ഇന്ത്യയിൽ ജീവിച്ചിരിയ്ക്കുന്ന ഗാന്ധിയന്മാരിൽ പ്രമുഖനും സർവസേവാസംഘത്തിന്റെയും ഗാന്ധി പീസ് ഫൗണ്ടേന്റെയും പ്രധാന നേതാവുമായ അമർനാഥ് ഭായി പ്രസ്താവിച്ചു. ദേശീയ കർഷക ഏകോപന സമിതിയുടെ കിഷൻ പട്നായക് നഗരിയിൽ (കോട്ടയം തിരുനക്കര മൈതാനം) വച്ച് നടന്ന കർഷക മുന്നേറ്റ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണാധികാരികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വികസന നയം കർഷകന്റെ അന്തകനാണ്, എന്ന് അദ്ദേഹം പറഞ്ഞു. ഈ വികസന നയം അടിത്തറയില്ലാത്തതും പരിസ്ഥിതി വിനാശവും തൊഴിലില്ലായ്മ വർധിപ്പിക്കുന്നതും ഭാവി ഇല്ലാത്തതും എല്ലാ വിധമായ അസമത്വങ്ങൾ നിലനിർത്തുന്നതുമാണ്. നമ്മുടെ രാജ്യത്തെ കോടിക്കണക്കിനുനരുന്ന സാധാരണജനങ്ങൾക്കുവേണ്ടിയല്ല മറിച്ച് സ്വദേശ വിദേശ കോർപറേറ്റുകൾക്കുവേണ്ടിയാണു മോദിയുടെ സാമ്പത്തിക നിലകൊള്ളുന്നതെന്നു് 1970 കളിലെ ജേപ്പി പ്രസ്ഥാനത്തിൽമുൻനിര പ്രവർത്തകനും ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ (എൻ എ പി എം) പ്രധാനനേതാക്കളിലൊരാളുമായ അദ്ദേഹം കൂട്ടിച്ചേർത്തു.

സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ കർഷക ഏകോപന സമിതി കൺവീനർ വിവേകാനന്ദ് മാഥനേ (അമരാവതി, മഹാരാഷ്ട്ര), ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഹർപാൽ സിംഹ് റാണ (ദില്ലി), ഭാരതീയ കിസാൻ ഉൽക്കർഷ സമിതി കൺവീനർ ഹേമന്തകുമാർ പഞ്ചൽ (കർണാടക), പലേക്കർ കൃഷി പ്രചാരകനും കർഷക സമരങ്ങളുടെ മുൻ നിരയിലും പ്രവർത്തിക്കുന്ന സമാജവാദി ജനപരിഷത്ത് നേതാവായ അരുൺറായ് സിംഹ് (കുച്ച്ബീഹാർ), ആസാദി ബച്ചാവോ ആന്ദോളന്റെ മുഖ്യനേതാവ് മനോജ് ത്യാഗി (അലഹബാദ്), രാഷ്ട്രീയ സേവാ മിഷന്റെ കോ ഓഡിനേറ്റർ രാജേന്ദ്ര സിംഹ് (ആഗ്ര), ആസാദി ബച്ചാവോ ആന്ദോളൻ സ്ഥാപക അംഗം സത്യപ്രകാശ് ഭാരത് (ദില്ലി), ഡോ.ജൈലാനി (തമിഴ് നാട്), ദില്ലി മെട്രോ കോറിഡോർ സ്ഥലമെടുപ്പിനെതിരെ ദില്ലി ഹരിയാണ ഉത്തര പ്രദേശ് എന്നീ സംസ്ഥാനങ്ങളുൾപ്പെട്ട സമരത്തിന്റെ നേതാവും രാഷ്ട്രീയ സേവാ മിഷൻ നേതാവ് സുനിൽ ഫൗജി ( നോയിഡ), ഡോ. മിഥിലേഷ് ഡാംഗി (ഉത്തര പ്രദേശിലെ കർഷക നേതാവ്), സമാജവാദി ജനപരിഷത്ത് നേതാവും ദേശീയ കർഷക ഏകോപന സമിതിയുടെ ഭാരവാഹിയുമായ വികാസ് ചൗഹാൻ (ജൽപായ്ഗുഡി, ബംഗാൾ), സ്ത്രീകളുടെ മുന്നേറ്റത്തിന് പ്രവർത്തിക്കുന്ന ബബിതാ ബാട്ടി (നോയിഡ), ഡോ. അഭിലാഷ (അമരാവതി, മഹാരാഷ്ട്ര), അഡ്വ. നീരജ് (ഡൽഹി), പ്രീത് സിംഹ് (ഡൽഹി), എം കുര്യൻ, എബി ജോൺ വൻനിലം, പി എ കുട്ടപ്പൻ, കുരുവിള ജോൺ , സന്തോഷ് ചേന്നാട്, ഷീലാ ജഗദ്-ധരൻ, ശിവൻ മഞ്ചറമ്പത്ത് എന്നിവർ പ്രസംഗിച്ചു. സുരേഷ് നരിക്കുനി സ്വാഗതവും ജയ്മോൻ തങ്കച്ചൻ നന്ദിയും പറഞ്ഞു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ കർഷകനേതാക്കൾക്കു് സമ്മേളനത്തിൽ സ്വീകരണവും സംഘടിപ്പിച്ചിരുന്നു.



കർഷകർ നാടിന്റെ ജീവനാഡി:അമർനാഥ് ഭായി
കോട്ടയം: കർഷകർ നമ്മുടെ നാടിന്റെ ജീവ നാഡിയാണെന്ന് ഇന്ത്യയിലെ മുതിർന്ന സർവോദയ നേതാവും ഗാന്ധി പീസ് ഫൗണ്ടേൻ നേതാവുമായ അമർനാഥ് ഭായി. ദേശീയ കർഷക ഏകോപന സമിതിയുടെ കിഷൻ പട്നായ്ക് നഗരിയിൽ (കോട്ടയം തിരുനക്കര മൈതാനം) വെച്ച് നടന്ന കർഷക മുന്നേറ്റ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ ഭരണാധികാരികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വികസന നയം കർഷകന്റെ അന്തകനാണ്. ഈ വികസന നയം അടിത്തറയില്ലാത്തതും പരിസ്ഥിതി വിനാശവും തൊഴിലില്ലായ്മ വർധിപ്പിക്കുന്നതും ഭാവി ഇല്ലാത്തതും എല്ലാ വിധമായ അസമത്വങ്ങളും നിലനിർത്തുന്നതുമാണെന്ന് ഇന്ത്യയിലെ മുതിർന്ന സർവോദയ നേതാവും ഗാന്ധി പീസ് ഫൗണ്ടേൻ നേതാവുമായ അമർനാഥ് ഭായി പറഞ്ഞു. സമാജ്‍‍വാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ കർഷക ഏകോപന സമിതി കൺവീനർ വിവേകാനന്ദ് മാത്തനേ (മഹാരാഷ്ട്ര), ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഹർപാൽ സിങ് (ദില്ലി), ഭാരതീയ കിസാൻ ഉൽക്കർഷ സമിതി കൺവീനർ ഹേമന്തകുമാർ (കർണാടക), പലേക്കർ കൃഷി വ്യാപിപ്പിക്കുന്നതിനും കർഷക സമരങ്ങളുടെ മുൻ നിരയിലും പ്രവർത്തിക്കുന്ന സമാജ്വാദദി ജനപരിഷത്തിന്റെ നേതാവ് അരുൺ റായ് സിങ് (കുച്ച്ബീഹാർ), ആസാദി ബച്ചാവോ ആന്ദോളന്റെ മുഖ്യനേതാവ് മനോജ് ത്യാഗി (അലഹബാദ്), രാഷ്ട്ാരീയ സേവാ മിഷന്റെ കോ ഓഡിനേറ്റർ രാജേന്ദ്ര സിങ് (ആഗ്ര), ആസാദി ബച്ചാവോ ആന്ദോളൻ സ്ഥാപക അംഗം സത്യപ്രകാശ് ഭാരത് (ദില്ലി), ഡോ.ജൈലാനി (തമിഴ് നാട്), ഡോ. മിഥിലേഷ് ഡാംഗി (യുപി യിലെ കർഷക നേതാവ്). രാഷ്ട്രീയ സേവാ മിഷൻ നേതാവ് സുനിൽ ഫൗജി ( നോയിഡ), സമാജ്വാദി ജനപരിഷത്ത് നേതാവ് വികാസ് ചൗഹാൻ (ബംഗാൾ), സ്ത്രീകളുടെ മുന്നേറ്റത്തിന് പ്രവർത്തിക്കുന്ന ബബിതാബാട്ടി (നോയിഡ), ഡോ. അഭിലാഷ ( മഹാരാഷ്ട്ര), അഡ്വ. നീരജ്, പ്രീത്സിംങ് (ഡൽഹി), എം കുര്യൻ, എബി ജോൺ വൻനിലം, പി എ കുട്ടപ്പൻ, കുരുവിള ജോൺ സംസാരിച്ചു.
തേജസ് 2017 ജനുവരി 25


ദേശീയ കർഷക ഏകോപന സമിതിയുടെ കൺവീനർ വിവേകാനന്ദ് മാഥനെ കർഷകമുന്നേറ്റ പ്രഖ്യാപനം നടത്തുന്നു.


ഫോട്ടോ: ദീപിക 2017 ജനുവരി 24

കേന്ദ്ര നയങ്ങൾ കർഷക ഭാവി നശിപ്പിയ്ക്കും
കോട്ടയം ● കേന്ദ്രസർക്കാരിന്റെ സാമ്പത്തിക, കാർഷിക നയം കർഷകരുടെ ഭാവി നശിപ്പിയ്ക്കുമെന്നു് പ്രമുഖ ഗാന്ധിയൻ അമർനാഥ് ഭായ്.ദേശീയ കർഷക ഏകോപന സമിതി കർഷക മുന്നേറ്റ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനകത്തും പുറത്തുമുള്ള കോർപറേറ്റുകൾക്കുവേണ്ടിയാണു മോദിയുടെ സാമ്പത്തിക നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

സമാജ് വാദി ജനപരിഷത് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ് അധ്യക്ഷത വഹിച്ചു. ദേശീയ കർഷക ഏകോപന സമിതി കൺവീനർ വിവേകാനന്ദ് മാത്തനെ, ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഹർപാൽ സിങ് റാണ, ഹേമന്തകുമാർ, അരുൺറായ് സിങ് , മനോജ് ത്യാഗി, രാജേന്ദ്ര സിംങ്, സത്യപ്രകാശ് ഭാരത്, ഡോ.ജൈലാനി, ഡോ. മിഥിലേഷ് ഡാംഗി, സുനിൽ ഫൗജി, വികാസ് ചൗഹാൻ, ബബിതാബാട്ടി, ഡോ. അഭിലാഷ, എം കുര്യൻ, എബി ജോൺ വൻനിലം, പി എ കുട്ടപ്പൻ, കുരുവിള ജോൺ, സന്തോഷ് ചേന്നാട്, ഷീലാ ജഗദ്-ധരൻ, ശിവൻ മഞ്ചറമ്പത്ത്, സുരേഷ് നരിക്കുനി, ജയ്‌മോൻ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

മലയാള മനോരമ 2017 ജനുവരി 25

നോട്ട് നിരോധനം: റിസര്‍വ് ബാങ്ക് റീജനല്‍ ഓഫിസിനു മുമ്പില്‍ സത്യാഗ്രഹം നടത്തി

കേന്ദ്ര സർക്കാറിന്റെ നോട്ട് പിൻവലിക്കൽ മറയാക്കി നടത്തുന്ന കോർപ്പറേറ്റ് കൊള്ളയ്‌ക്കെതിരെ തിരുവനന്തപുരത്ത് റിസെർവ് ബാങ്ക് റീജണൽ ആപ്പീസിനു മുമ്പിൽ 2017 ജനുവരി 12 വ്യാഴാഴ്ച സമാജവാദി ജനപരിഷത്തും കേരള ജനതാ പാർട്ടിയും ചേർന്ന് നടത്തിയ സത്യാഗ്രഹം സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

സമാജവാദി ജനപരിഷത്തിന്റെ ദേശീയ നിർവ്വഹണ സമിതി 2017 ജനുവരി 7, 8 തീയതികളില്‍ നടന്നു

സമാജവാദി ജനപരിഷത്തിന്റെ ദേശീയ നിർവ്വഹണ സമിതി 2017 ജനുവരി 7, 8 തീയതികളില്‍ മദ്ധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിലെ ഇട്ടാർസിയുടെ സമീപത്തുള്ള കേസലയിൽ ചേർന്നു.
ദേശീയ നിർവ്വഹണ സമിതി യോഗത്തില്‍ പങ്കെടുത്ത വിക്രമ മൗര്യ, അഫ്ലാത്തൂൺ, ഡോ. സ്വാതി, അലോക് സാഗർ, ജോഷിജേക്കബ് എന്നിരാണു് ചിത്രത്തില്‍ .
മുൻ റിസര്‍വ് ബാങ്ക് ഗവർണർ രഘുറാംരാജന്റെ ഗുരുവായിരുന്ന അലോക് സാഗർ. ഐ.ഐ.റ്റി. അദ്ധ്യാപനം ഉപേക്ഷിച്ച് ആദിവാസികൾക്കൊപ്പമാണു് ജീവിക്കുന്നതു്.
കടപ്പാട് ജോഷി ജേക്കബ്

ജനങ്ങളെ ദുരിതത്തിലാക്കിയ നിര്‍നാണയീകരണം നടപ്പാക്കുന്നതു് മുതലാളിത്ത, ആഗോളീകരണ നയങ്ങളുടെ ഭാഗം


സമാജവാദി ജനപരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി എബി ജോണ്‍ വന്‍നിലം കേരള ജനതാപാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പി എ കുട്ടപ്പന്‍ , ജനറല്‍ സെക്രട്ടറി അബ്ദുല്‍സമദ് കൊടുവള്ളി എന്നിവര്‍ 2017 ജനുവരി 9-നു് കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ നല്കിയ സംയുക്ത പ്രസ്താവന ചുവടെ. സമാജവാദി ജനപരിഷത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എം എന്‍ തങ്കപ്പന്‍, കേരള ജനതാപാർട്ടിയുടെ സംസ്ഥാന സമിതിയംഗം സന്തോഷ് ചേന്നാട് എന്നിവരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്കുനേരെയുള്ള പ്രത്യക്ഷവും ചരിത്രത്തിലെ തന്നെ ഏറ്റവും വലുതുമായ ഒരു അതിക്രമമാണ് നോട്ട് അസാധുവാക്കൽ നടപടിയിലൂടെ ബി.ജെ.പി നേതാവ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി നയിക്കുന്ന എന്‍. ഡി. എ സർക്കാർ നടത്തിയിട്ടുള്ളത്. കോർപ്പറേറ്റ് കമ്പനികൾക്കും സ്വകാര്യ കുത്തക ബാങ്കുകൾക്കും അതിവേഗം സ്വകാര്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഏതാനും പൊതുമേഖലാ ബാങ്കുകൾക്കും വേണ്ടി മുതലാളിത്ത, ആഗോളീകരണ നയങ്ങളുടെ ഭാഗമായിട്ടാണ് രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയ നിര്‍നാണയീകരണം നടപ്പാക്കുന്നതു്.

ഇന്റർനെറ്റ് ബാങ്കിങ് സേവനം നൽകുന്ന ഈ മേഖലയിലെ കുത്തക കമ്പനികൾക്ക് വേണ്ടിയാണ് കറൻസിയുടെ 86 ശതമാനവും പിൻവലിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്. പേ.റ്റി.എം, റിലയൻസിന്റെ പെയിമെന്റ് ബാങ്ക് തുടങ്ങിയവ നോട്ട് അസാധുവാക്കിയതിനോട് അടുത്ത ദിവസങ്ങളിൽ നിലവിൽ വന്നതു് യാദൃശ്ചികമല്ല. വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് നിർലോഭമായി വായ്പ കൊടുത്ത ലക്ഷകണക്കിന് കോടി രൂപ തിരിച്ച് പിടിയ്ക്കാതെ നിഷ്‌ക്രീയ ആസ്തിയായി പ്രഖ്യാപിക്കുകയും അതേ സമയം ബാങ്കുകളുടെ കരുതൽ മൂലധന ശേഷി ഉയർത്താൻ ജനങ്ങൾ കൈയ്യിൽ സൂക്ഷിച്ച പണം മുഴുവൻ ബാങ്കിൽ എത്തിക്കുകയുമാണ് സർക്കാർ ചെയ്തത്. ജനങ്ങൾ ബാങ്കിലേക്ക് തിരികെ ഏൽപ്പിച്ച പണം തിരിച്ചു നൽകാതെ കുത്തക ഇലക്‌ട്രോണിക് ബാങ്കിങ് കമ്പനികളുടെ സേവനങ്ങളുടെ അടിമകളാകുന്നതിന് സർക്കാർ ജനങ്ങളെ നിർബന്ധിയ്ക്കുകയാണ്. സാമ്പത്തിക ഫാസിസമാണ് സർക്കാർ നടത്തികൊണ്ടിരിക്കുന്നത്. കള്ളപ്പണത്തിന് നേരെയുള്ള മിന്നൽ ആക്രമണം എന്ന സർക്കാരിന്റെ അവകാശവാദം മുഴുവൻ തെറ്റായിരുന്നുവെന്നാണ് പിന്നീടുള്ള സംഭവങ്ങൾ കാണിക്കുന്നത്. അസാധുവാക്കിയ പണത്തിന്റെ 97ശതമാനവും നോട്ടുമാറ്റംവഴി തിരിച്ചെത്തി കഴിഞ്ഞുവെന്നു് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സർക്കാരിന്റെ ഈ നടപടിമൂലം കോടികണക്കിന് വരുന്ന കർഷകരും ചെറുകിട കച്ചവടക്കാരും അസംഘിടത മേഖലകളിലെ തൊഴിലാളികളും ഭീകരമായ ജീവിത തകർച്ചയെ നേരിടുകയാണ്. കോടികണക്കിന് രൂപയുടെ നഷ്ടമാണ് ഇവർക്ക് ഉണ്ടായിട്ടുള്ളത്. ദുരന്തമനുഭവിക്കുന്ന ഈ വിഭാഗങ്ങൾക്ക് സർക്കാർ അടിയന്തിരമായി നഷ്ടപരിഹാരം കൊടുക്കേണ്ടതുണ്ട്. ഈ ആവശ്യം ഉന്നയിച്ചും കാശില്ലാ പണമിടപാട് നയം അടിച്ചേല്പിയ്ക്കരുതെന്നും ജനങ്ങളിൽ നിന്ന് ബാങ്കിലടപ്പിച്ചെടുത്ത പണം ആവശ്യം പോലെ തിരിച്ച് നൽകണമെന്നും ഭക്ഷ്യ സുരക്ഷാനിയമം നടപ്പിലാക്കുന്നതിന്റെപേരില്‍ റേഷന്‍ വിതരണത്തിലുണ്ടാക്കിയ മുടക്കം തീര്‍ക്കണമെന്നും ആവശ്യപ്പെട്ടു് സമാജവാദി ജനപരിഷത്തിന്റെയും കേരള ജനതപാർട്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 12-ന് തിരുവനന്തപുരത്തു് റിസെര്‍വ് ബാങ്കിനുമുമ്പില്‍ സത്യാഗ്രഹം നടത്തുന്നതാണ്.

എൻ.കെ. ഗംഗാധരൻ അന്തരിച്ചു


തൃശൂർ: ഗാന്ധിയനും സോഷ്യലിസ്റ്റ് പ്രവർത്തകനുമായ എൻ.കെ. ഗംഗാധരൻ (82) 2016, നവംബർ 3നു് അന്തരിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി കെ. ചന്ദ്രശേഖരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം പി.എസ്.സി. അംഗം, ഗവ. അഡീഷണൽ സെക്രട്ടറി, ഡോ. ലോഹ്യ സ്റ്റഡിസെന്റർ സ്ഥാപകാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ കൊടുങ്ങല്ലൂർ ഐക്കരപ്പറമ്പിൽ കരുണാകര മേനോന്റെയും നെടുംപുരത്ത് കളപ്പുരയ്ക്കൽ മീനാക്ഷിയമ്മയുടെയും മകനാണ്. ഒല്ലൂർ ഇളംതുരുത്തി 'കരുണ' യിലായിരുന്നു താമസം.

സമാജവാദി ജനപരിഷത്തിന്റെ ഒരു മുൻനേതാവായിരുന്ന ഭായി വൈദ്യ രൂപവല്ക്കരിച്ച സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ)യുടെ സംസ്‌ഥാന ഭാരവാഹി, ലോഹ്യ വിചാരവേദി ജില്ലാ പ്രസിഡന്റ്, അച്യുതമേനോൻ സൊസൈറ്റി ഫോർ ഹ്യൂമൺ ആക്ഷൻ പ്രസിഡന്റ്, പി.എസ്.സി. ഫോറം ഓഫ് ഫോർമർ മെമ്പേഴ്സ് വൈസ് പ്രസിഡന്റ് തിരുവനന്തപുരം പി. വിശ്വംഭരൻ ഫൗണ്ടേഷൻ, ഗാന്ധിപീസ് ഫൗണ്ടേഷൻ, പൂർണോദയ ബുക്ക് ട്രസ്റ്റ്, തൃശൂർ സഹൃദയവേദി എന്നിവയുടെ ലൈഫ് മെംബർ, ജില്ല പൗരസമിതി, മദ്യനിരോധന സമിതി എന്നിവയുടെ എക്സി. കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

1957 മാർച്ച് 26നു സെക്രട്ടേറിയറ്റിൽ രണ്ടാം ഗ്രേഡ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 1989ൽ അഡീഷണൽ സെക്രട്ടറിയായി വിരമിച്ചു. കെഎസ്എഫ്ഇയിലും കേരള ചലച്ചിത്ര വികസന കോ ർപറേഷനിലും ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്നു. 1975ൽ മികച്ച സേവനത്തിനുള്ള ഗുഡ് സർവീസ് എൻട്രി ലഭിച്ചു. 64–65 കാലഘട്ടത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ അതിർത്തി റോഡ് വികസന ബോർഡിനു കീഴിൽ സിക്കിമിലും സേവനം ചെയ്തു. കേരള എൻജിഒ സെന്ററിന്റെ രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ചു. അടിയന്തിരാവസ്‌ഥയുടെ 25–ാം വാർഷികത്തോടനുബന്ധിച്ചു 2000ൽ തൃശൂരിൽ എൻ.കെ. ഗംഗാധരൻ സംഘടിപ്പിച്ച പ്രദർശനവും പൊതുപരിപാടികളും ശ്രദ്ധ നേടിയിരുന്നു.


നിരവധി സാമൂഹിക-പരിസ്ഥിതി, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: മാലതി. മക്കൾ: മീന, ഗീത. മരുമക്കൾ: മാധവൻ, രമേഷ്.

പി.ബി.ആർ.പിള്ള അന്തരിച്ചു

പി.ബി.ആർ.പിള്ള
ചിത്രത്തിനു് കടപ്പാടു് കേരള നിയമസഭയോടു്
കോട്ടയം -- ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ രണ്ടുതവണ നിയമസഭയിൽ പ്രതിനിധീകരിച്ച മുൻ സോഷ്യലിസ്റ്റ് എം.എൽ.എ പി.ബി.ആർ.പിള്ള (പി.ബി.രാമൻപിള്ള) ഏപ്രിൽ 25ആം തീയതി തിങ്കളാഴ്ച (കൊല്ലവര്‍ഷം 1191 മേടം12) അന്തരിച്ചു. 85 വയസായിരുന്നു. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം ഏപ്രിൽ 10-നു് ചികിത്സയ്ക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ ബസ്സ് ഇടിച്ചു് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കോട്ടയത്തിനടുത്ത് കുമ്മനത്ത് സഹോദരി സരസ്വതിയമ്മയുടെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിറ്റേന്നു് ഏപ്രിൽ 25ആം തീയതി ചൊവ്വാഴ്ച വൈകീട്ട് നാലുമണിയ്ക്കു് ഔദ്യോഗിക ബഹുമതികളോടെ കോട്ടയത്തെ അയ്മനം മര്യാത്തുരുത്തിലെ പുതുവായിൽ വീട്ടുവളപ്പിൽ നടന്നു.

കോട്ടയത്തെ അയ്മനത്തിനടുത്തുള്ള മര്യാത്തുരുത്തിലെ പുതുവാ കുടുംബാംഗമായ പി.ബി.ആർ.പിള്ള കൊല്ലവര്‍ഷം 1106 മേടം 19നു് പി.എസ്.കൃഷ്ണപിള്ളയുടെ മകനായി ജനിച്ചു. അവിവാഹിതനായിരുന്നു. സഹോദരങ്ങൾ പരേതനായ പി കെ കൃഷ്ണപിള്ള, സരസ്വതിയമ്മ എന്നിവരാണു്.

രാഷ്ട്രീയ രംഗത്ത്

സി.എം.എസ്. കോളജ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. പിന്നീടു് വിദ്യാർഥി കോൺഗ്രസിലൂടെ (Students Congress) വിദ്യാർഥിരാഷ്ട്രീയ രംഗത്തെത്തി. 1951ൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്ന അദ്ദേഹം അതിന്റെ വിവിധകാലത്തെ മുഖങ്ങളായ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി (ഐ.എസ്.പി.), പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി.), സോഷ്യലിസ്റ്റ് പാർട്ടി (1955), സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (എസ്.എസ്.പി.), സോഷ്യലിസ്റ്റ് പാർട്ടി, ജനതാ പാർട്ടി, ജനതാദൾ എന്നീ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നാലാം കേരള നിയമ സഭയിലും (1970 - 1977) അഞ്ചാം കേരള നിയമ സഭയിലും (1977 - 1979) ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തു. 1970-ൽ സോഷ്യലിസ്റ്റ് പാർട്ടി (SOP) സ്ഥാനാർഥിയായി മത്സരിച്ചു് 23171 വോട്ടു നേടി കേരള കോൺഗ്രസിലെ (KEC) എം.എം. ജോസഫിനെയും (18130വോട്ടു്) സ്വതന്ത്രനായ ജോർജ് ജോസഫ് പൊടിപാറയെയും തോൽപ്പിച്ചു. 1977-ൽ മറ്റൊരു ത്രികോണമത്സരത്തിൽ പി.ബി.ആർ.പിള്ള ജനതാ പാർട്ടി (BLD ചിഹ്നത്തിൽ) സ്ഥാനാർഥിയായി മത്സരിച്ചു് 23,795 വോട്ടു നേടി കോൺഗ്രസിലെ (INC) എം.സി.ഏബ്രാഹാമിനെ 242 വോട്ടുകൾക്ക് തോൽപ്പിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ജോർജ്ജ് ജോസഫ് പൊടിപാറയാണു് 14,817 വോട്ടുകൾ നേടി മൂന്നാമതെത്തിയതു്.1980-ൽ കോട്ടയം മണ്ഡലത്തിൽനിന്നു് ജനതാ പാർട്ടി (JNP) സ്ഥാനാർഥിയായി മത്സരിച്ച് 25624 വോട്ടു നേടിയെങ്കിലും വിജയിച്ചില്ല. സി.പി.എമ്മിന്റ കെ എം അബ്രാഹം (37588 വോട്ടു്) ആണ് അദ്ദേഹത്തെ തോല്പിച്ചതു്.

നിയമസഭയിൽ എത്തിയ ആദ്യവർഷംതന്നെ ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തിയതിനു ജയിൽവാസം അനുഭവിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മലയാളത്തിൽ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഭയിൽ ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തിയത്. എൻ.എൻ.വാഞ്ചുവായിരുന്നു അന്നു് ഗവർണർ.

നിരവധി തവണ സോഷ്യലിസ്റ്റ് - തൊഴിലാളി സമരങ്ങളിൽ പങ്കെടുത്തു് ജയിലില്‍ കിടന്നിട്ടുണ്ട്. 1974-ൽ ഇന്ദിരാഗാന്ധി കോട്ടയം സന്ദർശിച്ചപ്പോൾ കരിങ്കൊടി കാണിച്ചതിനു് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ജയിലിൽ കൊടിയ പോലീസ് മർദനത്തിനിരയായി. അടിയന്തരാവസ്ഥ കാലത്ത് മിസയനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട പി.ബി.ആര്‍. പിള്ള 19 മാസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജയിലില്‍ കിടന്ന എം.എൽ.എയായിരുന്നു.

ജനതാ പാർട്ടി നിയമസഭാ കക്ഷിയുടെ വിപ്പ്, സോഷ്യലിസ്റ്റ് പാർട്ടി കോട്ടയം ജില്ലാ സെക്രട്ടറി, കേരള സംസ്ഥാന ഹാന്റ്ലൂം വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് ചെയരമാന ട്രാൻസ്പോരട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ടു്. ഇന്ത്യാ- ചീനാ ഫ്രണ്ട്ഷിപ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് അംഗമായിരുന്നിട്ടുള്ള അദ്ദേഹം പ്രതിനിധിസംഘ അംഗമെന്ന നിലയിൽ ചീന സന്ദർശിച്ചിട്ടുമുണ്ടു്.

മാറ്റം, സമാജ് വാദി എന്നീ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം നടത്തിയിരുന്നു.

ജനതാദളത്തിന്റെ ശൈഥില്യത്തിനുശേഷം അദ്ദേഹം വിശ്രമജീവിതമാണു് നയിച്ചതു്. സോഷ്യലിസ്റ്റ് പ്രസ്ഥാനം പുനഃസംഘടിപ്പിക്കുന്നതിനുവേണ്ടി നടന്ന നീക്കങ്ങളുടെ ഭാഗമായില്ല.

പി.ബി.ആർ.പിള്ള
ചിത്രത്തിനു് കടപ്പാടു് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോടു്
കോട്ടയത്ത് 2015 ജൂണ്‍ 24-ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചതും ആർ.എസ്.എസ് നേതാക്കൾ പങ്കെടുക്കുകയും ചെയ്ത അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷികഅനുസ്മരണച്ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്തതു് വിവാദമായി. അടിയന്തിരാവസ്ഥയ്ക്കെതിരായ സമ്മേളനമായതുകൊണ്ടാണു് താനതിൽ പങ്കെടുത്തതെന്നും സോഷ്യലിസ്റ്റായിരുന്ന തനിയ്ക്കൊരിയ്ക്കലും ബിജെപിയിലോ ആർ.എസ്.എസിലോ പ്രവർത്തിനാവില്ലെന്നും അദ്ദേഹം പിന്നീടു് വ്യക്തമാക്കിയെന്നു് കോട്ടയത്തെ അഡ്വ. ജെയിമോന്‍ തങ്കച്ചൻ അനുസ്മരിയ്ക്കുന്നു.

അടിയന്തിരാവസ്ഥപോലുള്ള ഏകാധിപത്യഭരണം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗരൂകരാവണമെന്നാണു് മേല്പറഞ്ഞ 2015 ജൂണ്‍ 24ന് നടന്ന അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷികഅനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടു് പി.ബി. ആര്‍. പിള്ള പറഞ്ഞതു്. അധികാരം തലയ്ക്ക് പിടിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഏകാധിപത്യ നടപടിയായിരുന്നു 1975 ജൂണ്‍ 25ന് പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.


പി.ബി.ആർ.പിള്ള
ചിത്രത്തിനു് മലയാള മനോരമയോടു് കടപ്പാടു്
മരണം
2016 ഏപ്രിൽ 10-നു് ചികിത്സയ്ക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ കെ.എസ്.ആർ.റ്റി.സി. ബസ്സ് ഇടിച്ചുണ്ടായ പരിക്കാണു് പി.ബി.ആർ.പിള്ളയുടെ മരണത്തിനിടയാക്കിയതു്. എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സിന് മുന്നിലെ റോഡ് മുറിച്ചു കടന്നു് തൊട്ടടുത്തുള്ള ഓട്ടോ സ്റ്റാന്‍ഡിലേക്ക് പോകുവാൻ ശ്രമിയ്ക്കുന്നതിനിടെയാണു് ബസിടിച്ചത്. എംഎൽഎ ഹോസ്റ്റലിനു മുന്നിൽ ബസിടിച്ച് വീണ ഇദ്ദേഹത്തിന്റെ തലയ്ക്ക് ആഴത്തിൽ പരുക്കേറ്റിരുന്നു. വാരിയെല്ലുകളിലും പൊട്ടലുണ്ടായി. ബസ് ഡ്രൈവറും എംഎൽഎ ഹോസ്റ്റൽ ജീവനക്കാരും ചേർന്നു് ആശുപത്രിയിൽ എത്തിച്ചു. ആദ്യം പ്രവേശിപ്പിച്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു് അദ്ദേഹത്തെ അന്നു് രാത്രി തന്നെ മെച്ചപ്പെട്ട സൗകര്യമുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ക്രിട്ടിക്കൽ ഐ.സി.യു.വിലേയ്ക്കു മാറ്റി . അദ്ദേഹം ബോധം വീണ്ടെടുത്തെന്നും അപകടനില തരണം ചെയ്തെന്നും ആശുപത്രി അധികൃതർ ഏപ്രിൽ 12നു് അറിയിച്ചതിനു് ശേഷം കോട്ടയത്തേയ്ക്കു് കൊണ്ടുപോയി. കോട്ടയത്തിനടുത്ത് കുമ്മനത്ത് സഹോദരി സരസ്വതിയമ്മയുടെ വസതിയിൽ ഏപ്രിൽ 25 തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു അന്ത്യം.
സംസ്‌കാരത്തിനുതൊട്ടുമുമ്പു് പോലീസ് സേന ഗാർഡ് ഓഫ് ഓണർ അർപ്പിയ്ക്കുന്നു
 ചിത്രത്തിനു് കടപ്പാടു് മാതൃഭൂമിയോടു്

പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി ആദരാഞ്ജലിയര്‍പ്പിക്കാനെത്തി
അയ്മനം മര്യാത്തുരുത്ത് പുതുവായില്‍ തറവാട് വീട്ടുവളപ്പില്‍ ഏപ്രിൽ 25ആം തീയതി ചൊവ്വാഴ്ച വൈകീട്ടുനാലുമണിയ്ക്കുനടന്ന സംസ്‌കാരച്ചടങ്ങില്‍ വിവിധ മേഖലകളില്‍പ്പെട്ട പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി പങ്കെടുത്തു. വിവിധ പാർട്ട‍ികളുടെ ആദ്യകാല നേതാക്കളും എത്തിയിരുന്നു.

സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്ബ്, കെ.സുരേഷ് കുറുപ്പ് എം.എല്‍.എ., ജസ്റ്റിസ് കെ.ടി.തോമസ്, ജനതാദള്‍ (യു) സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, മുൻ മന്ത്രി എന് എം ജോസഫ്, ജനതാദള്‍ (യു) സംസ്ഥാന സമിതി അംഗം ആര്‍.കെ.കര്‍ത്ത, സമാജവാദി ജനപരിഷത്ത് സംസ്ഥാന സെക്രട്ടറി അഡ്വ. ജെയിമോന്‍ തങ്കച്ചൻ, സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍. ഡി.സി.സി.പ്രസിഡന്റ് ടോമി കല്ലാനി, തോമസ് ചാഴികാടന്‍, ജനതാദള്‍ (എസ്) ജില്ലാ സെക്രട്ടറി എം.ടി.കുര്യന്‍, സിപിഎം കോട്ടയം നിയോജക മണ്ഡലം സ്ഥാനാര്‍ഥി റെജി സഖറിയാ, ബിജെപി മുന്‍ കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗവുമായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ബിജെപി കോട്ടയം നിയോജക മണ്ഡലം സ്ഥാനാര്‍ഥിയും ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റുമായ എം.എസ്. കരുണാകരന്‍, ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കോട്ടയം എസ്.എന്‍.ഡി.പി.യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍, കോട്ടയം എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള, സെക്രട്ടറി എ.എം.രാധാകൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. എം.പി.വീരേന്ദ്രകുമാര്‍ എം.പി.ക്കുവേണ്ടി മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജര്‍ ടി.സുരേഷ് മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
സംസ്‌കരിക്കുന്നതിനുതൊട്ടുമുമ്പു് പോലീസ് സേന ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു

പി.ബി.ആര്‍.പിള്ളയുടെ ജ്യേഷ്ഠസഹോദരന്‍ പി.കെ.കൃഷ്ണപിള്ളയുടെ മകന്‍ അഡ്വ. കെ.സന്തോഷ്‌കുമാര്‍, സഹോദരി സരസ്വതി അമ്മയുടെ മക്കളായ പി എസ് ഗോപകുമാര്‍, പ്രിയദര്‍ശന്‍, സതീഷ്‌കുമാര്‍ എന്നിവരാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. സഹോദരി സരസ്വതി അമ്മയുടെ മകനായ പി എസ് ഗോപകുമാര്‍ ചിതയ്ക്കു് തീ കൊളുത്തി.

അനുശോചിച്ചു
പി.ബി.ആർ.പിള്ള
ചിത്രത്തിനു് കടപ്പാടു് മലയാള മനോരമയോടു്
പഴയകാല സോഷ്യലിസ്റ്റ് പോരാളിയുടെ സമരമുന്നേറ്റങ്ങളുടെ ഓർമകളുണർത്തി സംസ്‌കാരത്തിനുശേഷം അനുസ്മരണയോഗം ചേർന്നു. സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്ബ്, അഡ്വ. കെ സുരേഷ്കുറുപ്പ് എംഎല്‍എ തുടങ്ങി നിരവധി പേര്‍ സംസാരിച്ചു.

മുന്‍ എം.എല്‍.എ. പി.ബി.ആര്‍. പിള്ളയുടെ നിര്യാണത്തില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ അനുശോചനം രേഖപ്പെടുത്തി. 'എല്ലാ മേഖലകളിലും ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ച് പ്രവര്‍ത്തിച്ച കരുത്തനായ സാമാജികനായിരുന്നു അദ്ദേഹം. എഴുപതുകളില്‍, ആദ്യമായി തൊഴില്‍രഹിതര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്കണമെന്ന് അദ്ദേഹം സഭയില്‍ പ്രമേയമവതരിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം അത് പ്രാബല്യത്തില്‍ വന്നു. പി.ബി.ആര്‍. പിള്ളയുടെ സഭാ പ്രവര്‍ത്തനം നമുക്ക് മാതൃകയാക്കാവുന്നതാണ് '- സ്പീക്കര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പഴയകാല സോഷ്യലിസ്റ്റ് നേതാവും എം.എല്‍.എയും ആയിരുന്ന പി.ബി.ആര്‍.പിള്ളയുടെ നിര്യാണത്തില്‍ സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് രമേശ് രാമുണ്ണിയും മുതിർന്ന സംസ്ഥാന നേതാക്കളിലൊരാളായ വിനോദ് പയ്യടയും അനുശോചിച്ചു.

പിണറായി വിജയന്‍ അനുശോചിച്ചു
പി.ബി.ആർ.പിള്ള
ചിത്രത്തിനു് കടപ്പാടു് മാതൃഭൂമിയോടു്
ഏറ്റുമാനൂര്‍ മുൻ എം.എല്‍.എ. പി.ബി.ആര്‍. പിള്ളയുടെ നിര്യാണത്തിൽ സി.പി.ഐ. എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ അനുശോചിച്ചു. അദ്ദേഹത്തോടൊപ്പം നിയമസഭയില്‍ ഒരുമിച്ചു പ്രവർത്തിയ്ക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ വേർപാട് കനത്ത നഷ്ടമാണെന്നും അന്ത്യോപചാരമര്‍പ്പിച്ച ശേഷം പിണറായി അനുസ്മരിച്ചു.

ഏപ്രിൽ 10-നു് ചൊവ്വാഴ്ച പിണറായി വിജയന്‍ ഏറ്റുമാനൂരിൽ ഉദ്ഘാടനം ചെയ്യാനിരുന്ന എല്‍.ഡി.എഫ്. ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രചാരണ സമ്മേളനം പി.ബി.ആര്‍. പിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ചു. 1970 മുതല്‍ 79 വരെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ എം.എല്‍.എ. ആയി സേവനം അനുഷ്ഠിച്ച സോഷ്യലിസ്റ്റ് നേതാവ് പി.ബി.ആര്‍. പിള്ളയുടെ നിര്യാണത്തില്‍ അനുശോചിയ്ക്കുന്നതായി എല്‍.ഡി.എഫ്. ഏറ്റുമാനൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.


സമാജവാദി ജനപരിഷത്ത് ദേശീയ ക്യാമ്പ്‌ മഹാരാഷ്ട്രത്തു്

ഇന്ത്യന്‍ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനമായ സമാജവാദി ജനപരിഷത്തിന്റെ ദേശീയ നിര്‍വാഹക സമിതി യോഗം 2016 മാര്‍ച്ച്‌ 27,28,29 തീയതികളില്‍ മദ്ധ്യപ്രദേശ്‌ സംസ്ഥാനത്തെ റേവക്കു സമീപത്തുള്ള ഛിബോഡയില്‍ ചേര്‍ന്നു. സത്‌ന ജില്ലയിലെ രാമപുര ബ്ലോക്കിലാണ്‌ ഛിബോഡ. അഖിലേന്ത്യാ പ്രസിഡന്റ്‌ അഡ്വ.ജോഷി ജേക്കബ്‌ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു.
നിയമഗിരിയിലെ ആദിവാസികളുടെ നിലനില്‌പിനായുള്ള പ്രക്ഷോഭണങ്ങളെ പിന്തുണയ്‌ക്കുന്നതിന്‌ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിയംഗിരിയിലെ വ്യാജ ഏറ്റുമുട്ടല്‍ മരണം വിഷയമാക്കി ഏപ്രീല്‍ 21ന്‌ ജില്ലാതലത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ച്‌ സുനില്‍ജിയ്‌ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിക്കണമെന്നും യോഗം തീരുമാനിച്ചു.
സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലും കേരളത്തിലും രണ്ടു സീറ്റുകളില്‍ വീതം മല്‍സരിക്കും. ദേശീയ ക്യാമ്പ്‌ മഹാരാഷ്ട്രത്തു വച്ചു നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടു്. വാരണാസിയില്‍ നടത്തുവാന്‍ ആദ്യം നിശ്ചയിച്ചതാണെങ്കിലും ദേശീയനിര്‍വാഹക സമിതി യോഗത്തിനിടെ ദേശീയ സംഘടനാ സെക്രട്ടറി അഫ്‌ലാത്തൂണ്‍ ഹൃദ്‌രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായ പശ്ചാത്തലത്തില്‍ അതു മഹാരാഷ്ട്രത്തേയ്ക്കു മാറ്റുകയായിരുന്നു.