അതിജീവനത്തിന്റെ വഴിയാണ് സോഷ്യലിസം - ജോഷി ജേക്കബ്


 

വൈക്കം, 2022 ഒക്ടോബർ 30:

രാജ്യത്ത് ആധിപത്യം നേടിയിരിയ്ക്കുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങൾ സാമൂഹികമായും സാമ്പത്തികമായും ലിംഗപരമായും താഴെ തട്ടിലുള്ള ജനവിഭാഗങ്ങളെ ഉൻമൂലനം ചെയ്യുന്നതും രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണിയുയർത്തുന്നതും ആണെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷൻ ജോഷി ജേക്കബ്ബ് പ്രസ്താവിച്ചു. സമാജവാദി ജനപരിഷത്ത് പതിമൂന്നാമത് കേരള സംസ്ഥാന പ്രതിനിധി സമ്മേളനം വൈക്കത്ത് ഡോ. സ്വാതി നഗരിയിൽ (വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ)  ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.  അതിജീവനത്തിന്റെ വഴിയാണ് സോഷ്യലിസമെന്ന് അദ്ദേഹം പറഞ്ഞു.


2022 ഒക്ടോബർ 30 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് പതാക ഉയർത്തി ക്കൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് നരിക്കുനി അവതരിപ്പിച്ച സംഘടനാറിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു. കെ രമേശ്, അഡ്വ ജയിമോൻ തങ്കച്ചൻ , ഈ വി ജോസഫ് , സജി അബ്രാഹം പുകടിയിൽ , ആർ.കെ. രാധാകൃഷ്ണൻ റൈറ്റ്സ് റ്റി വി,  പി ഒ പീറ്റർ  , കെ കെ രാമൻ മാസ്റ്റർ  , സുനിൽ വീസി സൈന്ധവമൊഴി , സി ജെ തങ്കച്ചൻ (ഗോത്ര മഹാസഭ) എന്നിവർ പ്രസംഗിച്ചു.


കെ റെയിൽ വിഴിഞ്ഞം പദ്ധതികൾ റദ്ദു ചെയ്യണമെന്ന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.  പദ്ധതി - പദ്ധതിയേതര ചെലവുകൾക്ക് കടം വാങ്ങി മുതൽ മുടക്കുന്നതു അവസനിപ്പിച്ച്  ജ നങ്ങളുടെ ജീവിതച്ചിലവ് വെട്ടിക്കുറയ്ക്കണം. അങ്ങനെ വിലക്കയറ്റം  ജനങ്ങളെ പിച്ചിച്ചീന്തുന്നതിന് അറുതി വരുത്തണം .  വിദ്യഭ്യാസവും  ആരോഗ്യവും  കോർപ്പ റേറ്റ് ശക്തികൾക്ക് തീറെഴുതുന്നതിന്റെ ദുരന്തം ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നു സമ്മേളനം ചൂണ്ടിക്കാട്ടി.


സർഫാസി നിയമം റദ്ദ് ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പതിനഞ്ചു ലക്ഷം രൂപയിൽ കുറഞ്ഞ വരുമാനം ഉള്ളവരുടെ വായ്പകൾക്ക് മൂന്നു ശതമാനം പലിശ ദേശീയ നയമായി പ്രഖ്യാപിക്കുക, മുതലിനേക്കാൾ കൂടുതൽ തുക പലിശ ആയിട്ടുള്ളതെല്ലാം എഴുതി തള്ളണം എന്നീ ആവശ്യങ്ങളും ജനപരിഷത്ത് ഉന്നയിച്ചു.  


പോലീസ് അതിക്രമങ്ങൾ അവസാനിപ്പിയ്ക്കുവാൻ സർക്കാർ നടപടിയെടുക്കണം.  നാടിനെ നടുക്കുന്ന വിധത്തിലുള്ള നിഷ്ഠൂര കൊലപാതകങ്ങൾ  വർദ്ധിച്ചു വരുന്നതിലും മനുഷ്യത്വം കുറഞ്ഞുവരുന്നതിലും സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കേരള സമൂഹത്തിന്റെ രോഗാതുരമായ മാനസ്സിക നിലയാണ് കാണിയ്ക്കുന്നത്.  കേരളീയ സമൂഹത്തിൽ മനുഷ്യത്വം വളർത്തുന്നതിനും സാമൂഹിക മനസ്സാക്ഷിയെ കരുത്തുറ്റതാക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ജനപരിഷത്ത് നടത്തും. അരാഷ്ട്രീയതയുടെ പിടിയിൽ നിന്നും കേരള ജനതയെ മോചിപ്പിക്കേണ്ടതുണ്ട് . 


 ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആലോചനയിൽ നിന്ന് സർക്കാർ പിന്തിരിയണം. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിനും ജനാധിപത്യ വ്യവസ്ഥിതിയ്ക്കും അത് ഭീഷണിയായി മാറുമെന്ന് ജനപരിഷത്ത് ഭയപ്പെടുന്നു. രാഷ്ടീയകക്ഷികളുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികകളെ നിയന്ത്രിയ്ക്കാൻ തെരഞ്ഞെടുപ്പു നടത്തുന്ന നീക്കങ്ങൾ തെരഞ്ഞെടുപ്പുകമ്മീഷൻ ഉപക്ഷിക്കണം. 


ഹിന്ദി ഭാഷയുടെ ആധിപത്യം അടിച്ചേല്പിക്കുവാൻ നടത്തുന്ന ശ്രമങ്ങൾ  രാജ്യത്തെ പ്രാദേശികഭാഷകളുടെ നിലനില്‌പ്പ് അപകടത്തിലാക്കും. അഹിന്ദി മേഖലയുടെ മേൽ ഹിന്ദി മേഖലയുടെ ആധിപത്യം സൃഷ്ടിയ്ക്കും.ഇംഗ്ലീഷ് ആധിപത്യം ശിരസ്സാ വഹിക്കുവാൻ ജനങ്ങളെ നിർബന്ധിക്കുന്ന ചില സംസ്ഥാന ഭരണക്കാർക്ക് ഹിന്ദി ആധിപത്യത്തിനെതിരെയുള്ള പോരാട്ടം നയിക്കുവാൻ ശേഷിയില്ല എന്നും സമ്മേളനം വിലയിരുത്തി.  രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിറുത്തണം. രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ സ്വാതന്ത്യസമരങ്ങളിലൂടെ രൂപപ്പെട്ട ഇന്ത്യയുടെ ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടു കൊണ്ടുപോകണം - സമാജവാദി ജനപരിഷത്ത് രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്തു. 

 

 സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി യഥാക്രമം എബി ജോൺ വൻനിലം, സുരേഷ് നരിക്കുനി എന്നിവരെ വീണ്ടും തെരഞ്ഞെടുത്ത ദ്വൈ വാർഷിക സമ്മേളനം അടുത്ത രണ്ടു വർഷത്തേക്കുള്ള സംസ്ഥാനസമിതിയെയും തെരഞ്ഞെടുത്തു. നെയ്യാറ്റിൻകര ഡി ബിനു (തിരുവനന്തപുരം),ബാലമുരളീകൃഷ്ണ, ഷീല ജഗധരൻ (കൊല്ലം), ജോഷി ജേക്കബ്ബ്, പി.ഒ പീറ്റർ, ജയിമോൻ തങ്കച്ചൻ, സജി പി. എബ്രഹാം പുകടിയിൽ, കുരുവിള ജോൺ തുണ്ടത്തിൽ (കോട്ടയം), ഇവി ജോസഫ് (ഇടുക്കി), പ്രഭാത് എം സോമൻ, ഫ്രാൻസിസ് ഞാളിയൻ, സി.ജെ മാർട്ടിൻ, കെ.കെ.രാമൻ മാസ്റ്റർ, എം.വി ജവഹർ, എബി ജോൺ വൻനിലം (എറണാകുളം), വിദ്യാധരൻ കെ (പാലക്കാട്) , ബൈജു മാനന്തവാടി (വയനാട്) ,സുരേഷ് നരിക്കുനി, യു.വിജയൻ (കോഴിക്കോട്) കെ രമേശ്, സ്നേഹ രമേശ് (കണ്ണൂർ) എന്നിവരാണു് സംസ്ഥാനസമിതിയംഗങ്ങൾ. എംഎൻ തങ്കപ്പൻ (കോട്ടയം), ആർ.കെ. രാധാകൃഷ്ണൻ (പാലക്കാട്) സംസ്ഥാനസമിതിയുടെ ക്ഷണിതാക്കളുമാണു്.  

പുതിയ സംസ്ഥാനസമിതി യോഗം ചേർന്ന് പുതിയ സംസ്ഥാന വൈസ് പ്രസിഡന്റുമാരായി കെ രമേശ്, കെ. വിദ്യാധരൻ എന്നിവരെയും സംഘടനാ സെക്രട്ടറിയായി അഡ്വ ജയിമോൻ തങ്കച്ചനെയും സെക്രട്ടറിയായി ഷീല ജഗധരനെയും ഖാൻജിയായി ഇ. വി ജോസഫിനെയും തെരഞ്ഞെടുത്തു.

സമാജവാദി ജനപരിഷത്തിന്റെ പതിമൂന്നാമതു് ദേശീയ സമ്മേളനം 2019 നവംബർ 5,6 തീയതികളിൽ ബിഹാറിന്റെ തലസ്ഥാനമായ പട്ടനയിൽ ചേരുന്നതിന്റെ മുന്നോടിയായാണു് സംസ്ഥാന പ്രതിനിധി സമ്മേളനം ചേർന്നത്.

സമാജവാദി ജനപരിഷത്തിന്റെ ദേശീയ സമ്മേളനങ്ങൾ

 

സ്ഥാപന സമ്മേളനം (ഒന്നാം സമ്മേളനം)

1994 ഡിസംബർ 31,1995, ജനുവരി 1,2 ഠാണെ (മഹാരാഷ്ട്ര)

പ്രസിഡന്റ് : ജുഗൽകിഷോർ റായ്ബീർ (പശ്ചിമ ബംഗാൾ)

ജനറൽ സെക്രട്ടറി : ഭായിവൈദ്യ (മഹാരാഷ്ട്രം)


ഒന്നാം ദ്വൈവാർഷിക ദേശീയ സമ്മേളനം (രണ്ടാം ദേശീയസമ്മേളനം)

1997 ജനുവരി 18,19 ബീഹാറിലെ സിയാൻ ജില്ലയിലെ പഞ്ച്‌വാർ

പ്രസിഡന്റ് : വിഷ്ണുദേവ് ഗുപ്ത (ബീഹാർ)

ജനറൽ സെക്രട്ടറി : ഭായിവൈദ്യ (മഹാരാഷ്ട്രം)


രണ്ടാം ദ്വൈവാർഷിക ദേശീയസമ്മേളനം (മൂന്നാം സമ്മേളനം)

1999 ഫെബ്രുവരി 13,14 സാരനാഥം (ഉത്തർപ്രദേശ്)

പ്രസിഡന്റ് : കിഷൻ പട്‌നായക് (ഒഡീഷ)

ജനറൽ സെക്രട്ടറി : വിനോദ് പ്രസാദ് സിംഹ് (ബീഹാർ)


മൂന്നാം ദ്വൈവാർഷിക ദേശീയസമ്മേളനം (നാലാം സമ്മേളനം)

2001 മെയ് 19,20 മഹാരാഷ്ട്രത്തിലെ ഔറംഗാബാദ്

ദേശീയ പ്രസിഡന്റ് : കിഷൻ പട്‌നായക് (ഒഡീഷ)

ജനറൽ സെക്രട്ടറി :വിനോദ് പ്രസാദ് സിംഹ് (ബീഹാർ)


നാലാം ദ്വൈവാർഷിക ദേശീയസമ്മളനം (അഞ്ചാം സമ്മേളനം)

2003 ഫെബ്രുവരി 1,2,3 ഇട്ടാർസി (മദ്ധ്യപ്രദേശ്)

പ്രസിഡന്റ് : വിനോദ് പ്രസാദ് സിംഹ് (ബീഹാർ)

ജനറൽ സെക്രട്ടറി : സുനിൽ (മദ്ധ്യപ്രദേശ്)


അഞ്ചാം ദ്വൈവാർഷിക ദേശീയസമ്മേളനം (ആറാം സമ്മേളനം)

2005 മാർച്ച് 13,14,15 ജൂലായ് ഗുഡി (പശ്ചിമ ബംഗാൾ)

പ്രസിഡന്റ് : വിനോദ് പ്രസാദ് സിംഹ് (ബീഹാർ)

ജനറൽ സെക്രട്ടറി : സുനിൽ


ആറാം ദ്വൈവാർഷിക ദേശീയസമ്മേളനം (ഏഴാം സമ്മേളനം)

2007മാർച്ച് 16,17,18 ബർഗഢ് (Bargarh) (ഓഡിഷ)

പ്രസിഡന്റ് : ജുഗൽ കിഷോർ റായിബീർ (പശ്ചിമ ബംഗാൾ)

ജനറൽ സെക്രട്ടറി : ലിംഗരാജ് പ്രധാൻ (ഒഡീഷ)

(ജുഗൽ കിഷോർ റായിബീർ 2007 നവംബർ 6ആം തിയതി അന്തരിച്ചു. 2007 ഡി. 7,8 തിയതികളിൽ പശ്ചിമബംഗാളിലെ ജല്പായിഗുഡിയിൽ ചേർന്ന ദേശീയകൗൺസിൽ യോഗം വൈസ്പ്രസിഡന്റ് സുനിലിനെ (മദ്ധ്യ പ്രദേശ്) പ്രസിഡന്റായി നിയമിച്ചു).

ഇടക്കാല പ്രസിഡന്റ് : സുനിൽ (മദ്ധ്യപ്രദേശ്)


ഏഴാം ദ്വൈവാർഷിക ദേശീയസമ്മേളനം (എട്ടാം സമ്മേളനം)

2009 ഒക്ടോബർ 28,29,30 ധൻബാദ് (ഝാർഖണ്ഡ്) ജുഗൽ കിഷോർ റായ്ബീർ ഗ്രാമം

പ്രസിഡന്റ് : ലിംഗരാജ് പ്രധാൻ (ഒഡീശ)

ജനറൽ സെക്രട്ടറി : സോമനാഥ് ത്രിപാഠി (ഉത്തര പ്രദേശ്)


എട്ടാം ദ്വൈവാർഷിക ദേശീയസമ്മേളനം (ഒമ്പതാം സമ്മേളനം)

2011 ഒക്ടോബർ 10,11,12 സാസറാം (ബീഹാർ)

പ്രസിഡന്റ് : ലിംഗരാജ് (ഒഡീശ)

ജനറൽ സെക്രട്ടറി : ഡോ.സോമനാഥ ത്രിപാഠി (ഉത്തര പ്രദേശ്)

സോമനാഥ് ത്രിപാഠി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് 2012 ഡിസംബർ 13,14,15,16 വരെ വർദ്ധയിലെ സേവാശ്രമത്തിൽ നടന്ന ദേശീയ കൗൺസിൽ യോഗം സെക്രട്ടറിമാരിലൊരാളായ ജോഷി ജേക്കബ്ബിനെ ജനറൽ സെക്രട്ടറിയായി നിയമിച്ചു.

ഇടക്കാല ജനറൽ സെക്രട്ടറി : ജോഷി ജേക്കബ് (കേരളം)


ഒമ്പതാം ദ്വൈവാർഷിക ദേശീയസമ്മേളനം (പത്താം സമ്മേളനം)

2013 ജൂൺ 10,11,12 വാരണാസി (ഉത്തര പ്രദേശ്)

പ്രസിഡന്റ് : ജോഷി ജേക്കബ് ( കേരളം)

ജനറൽ സെക്രട്ടറി : സുനിൽ (മദ്ധ്യപ്രദേശ്)

(2014 ഏപ്രിൽ 21 നു സുനിൽ അന്തരിച്ചു. 2014 മെയ് 23,24,25 തിയതികളിൽ പ.ശ്ചിമ ബംഗാളിലെ ജല്പായ്ഗുഡിയിലെ സമര കേന്ദ്രത്തിൽ ചേർന്ന നാഷണൽ കൗൺസിലിൽ ലിംഗരാജ് ആസാദിനെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.)

ഇടക്കാല ജനറൽ സെക്രട്ടറി : ലിംഗരാജ് ആസാദ്‌ (ഒറീസ)


പത്താം ദ്വൈവാർഷിക ദേശീയസമ്മേളനം (പതിനൊന്നാം സമ്മേളനം)

2015 ഏപ്രിൽ 24, 25, 26 (സുനിൽഭായ് നഗർ, കോട്ടയം ( കേരളം) 

പ്രസിഡന്റ് : ജോഷി ജേക്കബ് ( കേരളം)  

ജനറൽ സെക്രട്ടറി : ലിംഗരാജ് ആസാദ്‌ (ഒറീസ)


പതിനൊന്നാം ദ്വൈവാർഷിക ദേശീയസമ്മേളനം (പന്ത്രണ്ടാം സമ്മേളനം)

2017 ഏപ്രിൽ 29,30, മെയ് 1, ചിത്ത ഡേ നഗരി, ജടേശ്വർ (പശ്ചിമ ബംഗാളിലെ ജയ്പായിഗുഡി ജില്ല)

 പ്രസിഡന്റ് : അഡ്വ. കമൽ ബാനർജി  (പശ്ചിമ ബംഗാൾ)

ജനറൽ സെക്രട്ടറി : അഫ്‌ലാത്തുൺ (ഉത്തരപ്രദേശ്)


പന്ത്രണ്ടാം ദ്വൈവാർഷിക ദേശീയസമ്മേളനം (പതിമൂന്നാം സമ്മേളനം)

2019 ജൂൺ 7,8,9 റാഞ്ചി (ഝാർഖണ്ഡ്)

പ്രസിഡന്റ് : ലിംഗരാജ് ആസാദ്‌ (ഒറീസ)

ജനറൽ സെക്രട്ടറി : അഫ്‌ലാത്തുൺ (ഉത്തരപ്രദേശ്) 


പതിമൂന്നാം ദ്വൈവാർഷിക ദേശീയസമ്മേളനം (പതിനാലാം സമ്മേളനം)

 2019 നവംബർ 5, 6 പട്ടന (ബിഹാർ)

സമാജവാദി ജനപരിഷത്തിന്റെ പതിമൂന്നാം ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം ഒക്ടോ 30-ന് വൈക്കത്ത്

കൂത്താട്ടുകുളം -- സമാജവാദി ജനപരിഷത്തിന്റെ പതിമൂന്നാമതു് ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം 2022 ഒക്ടോബർ 30 ഞായറാഴ്ച കോട്ടയം ജില്ലയിലെ വൈക്കത്ത് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. വൈക്കം സത്യാഗ്രഹനഗരിയെന്നു പേരുനല്കിയിട്ടുള്ള സമ്മേളനനഗരിയിൽ രാവിലെ പത്തമണിയ്ക്കു് ദേശീയ വൈസ് പ്രസിഡന്റ് ജോഷി ജേക്കബ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ എബി ജോൺ  വൻനിലം അദ്ധ്യക്ഷത വഹിയ്ക്കും. സംഘടനാ റിപ്പോർട്ട്‌ ജനറൽ സെക്രട്ടറി സുരേഷ് നരിക്കുനി അവതരിപ്പിയ്ക്കും. അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെയും സംസ്ഥാനസമിതിയെയും പ്രതിനിധിസമ്മേളനം തെരഞ്ഞെടുക്കും.


സമാജവാദി ജനപരിഷത്തിന്റെ പതിമൂന്നാമതു് ദേശീയ സമ്മേളനം 2019 നവംബർ 5,6 തീയതികളിൽ ബിഹാറിന്റെ തലസ്ഥാനമായ പട്ടനയിൽ ചേരുന്നതിന്റെ മുന്നോടിയായാണു് സംസ്ഥാന പ്രതിനിധി സമ്മേളനം ചേരുന്നതെന്നു് സംസ്ഥാന പ്രസിഡന്റ്‌  എബി ജോൺ വൻനിലം അറിയിച്ചു.

2021 നിയമസഭാ തെരഞ്ഞെടുപ്പ് നിലപാട്

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക: സമാജവാദി ജനപരിഷത്തിന്റെ തെരഞ്ഞെടുപ്പ് നിലപാട്


2021 ഏപ്രിൽ ആറാം തീയതി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ   എല്ലാ സമ്മതിദായകരും  പങ്കെടുത്ത് വോട്ടുചെയ്യണം; ജനാധിപത്യത്തെ ശക്തിപ്പെടുത്തണം. സമാജവാദി ജനപരിഷത്ത് കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിറുത്തിയിട്ടുണ്ട്. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കേരള ജനതാ പാർട്ടി സ്ഥാനാർത്ഥി അബ്ദു സമദിനെ പിന്തുണയ്ക്കുന്നു.  മറ്റു നിയോജക മണ്ഡലങ്ങളിൽ സമത്വത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന  സ്ഥാനാർത്ഥികളുണ്ടെങ്കിൽ അവരെ കണ്ടെത്തി വോട്ടുചെയ്യണം. മറ്റൊരു വഴിയുമില്ലെങ്കിൽ മാത്രം  നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തി അനുപേക്ഷണീയരല്ലാത്ത  സ്ഥാനാർത്ഥികളെ നിരാകരിയ്ക്കണം.


വർഗീയതയെ വളർത്താനും മതവികാരങ്ങളെയും വിശ്വാസങ്ങളെയും ചൂഷണം ചെയ്യാനും ശ്രമിക്കുന്ന കക്ഷികളെയും സ്ഥാനാർത്ഥികളെയും പരാജയപ്പെടുത്തണം. പ്രത്യേകിച്ച്, ദലിതർക്കും ആദിവാസികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമത്തിന്റെയും വർഗീയതയുടെയും തീവ്രമുഖമായ ബിജേപിയ്ക്കും സഖ്യകക്ഷികൾക്കും ഒരു വോട്ടു പോലും ചെയ്യരുതെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്യന്നു.


കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ഫുട്ബോൾ ചിഹ്നത്തിൽ മൽസരിക്കുന്ന സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥി സഖാവ് അഡ്വ ജെയിമോൻ തങ്കച്ചന് വോട്ടുചെയ്ത്  വിജയിപ്പിക്കണമെന്ന് അവിടത്തെ  സമ്മതിദായകരോട് പ്രത്യേകമായി സംസ്ഥാനസമിതി  അഭ്യർത്ഥിയ്ക്കുന്നു.


സമാജവാദി ജനപരിഷത്ത് സംസ്ഥാനസമിതി


സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥി സഖാവ് അഡ്വ. ജയ്മോൻ തങ്കച്ചനെ ഫുട്ബോൾ അടയാളത്തിൽ വോട്ടുചെയ്ത് വിജയിപ്പിക്കുക.


അഭ്യർത്ഥന

പ്രിയ സമ്മതിദായകരേ,

2021 ഏപ്രിൽ ആറാം തീയതി നടക്കുന്ന കേരളനിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ ഇന്നത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനമായ സമാജവാദി ജനപരിഷത്തിന്റെ സ്ഥാനാർത്ഥിയായി അഭിഭാഷകൻ കൂടിയായ സഖാവ് അഡ്വ. ജയ്മോൻ തങ്കച്ചൻ മൽസരിക്കുകയാണ്.

അഭൂതപൂർവമായ വിലക്കയറ്റവും  നശീകരണവികസനവും  ലോക് ഡൗണും ഒക്കെയായി ജനജീവിതം ദുസ്സഹവും അരക്ഷിതവും ആയിത്തീർന്നിരിയ്ക്കുന്ന സമയത്താണ് ഈ തെരഞ്ഞെടുപ്പു നടക്കുന്നതെന്നു എല്ലാവർക്കുമറിയാം. എന്നാൽ ഭരണ-പ്രതിപക്ഷ കക്ഷികളൊന്നും ഇതു തെരഞ്ഞെടുപ്പുവിഷയമാക്കിയിട്ടില്ല. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട അജണ്ടകളെ അവർ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിറുത്തിയിരിയ്ക്കുന്നു. 


കോർപ്പറേറ്റുകളുടെ പിൻബലം സ്വീകരിച്ച് അവർക്കു വേണ്ടി പദ്ധതികളൊരുക്കാൻ പാടുപെടുന്ന വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികൾ ജനങ്ങളെ അഭിമുഖീകരിക്കുന്നത് വെറും നേരമ്പോക്കിനുള്ള ആരോപണ പ്രത്യാരോപണങ്ങളുന്നയിച്ചുകൊണ്ടാണു്. സ്ഥാനാർത്ഥി നിർണയത്തിൽ പോലും മതസാമുദായിക വികാരം ഇളക്കിവിടാൻ ശ്രമിയ്ക്കുന്ന കക്ഷികളുടെ രാഷ്ട്രീയം സാമുദായിക പ്രീണനമായിമാറിയിരിയ്ക്കുന്നു. 

അന്യ മത വിദ്വേഷം പ്രചരിപ്പിയ്ക്കുന്നത് രാഷ്ട്രീയകാര്യപരിപാടിയാകുന്നതിനും തെരഞ്ഞെടുപ്പിൽ വിഷയമാകുന്നതിനും ഭയമില്ലാതായിരിയ്ക്കുന്നു. മതവിദ്വേഷം ജനിപ്പിക്കാനും മതവിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിയ്ക്കാനും ചൂഷിതരായ ജനങ്ങളുടെ യോജിപ്പും ഒന്നിച്ചുള്ള പോരാട്ടവും ഉണ്ടാകാതിരിയ്ക്കുവാനും സ്വാതന്ത്ര്യ സമരക്കാലത്തു വർഗീയ വാദികൾ നടത്തിയ ശ്രമങ്ങൾ ഇന്ത്യാ വിഭജനത്തിലേയ്ക്കും വർഗീയ ലഹളകളിലേയ്ക്കും മഹാത്മാ ഗാന്ധിയെ  വധിയ്ക്കുന്നതിലേയ്ക്കും നയിച്ചു. വ്യവസ്ഥാപിത രാഷ്ടീയത്തിലെ എല്ലാ ചേരികളും ഓരോവിധത്തിൽ വർഗീയതയെ താലോലിയ്ക്കുന്നു. അതിന്റെ ഏറ്റവും തീവ്ര മുഖമായി മാറിയിരിയ്ക്കുന്നത് ഭാരതീയ ജനതാ  പാർട്ടിയാണ്. ആയതിനാൽ അവർക്ക് ഒരു വോട്ടു പോലും ചെയ്യരുതേ എന്നഭ്യർത്ഥിയ്ക്കുന്ന രാഷ്ട്രീയം കൂടി ഇതോടൊപ്പം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്.


കോർപ്പറേറ്റുകളുടെയും പാറമട കള്ളപ്പണസംഘങ്ങളുടെയും പണക്കൊഴുപ്പിലാണ് വ്യവസ്ഥാപിതകക്ഷികളുടെ  സ്ഥാനാർത്ഥികൾ മൽസരിക്കുന്നതെന്ന് സമ്മതിദായകർ തിരിച്ചറിയണം. ആദർശശാലികളെന്ന് ലേബലൊട്ടിച്ച ആളുകൾ വരെ തെരഞ്ഞെടുപ്പിൽ കോടികൾ ചെലവൊഴിയ്ക്കുന്നു.  പണ ശക്തിയുടെ ആധിപത്യം തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിറുത്തിയാലേ ജനാധിപത്യമുണ്ടാകൂ. വ്യവസ്ഥാപിത കക്ഷികളുടെ സ്ഥാനാർത്ഥികൾ കോർപ്പറേറ്റുകൾ സ്പോൺസർ ചെയ്യുന്നവരാകുമ്പോൾ തെരഞ്ഞെടുക്കപ്പെടുന്നവർ വിലയ്ക്കെടുക്കപ്പെട്ട അടിമകളെപ്പോലെയായി മാറുന്നു. വ്യവസായികളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നുള്ള ചെങ്ങാത്ത മുതലാളിത്തവാഴ്ചയാണ് രാജ്യത്ത് നടക്കുന്നത്. ഈ കക്ഷികൾ ജനദ്രോഹ അജണ്ടയിലേക്ക് രാഷ്ട്രീയത്തെ തിരിച്ചു വിടുന്നു.


എല്ലാവർക്കും നീതി 


അഭിപ്രായസ്വാതന്ത്ര്യത്തെ ദുർബലമാക്കുന്ന അധികാര ദുർവിനിയോഗങ്ങളുടെ കടന്നുവരവും കോർപ്പറേറ്റുകണ്ണുകളും ജനാധിപത്യത്തിനു ഭീഷണിയാണ്. വ്യക്തികളുടെ സ്വകാര്യതയ്ക്കും  പൗരാവകാശങ്ങൾക്കും ഭീഷണിയുയർത്തുന്ന നിയമങ്ങളും ഇല്ലാതായേതീരൂ. 

ആഗോളവൽക്കരണ - ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി രാജ്യത്തെ കർഷകരെ ഒരു വർഗമെന്ന നിലയിൽത്തന്നെ ഇല്ലാതാക്കുന്ന കർഷക വിരുദ്ധ നിയമങ്ങൾ കൊണ്ടുവന്നതിനെതിരെ രാജ്യമെമ്പാടും കർഷകർ സമരത്തിലാണ്. പക്ഷെ കേരളത്തിൽ കർഷക സമരം ശക്തി പ്രാപിയ്ക്കാത്തതിനുകാരണം അതിനെ പിന്താങ്ങുന്നുവെന്നുഭാവിയ്ക്കുന്ന കേരളത്തിലെ മുഖ്യധാരാ കക്ഷികൾ  വഞ്ചനാപൂർവം അതിൽ നിന്ന് അകന്നു നില്ക്കുന്നതുകൊണ്ടുകൂടിയാണെന്നുകാണണം. 


രാജ്യത്തിന്റെ പരമാധികാരത്തിനും ഫെഡറൽ സ്വഭാവത്തിനും ഇടിവു സംഭവിക്കാൻ പാടില്ല. സംസ്ഥാനങ്ങളുടെ സാമ്പത്തികവും ഭരണപരവുമായുള്ള അവകാശങ്ങൾക്ക് കുറവു സംഭവിക്കുന്നതിനെ കാണാതിരിക്കുന്ന കക്ഷികളുടെ കയ്യിൽ സംസ്ഥാനം സുരക്ഷിതമാവില്ല എന്നുവ്യക്തമാണ്. 


എല്ലാവർക്കും തൊഴിലും സാമ്പത്തിക സമത്വവും അന്തസ്സും ഉറപ്പു വരുത്തുന്ന വികസന നയം കൊണ്ടുവരണമെന്നത് വളരെ പ്രധാനമാണ്.  എല്ലാം രംഗത്തെയും അദ്ധ്വാനത്തിന് ഏറെക്കുറെ സമാനമായ വേതനം / പ്രതിഫലം ഉറപ്പുവരുത്തണം. ജനങ്ങളുടെ വരുമാനം ഏറെക്കുറെ തുല്യമാക്കി  രാജ്യത്തെ ധനികരും പാവങ്ങളും തമ്മിലുള്ള വർദ്ധിച്ചു വരുന്ന വിടവ് കുറയ്ക്കുവാനുള്ള നയപരിപാടികൾ നടപ്പിലാക്കണം. ഉയർന്ന വരുമാനവും താഴ്ന്ന വരുമാനവും തമ്മിലുള്ള അന്തരം കുറയ്ക്കണം. സംവരണം സാമൂഹികവിഭാഗങ്ങളുടെ പ്രാതിനിധ്യം അധികാരസംവിധാനത്തിൽ ഉറപ്പുവരുത്താൻ മാത്രമാകണം. 


മനുഷ്യർ മനുഷ്യരെയും സമൂഹം സമൂഹത്തെയും ചൂഷണം ചെയ്യാത്ത സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയും സമൃദ്ധിയുമാണ് നമുക്കാവശ്യം. അതിനുതകുന്ന വികേന്ദ്രീകൃത ഉല്പാദനരീതിയും വികസന നയവും വേണം. 

എല്ലാ പൗരൻമാരും ഓരോ വിധത്തിൽ രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്നവരായതിനാൽ 60 വയസ്സു കഴിഞ്ഞ എല്ലാ പൗരൻമാർക്കും ഒരു പോലെ മാന്യമായി ജീവിക്കാനാവശ്യമായ പെൻഷൻ ഉറപ്പുവരുത്തണം. ഇന്നത്തെ നിലയ്ക്ക് അത് പതിനായിരം രൂപയെങ്കിലുമായിരിയ്ക്കണം.  എല്ലാവർക്കും പെൻഷനെന്ന ക്ഷേമ പരിപാടി പല രാജ്യങ്ങളിലും പ്രാവർത്തികമാക്കിയിട്ടുള്ളതാണ്.


മാരക രോഗങ്ങളുടേതടക്കം എല്ലാ ചികിൽസകളുടെയും ചിലവുകളും സർക്കാർ വഹിക്കണമെന്നത് സംസ്ഥാനത്തിന്റെ ആരോഗ്യനയമായിരിയ്ക്കണം. ആവശ്യമായ എല്ലാവർക്കും സുരക്ഷിതമായ വാസസ്ഥലവും അന്ത്യകാലസംരക്ഷണവും സൗജന്യമായി ഉറപ്പുവരുത്തുകയെന്നതും സർക്കാരിന്റെ നയമായിരിയ്ക്കണം.

 

അർഹതയുള്ള എല്ലാവർക്കും ഉന്നത/ പ്രഫഷണൽ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കേണ്ടതും വിദ്യാഭ്യാസച്ചിലവ് സൗജന്യമായോ പിന്നീട് അവരുടെ ശമ്പള വരുമാനത്തിൽനിന്നു പലിശയില്ലാതെ പിടിയ്ക്കാവുന്ന കടമായോ സർക്കാർ അനുവദിച്ചുനല്കണം. 


പന്ത് ജനങ്ങളുടെ കോർട്ടിൽ എത്തുന്ന അവസരമാണ് തെരഞ്ഞെടുപ്പ്. ഇത് ജനങ്ങൾക്ക് ഗോളടിക്കാനുളള സമയമാണ്. ജീർണിച്ച രഷ്ട്രീയത്തിന്റെ സ്ഥാനത്ത് പുതിയ രാഷ്ട്രീയവും രാഷ്ടീയ സംസ്കാരവും ഉയർന്നുവരുന്നതിന് ഈ തെരഞ്ഞെടുപ്പിനെ ഉപയോഗിയ്ക്കുക. അനീതിയുടെ വിവിധരൂപങ്ങൾക്കെതിരെ നമുക്ക് ചെറുത്തുനില്പ് നടത്താം.


ഫുട്ബോൾ അടയാളത്തിൽ വോട്ടുചെയ്ത് സോഷ്യലിസ്റ്റ് മൂല്യങ്ങൾക്കും സംസ്കാരത്തിനും വേണ്ടി നിലകൊള്ളുന്ന സഖാവ് അഡ്വ. ജയ്മോൻ തങ്കച്ചനെ വിജയിപ്പിക്കണമെന്ന് ഓരോ സമ്മതിദായകരോടും അഭ്യർത്ഥിക്കുന്നു. 


സമാജവാദി ജനപരിഷത്ത് തെരഞ്ഞെടുപ്പുസമിതിയ്ക്കുവേണ്ടി, 


കൺവീനർ ഈ.വി.ജോസഫ്, 


കടുത്തുരുത്തി

1196 മീനം 09 (2021 മാർച്ച് 23)


മനഃസ്സാക്ഷിയോടെ ഹർത്താൽ ആചരിയ്ക്കുക: സമാജവാദി ജനപരിഷത്ത്



കൂത്താട്ടുകുളം, ഏപ്രിൽ 6 -- ഭാരത ബന്ദിനോടനുബന്ധിച്ച് ഇന്ത്യയുടെ പല ഭാഗത്ത് ദളിതർക്കുനേരെയുണ്ടായ സംഘടിതമായ അക്രമം, വെടിവെപ്പ്, കൊലപാതകം, കൊളള, ജാത്യാക്ഷേപം എന്നിവയിൽ പ്രതിഷേധിച്ച് 2018 ഏപ്രിൽ 9 തിങ്കളാഴ്ച പകൽ സമയം കേരള ജനത സമാധാനപരമായി പ്രതിഷേധഹർത്താൽ ആചരിക്കണമെന്ന് സമാജവാദി ജനപരിഷത്ത് സംസ്ഥാന സമിതി പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. ജാതിമേൽക്കോയ്മക്കെതിരെ സമത്വത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിയ്ക്കുന്നജനങ്ങൾ ഒരുമിച്ച് നിൽക്കേണ്ട സന്ദർഭമാണിത്.

ജനങ്ങൾ ആരുടെയും സമ്മർദ്ദപ്രകാരമല്ലാതെ മനഃസ്സാക്ഷിയനുസരിച്ചു സ്വമേധയാ നടത്തുന്ന ഹർത്താൽ ആചരണം മാത്രമേ സമാജവാദി ജനപരിഷത്ത് അംഗീകരിയ്ക്കുന്നുള്ളൂ. ഏതുപ്രകാരത്തിലുമുള്ള അക്രമത്തെയും സമാജവാദി ജനപരിഷത്ത് എതിർക്കുന്നു. ഹർത്താലിന്റെ വിജയം ഭയരഹിതമായ പൊതുജനാഭിപ്രായം അതിലൂടെ പുറത്തുവരുമ്പോഴാണു്. സ്വാതന്ത്ര്യസമരക്കാലത്തെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അക്രമരാഹിത്യത്തെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തണം. ഹർത്താലിനു് മഹാത്മാഗാന്ധിയും ഡോ.ലോഹിയായും നല്കിയ അർത്ഥമാണു് സമാജവാദി ജനപരിഷത്ത് സ്വീകരിച്ചിട്ടുള്ളതു്. സന്മനസ്സുള്ളവർ ഹർത്താൽ നടത്തണം. താല്പര്യമില്ലാത്തവർക്കു് അതിൽ പങ്കെടുക്കാതിരിയ്ക്കാം. ആരെയും നിർബന്ധിയ്ക്കുന്നില്ല. നിയമലംഘനത്തിനു് ആഹ്വാനം ചെയ്യുന്നുമില്ല. ജനജീവിതത്തെ ബലമായി നിശ്ചലമാക്കുന്നതു് ഹർത്താലല്ല.
സമാജവാദി ജനപരിഷത്ത് സംസ്ഥാന സമിതിയുടെ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വിനോദ് പയ്യട അദ്ധ്യക്ഷത വഹിച്ചു. ജോഷി ജേക്കബ്ബ്, എബി ജോൺ വൻനിലം, സുരേഷ് നരിക്കുനി, ജയ്‌മോൻ തങ്കച്ചൻ,എം.എൻ. തങ്കപ്പൻ, ഫ്രാൻസിസ് ഞാളിയൻ, കുരുവിള ജോൺ, കുതിരോട്ട് പ്രദീപൻ, ബിനു നെയ്യാറ്റിൻകര തുടങ്ങിയവർ പ്രസംഗിച്ചു.

1193 മീനം 23 / 2018 ഏപ്രിൽ 6


യഥാർത്ഥ വിത്തുകൾ ഇല്ലാതാക്കുന്ന അന്തകവിത്തുകൾ വ്യാപകമാകുന്നത് ലോകനാഗരികതയ്ക്കു് ഭീഷണി: സമാജവാദി ജനപരിഷത്തു്‌ സംസ്ഥാന സമ്മേളനം


സമാജവാദി ജനപരിഷത്തു്‌ സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു്‌ ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്‌ സംസാരിയ്‌ക്കുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എബി ജോൺ വൻനിലം, സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം എൻ തങ്കപ്പൻ എന്നിവർ സമീപം.

കൂത്താട്ടുകുളം: കുത്തകകൾ ജനിതകമാറ്റം വരുത്തിയിറക്കിയിരിക്കുന്ന അന്തകവിത്തുകൾ വ്യാപകമായിക്കൊണ്ടിരിക്കുന്നത് യഥാർത്ഥ വിത്തുകൾ ഇല്ലാതാക്കുമെന്നും ലോകനാഗരികതയ്ക്കും ഭൂമിയിലെ ജീവിവർഗത്തിനു മൊത്തത്തിലും ഭീഷണിയാണെന്നും കൂത്താട്ടുകുളത്ത് കെ.പി. ജനാർദ്ദനൻ നമ്പൂതിരി നഗരിയിൽ (ഹൗസ്കോസ് ഓഡിറ്റോറിയം) 2017 ഏപ്രിൽ 23 നു് നടന്ന സമാജവാദി ജനപരിഷത്തു്‌ സംസ്ഥാന പ്രതിനിധിസമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. ഏപ്രിൽ 22ന് പാലക്കാട് കളക്ടറേറ്റിനു മുമ്പിൽ ആരംഭിച്ച അനിശ്ചിതകാല പ്ലാച്ചിമടസത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച സമ്മേളനം ആതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കുള്ള നീക്കങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

തിബത്തൻ ജനതയുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും തിബത്തൻ പ്രശ്‌നപരിഹാരത്തിനായി ചൈന ധർമശാലയിലെ തിബത്തൻ പ്രവാസി സർക്കാരുമായി ചർച്ച ചെയ്ത് ഒത്തുതീർപ്പിലെത്തണമെന്നും സമാജവാദി ജനപരിഷത്ത് സമ്മേളനം ആവശ്യപ്പെട്ടു. അരുണാചലപ്രദേശിനു മേൽ അവകാശവാദം ഉയർത്താനും ചില സ്ഥലങ്ങൾക്കു പേരു നൽകുവാനും ചൈനീസ് അധിനിവേശവാദികൾ നടത്തുന്ന ശ്രമത്തിനെതിരെ ഇന്ത്യ രാജ്യാന്തര പിന്തുണ തേടണം.

ജമ്മു-കാശ്മീർ സംസ്ഥാനത്തെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനിറുത്തണമെന്ന ഉദ്ദേശ്യത്തോടെ ജനങ്ങളുടെ വിശ്വാസമാർജിക്കാനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ മുൻഗണന നല്കണമെന്നു് സമ്മേളനം നിർദേശിച്ചു.

സംസ്ഥാനപ്രസിഡന്റായി അഡ്വ വിനോദ്‌ പയ്യടയെയും (കണ്ണൂർ) ജനറൽ സെക്രട്ടറിയായി എബി ജോൺ വൻനിലത്തെയും (എറണാകുളം) വീണ്ടും തെരഞ്ഞെടുത്ത സമ്മേളനം 21 സംസ്ഥാനസമിതിയംഗങ്ങളെയും തെരഞ്ഞെടുത്തു.

പഴയ സോഷ്യലിസ്റ്റ് നേതാക്കളായ ചിത്ത ഡേ, പി.കെ.ആണ്ടിയച്ചൻ, പി.ബി.ആർ പിള്ള, റാം ഇക്ബാൽ വർസി, ആർ.കെ.നമ്പ്യാർ, എൻ.കെ.ഗംഗാധരൻ, പി.വിശ്വംഭരൻ, ജനാർദ്ദനൻ നമ്പൂതിരി, രവി റായ് എന്നിവരുടെ നിര്യാണത്തിൽ സമ്മേളനം അനുശോചിച്ചു.

ദേശീയതയായി ഭാവിക്കുന്ന വർഗീയത യഥാർത്ഥ ഇന്ത്യൻ ദേശീയതയ്ക്കു ഭീഷണിയാണെന്ന് രാവിലെ പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു്‌ സമാജവാദി ജനപരിഷത്തു്‌ അഖിലേന്ത്യാ അദ്ധ്യക്ഷൻ ജോഷി ജേക്കബ്‌ പ്രസ്‌താവിച്ചു.

മാനവീയതയ്ക്കു നേരെയുയർന്നിരിക്കുന്ന മാരകമായ ഭീഷണിയെന്ന നിലയിലാണ് ലോകമെമ്പാടും വർഗീയത ശക്തിയാർജിച്ചു വരുന്നതിനെ കാണേണ്ടത്. ജനങ്ങളെയും ജനങ്ങളുടെ ചിന്തയെയും സംസ്‌കാരത്തെയും കോർപ്പറേറ്റു ശക്തികൾ അവരുടെ സ്ഥാപിത താല്പര്യത്തിനനുസരിച്ച് രൂപപ്പെടുത്തുന്നതിനെ നേരിടുവാൻ ജനകീയശക്തികൾക്കു കഴിയുന്നില്ല. പൊതുജനാഭിപ്രായം വഴി തെറ്റിക്കപ്പെടുന്നത് ആശങ്കയുണർത്തുന്നതാണെന്നു് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിനിധിസമ്മേളനത്തിൽ സംസ്ഥാനപ്രസിഡന്റ്‌ അഡ്വ വിനോദ്‌ പയ്യട അദ്ധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട്‌ ജനറൽ സെക്രട്ടറി എബി ജോൺ വൻനിലവും രാഷ്ട്രീയ പ്രമേയം സംസ്ഥാനവൈസ് പ്രസിഡന്റ്‌ എം എൻ തങ്കപ്പനും സാമൂഹിക പ്രമേയം അഡ്വ ജയിമോൻ തങ്കച്ചനും അവതരിപ്പിച്ചു. സുരേഷ്‌ നരിക്കുനി, എം എൻ തങ്കപ്പൻ, കുരുവിള ജോൺ , ഫ്രാൻസിസ്‌ ഞാളിയൻ, ജിജി ജോൺ ,ഷാജി മോൻ പി.കെ, ഡേവിഡ് രാജു, അഡ്വ കുതിരോട്ട് പ്രദീപൻ, തോമസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദേശീയ സമ്മേളനം 2017 ഏപ്രിൽ 29,30, മെയ് 1 തീയതികളിൽ പശ്ചിമ ബംഗാളിലെ ജടേശ്വറിൽ ചേരുന്നതിന്റെ മുന്നോടിയായാണു് കേരള സംസ്ഥാന പ്രതിനിധി സമ്മേളനം ചേർന്നത്.


സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദ്വൈവാർഷിക സംസ്ഥാന സമ്മേളനം ഏപ്രിൽ 23ന്


കൂത്താട്ടുകുളം -- സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം 2017 ഏപ്രിൽ 23 ഞായറാഴ്ച കൂത്താട്ടുകുളത്ത് ഹൗസ്കോസ് ഓഡിറ്റോറിയത്തിൽ നടക്കും. ഈയിടെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവു് കെ.പി. ജനാർദ്ദനൻ നമ്പൂതിരിയുടെ പേരുനല്കിയിട്ടുള്ള സമ്മേളനനഗരിയിൽ രാവിലെ പത്തുമണിയ്ക്കു് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെയും സംസ്ഥാനസമിതിയെയും പ്രതിനിധിസമ്മേളനംതെരഞ്ഞെടുക്കും.

സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദേശീയ സമ്മേളനം 2017 ഏപ്രിൽ 29,30, മെയ് 1 തീയതികളിൽ പശ്ചിമ ബംഗാളിലെ ജടേശ്വറിൽ ചേരുന്നതിന്റെ മുന്നോടിയായാണു് സംസ്ഥാന പ്രതിനിധി സമ്മേളനം ചേരുന്നത്.