പി.ഒ പീറ്ററിന് പ്രൗഢ ഗംഭീരമായ അന്ത്യാഞ്ജലി


കോട്ടയം, 2026 ഒക്ടോബർ 7: ഇന്നലെ  ഒക്ടോബർ 6 ചൊവ്വാഴ്ച ഉച്ചയ്ക്ക് അന്തരിച്ച സമാജ വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റും ദലിത ക്രൈസ്തവ നേതാവുമായ പി.ഒ. പീറ്ററിന്റെ മൃത സംസ്കാരം വന്‍ ജനാവലിയുടെയും രാഷ്ട്രീയ സാമൂഹിക നേതാക്കളുടെയും സാന്നിധ്യത്തിൽ അന്ത്യാളം സെന്റ് മാതൃു സീറോ മലബാർ റോമൻ കത്തോലിക്കാ പള്ളിയിൽ നടന്നു. ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് മാര്‍ ജേക്കബ് മുരിക്കനും പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും മുഖ്യകാര്‍മികത്വം വഹിച്ചു. കെസിബിസി എസ്‌സി, എസ്ടി, ബിസി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ഗീവര്‍ഗീസ് മാര്‍ എഫ്രേം സഹകാര്‍മികത്വം വഹിച്ചു.


രാവിലെ എട്ടരയോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ സീറോ മലബാർ റോമൻ കത്തോലിക്കാ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി, സംസ്ഥാന ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് , സമാജവാദി ജനപരിഷത്ത് സംസ്ഥാന ദേശീയ നേതാക്കൾ, ദലിത് കത്തോലിക്കാ മഹാജനസഭയുടെ (ഡി.സി.എം.എസ്.) നേതാക്കൾ, തുടങ്ങി എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളും നേതാക്കളും അന്ത്യോപചാരം അർപ്പിച്ചു.


 ബിഷപ് മാത്യൂ  മുരിക്കന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരുമണിയ്ക്കു നടന്ന ചരമശുശ്രൂഷകൾക്കുശേഷം ഉച്ചയ്ക്ക് ഒന്നരയ്ക്ക് മൃതദേഹം അന്ത്യാളം സെന്റ് മാതൃു പള്ളിയിൽ കൊണ്ടു വന്നു. ജോസ് കെ.മാണി എം പി, സുനിൽ സൈന്ധവ മൊഴി അടക്കം അനവധി പേർ അവിടെ അന്ത്യോപചാരം അർപ്പിയ്ക്കാനെത്തിയിരുന്നു.


പൊതുദർശനത്തിനു ശേഷം രണ്ടരയ്ക്കു ശേഷം പള്ളിയിൽ നടന്ന അന്ത്യ ശുശ്രൂഷകൾക്ക് പാലാ മെത്രാൻ ജോസഫ് മാർ കല്ലറങ്ങാട്ട് നേതൃത്വം നല്കി. കേരള കാത്തലിക്ക് ബിഷപ്സ് കോൺഫറൻസിന്റെ എസ്. സി .എസ്.റ്റി കമ്മീഷൻ ചെയർമാൻ ഗീവറുഗീസ് മാർ അഫ്രേം ബിഷപ്പും നിരവധി വൈദീകരും സഹകാർമികരായിരുന്നു. മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഡിസിഎംഎസ് മുന്‍ സംസ്ഥാന ഡയറക്‌ടറും എസ്‌‌സി, എസ്ടി കമ്മീഷന്‍ സെക്രട്ടറിയുമായിരുന്ന ഫാ. ജോസ് വടക്കേക്കുറ്റ്,  ഡിസിഎംഎസ് പാലാ രൂപത ഡയറക്‌ടര്‍ ഫാ. തോമസ് കിഴക്കേനെല്ലിത്താനത്ത്, മുന്‍ ഡയറക്‌ടര്‍ ഫാ. മാത്യു കിഴക്കേഅരഞ്ഞാണിയില്‍, വിജയപുരം രൂപത ഡയറക്‌ടര്‍ ഫാ. ജോസഫ് തറയില്‍, ഫാ. ജോയി വയലില്‍ സിഎസ്ടി, രൂപത പ്രസിഡന്‍റ് ബിനോയ് ജോണ്‍, തുടങ്ങിയവർ സംസ്കാരശുശ്രൂഷയിൽ പങ്കെടുത്തു. മൂന്നേ മുക്കാലോടെ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.


സമാജവാദി ദേശീയ നിർവാഹകസമിതിയംഗം ജോഷി ജേക്കബ്,  സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ എബി ജോൺ വൻനിലം, അഡ്വ ജയ്മോൻ തങ്കച്ചൻ, ജനറൽ സെക്രട്ടറി ഇ.വി ജോസഫ്, സെക്രട്ടറി അഡ്വ. കെ.കെ. രാമൻ, സംസ്ഥാന സമിതിയംഗം കെ.എസ്.ചാക്കോ, മാർട്ടിൻ ഇടപ്പള്ളിപ്പുള്ളിയിൽ,ശാലിനി ജയ്മോൻ തുടങ്ങിയവർ  രാവിലെ മുതൽ സംസ്കാര ചടങ്ങുകൾ അവസാനിക്കുന്നതുവരെ സന്നിഹിതരായിരുന്നു. രാവിലെ ദേശീയ സമിതിയ്ക്കും സംസ്ഥാന സമിതിയ്ക്കും വേണ്ടി  പുഷ്പചക്രം സമർപ്പിക്കുകയും മൃതദ്ദേഹത്തിൽ സമാജവാദി ജനപരിഷത്ത് പതാക പുതപ്പിയ്ക്കുകയും ചെയ്തിരുന്നു. 

ദലിത് കത്തോലിക്ക മഹാജനസഭയുടെ (ഡി.സി.എം.എസ്.) സംസ്ഥാന പ്രസിഡന്‍റ് ഷിബു ജോസഫ്, വൈസ് പ്രസിഡന്‍റ് ജോയി അരുവിത്തുറ, ഓര്‍ഗനൈസര്‍ ജോയി കൂനാനിക്കല്‍, വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേല്‍  തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു.

--


പി.ഒ. പീറ്റർ അന്തരിച്ചു

കോട്ടയം,ഒക്ടോബർ 6 : സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റും ദലിത് കത്തോലിക്ക മഹാജനസഭയുടെ (ഡി.സി.എം.എസ്.) മുൻ സംസ്ഥാന പ്രസിഡന്റുമായ പി.ഒ.പീറ്റർ ഒക്ടോബർ 6 ചൊവ്വാഴ്ച ഉച്ചയ്ക്ക് അന്തരിച്ചു.  ഹൃദ്രോഗത്തെത്തുടർന്ന് വിശ്രമത്തിലായിരുന്നു. 66 വയസ്സായിരുന്നു.


2024 ഏപ്രിൽ 26-ാം തീയതി നടന്ന പതിനെട്ടാം ലോകസഭാ തെരഞ്ഞെടുപ്പിൽ സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥിയായി കോട്ടയം ലോകസഭാ മണ്ഡലത്തിൽ മൽസരിച്ചിരുന്നു.


മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ പയപ്പാർ പോസ്റ്റൽ അതിർത്തിയിൽ പാറയിൽ വീട്ടിൽ ഔസേപ്പ്- മറിയം ദമ്പതികളുടെ മകനായി 1957-ൽ ജനിച്ച പി.ഒ.പീറ്റർ ഹരിജൻ കത്തോലിക്കാ മഹാജന സഭയിലൂടെ സാമൂഹിക പ്രവർത്തന രംഗത്തിറങ്ങി. 1986 ൽ ദലിത ക്രൈസ്തവരുടെ സംവരണ നിഷേധത്തിലേയ്ക്കു ശ്രദ്ധ ക്ഷണിയ്ക്കാനായി പാലാ നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചു. 1984 മുതൽ ഹരിജൻ കത്തോലിക്കാ മഹാജന സഭയുടെ സംസ്ഥാന ഓർഗനൈസറും പാലാ രൂപതാ പ്രസിഡന്റുമായി പ്രവർത്തിച്ചു. ഹരിജൻ കത്തോലിക്കാ മഹാജന സഭ 1995-ൽ ദലിത് കത്തോലിക്ക മഹാജനസഭ (ഡി.സി.എം.എസ്.) എന്ന പേരുസ്വീകരിച്ചപ്പോഴും അതേ ചുമതലയിൽ തുടർന്നു. 2000 മുതൽ 2010 വരെ ദലിത് കത്തോലിക്ക മഹാജനസഭയുടെ സംസ്ഥാന പ്രസിഡന്റായി. 2017 - ൽ സമാജവാദി ജനപരിഷത്തിൽ അംഗമായി. സമാജവാദി ജനപരിഷത്ത് ജില്ലാ പ്രസിഡന്റ് സംസ്ഥാന ഉപാധ്യക്ഷൻ എന്നീ നിലയിൽ പ്രവർത്തിച്ച അദ്ദേഹം 2025 ഒക്ടോബർ 6 തിങ്കളാഴ്ച കുത്താട്ടുകുളത്ത് ചേർന്ന സമാജവാദി ജനപരിഷത്ത് സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

സമരവഴി

1989 ൽ മലയാറ്റൂരു നിന്നും പദയാത്രയായി രാജഭവനു മുമ്പിലേയ്ക്കു നടത്തിയ രാജ്ഭവൻ മാർച്ചിലും തുടർന്ന് സെക്രട്ടറിയേറ്റ് പടിക്കൽ തുടങ്ങിയ റിലേ സത്യാഗ്രഹത്തിലും സജീവ പങ്കു വഹിച്ചു. ഡിസംബർ 24 ന് ക്രിസ്മസിനു വേണ്ടി താൽക്കാലികമായി നിറുത്തിവച്ച സത്യാഗ്രഹം 27 ന് പുനരാരംഭിച്ച് 1990 ഫെബ്രുവരിയിൽ നിറുത്തിവച്ചു. അതുകഴിഞ്ഞ് 1990 മാർച്ച് 5 ന് നിരാഹാരസത്യാഗ്രഹം ആരംഭിച്ചു. സെക്രട്ടറിയേറ്റിന് മുമ്പിൽ 6 ദിവസം നിരാഹാര സത്യാഗ്രഹം നടത്തിയത് പി.ഒ.പീറ്റർ ആയിരുന്നു. മെയ് 15 ന് മുഖ്യമന്ത്രി ഇ.കെ. നായനാർ ഇടപെട്ട് രണ്ടു ആനുകൂല്യങ്ങൾ നല്കിക്കൊണ്ട് സമരം അവസാനിപ്പിച്ചു. വിവിധ കോഴ്സുകൾക്കുള്ള എസ്.സി.എസ്.റ്റി.  റിസർവേഷൻ സീറ്റിൽ ഒഴിവ് വരുന്ന സീറ്റുകൾ പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് ലഭിച്ചതും പാരലൽ കോളെജിൽ പഠിക്കുന്ന പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് ലംസംഗ്രാന്റ്,  നേഴ്സിങ് പഠിയ്ക്കുന്ന പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് എന്നിവ അനുവദിച്ചതും അങ്ങനെയാണ്. (എന്നാൽ എസ്.സി.എസ്.റ്റി.  റിസർവേഷൻ സീറ്റിൽ ഒഴിവ് വരുന്ന സീറ്റുകൾ പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് നൽകുന്നത് പിന്നീട് നിറുത്തി ജനറൽ ആക്കി. ഇത് പുനഃസ്ഥാപിക്കണമെന്നുള്ള ആവശ്യം ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ല)


1990 ൽ ഡൽഹിയിൽ രാഷ്ട്രപതി വെങ്കിട്ടരാമൻ, പ്രധാനമന്ത്രി വിപി സിംഹ്, സാമൂഹിക ക്ഷേമ മന്ത്രി റാം വിലാസ് പാസ്വാൻ തുടങ്ങിയവർക്ക് നിവേദനം നല്കുവാൻ പോയ 13 അംഗ സംഘത്തിൽ അദ്ദേഹം അംഗമായിരുന്നു. 2 ലക്ഷം പേർ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിയ്ക്കു നൽകി.  1996 ഓഗസ്റ്റ് 16 ന് ബോട്ട് ക്ലബ് മൈതാനിയിൽ പതിനായിരം പേർ പങ്കെടുത്ത റാലിയും പൊതുസമ്മേളനവും നടത്തുന്നതിനു നേതൃത്വം നല്കിയവരിലൊരാളുമായിരുന്നു അദ്ദേഹം. 2010ൽ നടത്തിയ പാർലമെന്റു മാർച്ചിൽ അദ്ദേഹത്തിനു ലാത്തിയടിയേറ്റ് റാം മനോഹർ ലോഹിയാ ആശുപത്രിയിൽ കിടക്കേണ്ടി വന്നു.  


ഒഡീഷയിലെ കലഹാന്തി ജില്ലയിലെ സിജി മലി മലനിരകളിലെ ആദിവാസികളെയും കർഷകരെയും ഖനന മാഫിയ അക്രമപരമായി കുടിയൊഴിപ്പിക്കുന്ന തിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ നടത്തുന്ന അടിച്ചമർത്തലിനെതിരെയും ജയിലിലടച്ചിരിക്കുന്ന സമരനേതാവും സോഷ്യലിസ്റ്റ് നേതാവുമായ സമാജവാദി ജന പരിഷത്തിൻ്റെ ദേശീയ അദ്ധ്യക്ഷൻ ലിംഗരാജ് ആസാദ് അടക്കമുള്ളവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും കോട്ടയത്ത് ഗാന്ധി പ്രതിമയുടെ സമീപത്ത് അടുത്തിടെ നടത്തിയ സത്യാഗ്രഹമായിരുന്നു അവസാനമായി പങ്കെടുത്ത പൊതു പരിപാടി.


മരണം

2026   ജൂലൈ മദ്ധ്യത്തിൽപി.ഒ പീറ്റർ ഹൃദയാഘാതത്തെ തുടർന്നു പാലാ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തോടൊപ്പം ക്രിയാറ്റിൻ കൂടിയത് ആശങ്കയുളവാക്കിയിരുന്നു അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും കാണേണ്ടവരായിട്ടുള്ളവർ കണ്ടുകൊള്ളാനും ചികിൽസിക്കുന്ന ഡോക്ടർമാർ അറിച്ചു. പക്ഷെ സ്ഥിതി പെട്ടെന്ന് ആശ്വാസകരമായ നിലയിലേയ്ക്ക് വന്നു. 2026   ജൂലൈ 18നുആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി രാമപുരത്തെ സഹോദരിയുടെ വീട്ടിലേയ്ക്കുപോയി. പിന്നീട് പയപ്പാർ പാറയിൽ വീട്ടിൽ വിശ്രമത്തിലായിരുന്നു. വിശ്രമജീവിതം അവസാനിപ്പിച്ച് സമാജവാദിജനപരിഷത്ത് കേരള സംസ്ഥാന സമിതി യോഗം വിളിച്ച് വീണ്ടും പൊതുജീവിതത്തിലേയ്ക്കു പ്രവേശിയ്ക്കുന്നതിനിടെയായിരുന്നു മരണം. 2026 ഒക്ടോബർ 6 ചൊവ്വാഴ്ച ഉച്ചയ്ക്കു അന്തരിച്ച സംസ്കാരം 2026 ഒക്ടോബർ 7 ബുധനാഴ്ച ഉച്ചകഴിഞ്ഞ് പാലാ പയപ്പാറിലുള്ള വസതിയിലെ ശുശ്രൂഷകൾക്കു ശേഷം അന്ത്യാളം സെന്റ് മാത്യു പള്ളി സെമിത്തേരിയിൽ നടന്നു.

കുടുംബം

അവിവാഹിതനായിരുന്നു. സഹോദരങ്ങൾ: ചിന്നമ്മ ഇളംതോട്ടത്തിൽ (പരേത), സെബാസ്റ്റ്യൻ (പരേതൻ), മാത്യു പി ഒ, പി.ഒ ജോസഫ്, ത്രേസ്യാമ്മ ഏറത്ത് (റിട്ട. സെന്റ് ജോസഫ്സ് യുപി സ്കൂള്കണ്ണാടിയുറുമ്പ്), മേരി (റിട്ട. സെന്റ് മൈക്കിൾസ് എച്ച്എസ്എസ് പ്രവിത്താനം, എസ്.വി.ഡി പ്രാര്ഥനാനികേതന്, കടുത്തുരുത്തി, ഏലിയാമ്മ.


പരിണിതപ്രജ്ഞനായ നേതാവ്


പല പ്രലോഭനങ്ങളുണ്ടായിട്ടും അതിൽ നിന്നൊക്കെ വഴിമാറി നടന്ന് ആദർശത്തിന്റെ പക്ഷത്ത് പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്കുമായി  പി ഒ പീറ്റർ തന്റെ  ജീവിതം സമർപ്പിച്ചു വെന്ന് സമാജവാദി ജനപരിഷത്ത് സംസ്ഥാന സമിതി അനുസ്മരിച്ചു.


അടിച്ചമർത്തപ്പെട്ടവരിലെ അവഗണിക്കപ്പെട്ട ദലിത ക്രൈസ്‌തവ സമൂഹത്തിന്റെ അവകാശങ്ങൾക്കുവേണ്ടി നിസ്‌തന്ദ്രമായി പ്രവർത്തിച്ച ത്യാഗധനനായ ഒരാളെയാണ് പി. ഒ. പീറ്ററിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും മുൻ പ്രസിഡന്റുമായ അഡ്വ. ജോഷി ജേക്കബ് അനുശോചിച്ചു.


 സമർപ്പിതമായ സാമൂഹിക രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉത്തമ മാതൃകയായ പി. ഒ. പീറ്ററിന്റെ വിയോഗത്തിലൂടെ നഷ്‌ടമായിരിക്കുന്നത് എന്ന് സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി അഭിപ്രായപ്പെട്ടു.