സമാജവാദി ജനപരിഷത്ത്‌ ദേശീയ ജനറല്‍ സെക്രട്ടറി ഭായി സുനില്‍ അന്തരിച്ചു

നവ ദെല്‍ഹി: പ്രമുഖ സോഷ്യലിസ്‌റ്റ്‌ നേതാവും സമാജവാദി ജനപരിഷത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ സുനില്‍ (54) 2014 ഏപ്രില്‍ 21-ആം തീയതി തിങ്കളാഴ്‌ച രാത്രി 11.30നു്‌ അന്തരിച്ചു. ന്യൂഡല്‍ഹിയിലെ ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ദില്ലിയിലെ ലോധി റോഡിലെ വൈദ്യുതി ശ്‌മശാനത്തില്‍ നടത്തി.

തന്റെ പ്രവര്‍ത്തന കേന്ദ്രമായ മദ്ധ്യപ്രദേശിലെ ഇട്ടാര്‍സിയ്‌ക്കടുത്തുള്ള കേസ്‌ലയില്‍ കഴിഞ്ഞ ഏപ്രില്‍ 16-ന്‌ മസ്‌തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നു്‌ അബോധാവസ്ഥയിലായ അദ്ദേഹത്തെ ആദ്യം ഹോഷംഗബാദിലെ ആശുപത്രിയിലും അതുകഴിഞ്ഞു്‌ ഭോപ്പാലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണു്‌ ന്യൂഡല്‍ഹിയിലെ ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലേയ്‌ക്കു്‌ മാറ്റിയതു്‌.


പ്രമുഖ സാമ്പത്തിക രാഷ്‌ട്രീയ ചിന്തകനും ജനകീയ സമരങ്ങളുടെ അറിയപ്പെടുന്ന പോരാളിയുമായ അദ്ദേഹം കിഷന്‍ പട്‌നായിക്‌ തുടക്കം കുറിച്ച ഹിന്ദിയിലുള്ള സോഷ്യലിസ്റ്റ്‌ പ്രസിദ്ധീകരണമായ സാമായിക്‌ വാര്‍ത്തയുടെ പത്രാധിപനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

1959 നവംബര്‍ 4-നു്‌ ജനിച്ച അദ്ദേഹം സുനില്‍ ഗുപ്‌ത എന്ന തന്റെ പേരില്‍ നിന്നു്‌ ജാതിസൂചകമായ ഗുപ്‌ത ഉപേക്ഷിച്ചു. ഭായി സുനില്‍ എന്നു്‌ വിളിയ്‌ക്കപ്പെടാനാണദ്ദേഹം ആഗ്രഹിച്ചതു്‌.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവ്‌ എന്ന നിലയില്‍ ആണ്‌ സുനില്‍ രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്‌. 1980-ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരികെ എത്തിയപ്പോള്‍ പിന്നാക്കവിഭാഗ-പിന്നാക്ക പ്രദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ സ്വീകരിച്ച എതിരായ നടപടികളില്‍ പ്രതിഷേധിച്ച്‌ ഉണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭണത്തെ നേരിടാന്‍ സര്‍വ്വകലാശാല അടച്ചുപൂട്ടിയപ്പോള്‍ ഗവേഷണം ഉപേക്ഷിച്ച്‌ കേസ്‌ലയില്‍ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു. നര്‍മ്മദയുടെ പോഷക നദിയായ തവ നദിയില്‍ നിര്‍മ്മിച്ച അണക്കെട്ടിനും മിലിട്ടറി പദ്ധതിയ്‌ക്കും മറ്റുമായി കുടിയൊഴിപ്പിച്ച ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി കിസാന്‍ ആദിവാസി സംഘടന സ്ഥാപിച്ച്‌ പ്രക്ഷോഭണങ്ങള്‍ നടത്തി. തവ അണക്കെട്ടില്‍ കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ കൊടുത്തിരുന്ന മത്സ്യബന്ധന അവകാശം നീണ്ട കാല സമരങ്ങള്‍ക്ക്‌ ഒടുവില്‍ റദ്ദ്‌ ചെയ്‌ത്‌ ആദിവാസികള്‍ രൂപീകരിച്ച സഹകരണസംഘങ്ങളുടെ ഫെഡറേഷന്‌ നല്‍കി.

അനവധി കര്‍ഷക സമരങ്ങള്‍ക്കും മറ്റനവധി ജനകീയ പ്രക്ഷോഭണങ്ങള്‍ക്കും നേതൃത്വം നല്‍കിയ സുനില്‍ ജി ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) ന്റെ പ്രമുഖ നേതാവായിരുന്നു. ജനകീയ പ്രസ്ഥാനങ്ങളില്‍ നിന്നും ഒരു രാഷ്‌ട്രീയ ശക്തി ഉണ്ടാക്കുന്നതിന്‌ മേധാപട്‌കറും അരുണാ റോയിയും കിഷന്‍ പട്‌നായിക്കും മുന്‍കൈ എടുത്ത്‌ രൂപം കൊടുത്ത ജനകീയ രാഷ്‌ട്രീയ മുന്നണി (പി.പി.എഫ്‌) യുടെയും പിന്നീടുണ്ടായ ലോക്‌ രാജ്‌നീതി മഞ്ചിന്റെയും നേതൃത്വത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തില്‍ നവമായ ധാര സൃഷ്‌ടിച്ച കിഷന്‍പട്‌നായിക്കിന്റെയും ചിന്തകനായ സച്ചിദാനന്ദ സിന്‍ഹയുടേയും അനുയായി ആയ അദ്ദേഹം കര്‍ഷക ആത്മഹത്യ, അഴിമതി നിര്‍മ്മാര്‍ജനം, ആണവ നയം, സാമൂഹിക സമത്വം തുടങ്ങി അനവധി വിഷയങ്ങളില്‍ പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്‌. ആം ആദ്‌മി പാര്‍ട്ടിയുടെ നേതാവായ യോഗേന്ദ്ര യാദവ്‌ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ അദ്ദേഹത്തിന്റെ അനുയായി ആയിരുന്നു.

ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിട്യൂട്ടില്‍ ഡോക്‌ടറായ സഹോദരന്‍ ഡോ.സോമേഷിന്‌ അദ്ദേഹത്തിന്റെ ഒരു വൃക്ക രണ്ടുവര്‍ഷം മുന്‍പ്‌ നല്‍കി.

പത്രപ്രവര്‍ത്തകയും ആക്‌ടിവിസ്റ്റുമായ ഭാര്യ സ്‌മിത അദ്ദേഹത്തോടൊപ്പം കേസ്‌ ലയിലെ ആദിവാസി മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. മക്കളായ ശിവ്‌ലി വനജ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ സാമ്പത്തിക ശാസ്‌ത്ര ഗവേഷണ വിദ്യാര്‍ത്ഥിനിയും ഇക്‌ബാല്‍ അഭിമന്യു (ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാ ശാലയില്‍ സ്‌പാനീഷ്‌ ഭാഷാ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും ആണു്‌.

സുനില്‍ അന്തരിച്ചു

സുനില്‍ജി അത്യാസന്നനിലയില്‍

ദെല്‍ഹി: മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്നു് ദെല്‍ഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ പ്രവിശിപ്പിച്ചിരിയ്ക്കുന്ന സമാജവാദി ജനപരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ഭായിയുടെ (54) നില ഗുരുതരമായി തുടരുന്നു.

വ്യാഴാഴ്ച മദ്ധ്യപ്രദേശിലെ ബൈത്തുളില്‍ വച്ചാണു് അദ്ദേഹത്തിനു് മസ്തിഷ്കാഘാതമുണ്ടായതു്. മെച്ചപ്പെട്ട ചികില്‍സയ്ക്കായി ഭോപ്പാലിലെ ആശുപത്രിയിലേയ്ക്കും പിന്നീട് എയര്‍ ആംബുലന്‍സില്‍ ദെല്‍ഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേയ്ക്കും അദ്ദേഹത്തെ മാറ്റുകയായിരുന്നു. ഭാര്യ സ്മിതയും മക്കളായ ശിവലിയും ഇക്ബാല്‍ അഭിമന്യുവും ഒപ്പമുണ്ടു്.