2021 നിയമസഭാ തെരഞ്ഞെടുപ്പ് നിലപാട്

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക: സമാജവാദി ജനപരിഷത്തിന്റെ തെരഞ്ഞെടുപ്പ് നിലപാട്


2021 ഏപ്രിൽ ആറാം തീയതി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ   എല്ലാ സമ്മതിദായകരും  പങ്കെടുത്ത് വോട്ടുചെയ്യണം; ജനാധിപത്യത്തെ ശക്തിപ്പെടുത്തണം. സമാജവാദി ജനപരിഷത്ത് കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിറുത്തിയിട്ടുണ്ട്. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കേരള ജനതാ പാർട്ടി സ്ഥാനാർത്ഥി അബ്ദു സമദിനെ പിന്തുണയ്ക്കുന്നു.  മറ്റു നിയോജക മണ്ഡലങ്ങളിൽ സമത്വത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന  സ്ഥാനാർത്ഥികളുണ്ടെങ്കിൽ അവരെ കണ്ടെത്തി വോട്ടുചെയ്യണം. മറ്റൊരു വഴിയുമില്ലെങ്കിൽ മാത്രം  നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തി അനുപേക്ഷണീയരല്ലാത്ത  സ്ഥാനാർത്ഥികളെ നിരാകരിയ്ക്കണം.


വർഗീയതയെ വളർത്താനും മതവികാരങ്ങളെയും വിശ്വാസങ്ങളെയും ചൂഷണം ചെയ്യാനും ശ്രമിക്കുന്ന കക്ഷികളെയും സ്ഥാനാർത്ഥികളെയും പരാജയപ്പെടുത്തണം. പ്രത്യേകിച്ച്, ദലിതർക്കും ആദിവാസികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമത്തിന്റെയും വർഗീയതയുടെയും തീവ്രമുഖമായ ബിജേപിയ്ക്കും സഖ്യകക്ഷികൾക്കും ഒരു വോട്ടു പോലും ചെയ്യരുതെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്യന്നു.


കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ഫുട്ബോൾ ചിഹ്നത്തിൽ മൽസരിക്കുന്ന സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥി സഖാവ് അഡ്വ ജെയിമോൻ തങ്കച്ചന് വോട്ടുചെയ്ത്  വിജയിപ്പിക്കണമെന്ന് അവിടത്തെ  സമ്മതിദായകരോട് പ്രത്യേകമായി സംസ്ഥാനസമിതി  അഭ്യർത്ഥിയ്ക്കുന്നു.


സമാജവാദി ജനപരിഷത്ത് സംസ്ഥാനസമിതി


സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥി സഖാവ് അഡ്വ. ജയ്മോൻ തങ്കച്ചനെ ഫുട്ബോൾ അടയാളത്തിൽ വോട്ടുചെയ്ത് വിജയിപ്പിക്കുക.


അഭ്യർത്ഥന

പ്രിയ സമ്മതിദായകരേ,

2021 ഏപ്രിൽ ആറാം തീയതി നടക്കുന്ന കേരളനിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ ഇന്നത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനമായ സമാജവാദി ജനപരിഷത്തിന്റെ സ്ഥാനാർത്ഥിയായി അഭിഭാഷകൻ കൂടിയായ സഖാവ് അഡ്വ. ജയ്മോൻ തങ്കച്ചൻ മൽസരിക്കുകയാണ്.

അഭൂതപൂർവമായ വിലക്കയറ്റവും  നശീകരണവികസനവും  ലോക് ഡൗണും ഒക്കെയായി ജനജീവിതം ദുസ്സഹവും അരക്ഷിതവും ആയിത്തീർന്നിരിയ്ക്കുന്ന സമയത്താണ് ഈ തെരഞ്ഞെടുപ്പു നടക്കുന്നതെന്നു എല്ലാവർക്കുമറിയാം. എന്നാൽ ഭരണ-പ്രതിപക്ഷ കക്ഷികളൊന്നും ഇതു തെരഞ്ഞെടുപ്പുവിഷയമാക്കിയിട്ടില്ല. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട അജണ്ടകളെ അവർ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിറുത്തിയിരിയ്ക്കുന്നു. 


കോർപ്പറേറ്റുകളുടെ പിൻബലം സ്വീകരിച്ച് അവർക്കു വേണ്ടി പദ്ധതികളൊരുക്കാൻ പാടുപെടുന്ന വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികൾ ജനങ്ങളെ അഭിമുഖീകരിക്കുന്നത് വെറും നേരമ്പോക്കിനുള്ള ആരോപണ പ്രത്യാരോപണങ്ങളുന്നയിച്ചുകൊണ്ടാണു്. സ്ഥാനാർത്ഥി നിർണയത്തിൽ പോലും മതസാമുദായിക വികാരം ഇളക്കിവിടാൻ ശ്രമിയ്ക്കുന്ന കക്ഷികളുടെ രാഷ്ട്രീയം സാമുദായിക പ്രീണനമായിമാറിയിരിയ്ക്കുന്നു. 

അന്യ മത വിദ്വേഷം പ്രചരിപ്പിയ്ക്കുന്നത് രാഷ്ട്രീയകാര്യപരിപാടിയാകുന്നതിനും തെരഞ്ഞെടുപ്പിൽ വിഷയമാകുന്നതിനും ഭയമില്ലാതായിരിയ്ക്കുന്നു. മതവിദ്വേഷം ജനിപ്പിക്കാനും മതവിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിയ്ക്കാനും ചൂഷിതരായ ജനങ്ങളുടെ യോജിപ്പും ഒന്നിച്ചുള്ള പോരാട്ടവും ഉണ്ടാകാതിരിയ്ക്കുവാനും സ്വാതന്ത്ര്യ സമരക്കാലത്തു വർഗീയ വാദികൾ നടത്തിയ ശ്രമങ്ങൾ ഇന്ത്യാ വിഭജനത്തിലേയ്ക്കും വർഗീയ ലഹളകളിലേയ്ക്കും മഹാത്മാ ഗാന്ധിയെ  വധിയ്ക്കുന്നതിലേയ്ക്കും നയിച്ചു. വ്യവസ്ഥാപിത രാഷ്ടീയത്തിലെ എല്ലാ ചേരികളും ഓരോവിധത്തിൽ വർഗീയതയെ താലോലിയ്ക്കുന്നു. അതിന്റെ ഏറ്റവും തീവ്ര മുഖമായി മാറിയിരിയ്ക്കുന്നത് ഭാരതീയ ജനതാ  പാർട്ടിയാണ്. ആയതിനാൽ അവർക്ക് ഒരു വോട്ടു പോലും ചെയ്യരുതേ എന്നഭ്യർത്ഥിയ്ക്കുന്ന രാഷ്ട്രീയം കൂടി ഇതോടൊപ്പം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്.


കോർപ്പറേറ്റുകളുടെയും പാറമട കള്ളപ്പണസംഘങ്ങളുടെയും പണക്കൊഴുപ്പിലാണ് വ്യവസ്ഥാപിതകക്ഷികളുടെ  സ്ഥാനാർത്ഥികൾ മൽസരിക്കുന്നതെന്ന് സമ്മതിദായകർ തിരിച്ചറിയണം. ആദർശശാലികളെന്ന് ലേബലൊട്ടിച്ച ആളുകൾ വരെ തെരഞ്ഞെടുപ്പിൽ കോടികൾ ചെലവൊഴിയ്ക്കുന്നു.  പണ ശക്തിയുടെ ആധിപത്യം തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിറുത്തിയാലേ ജനാധിപത്യമുണ്ടാകൂ. വ്യവസ്ഥാപിത കക്ഷികളുടെ സ്ഥാനാർത്ഥികൾ കോർപ്പറേറ്റുകൾ സ്പോൺസർ ചെയ്യുന്നവരാകുമ്പോൾ തെരഞ്ഞെടുക്കപ്പെടുന്നവർ വിലയ്ക്കെടുക്കപ്പെട്ട അടിമകളെപ്പോലെയായി മാറുന്നു. വ്യവസായികളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നുള്ള ചെങ്ങാത്ത മുതലാളിത്തവാഴ്ചയാണ് രാജ്യത്ത് നടക്കുന്നത്. ഈ കക്ഷികൾ ജനദ്രോഹ അജണ്ടയിലേക്ക് രാഷ്ട്രീയത്തെ തിരിച്ചു വിടുന്നു.


എല്ലാവർക്കും നീതി 


അഭിപ്രായസ്വാതന്ത്ര്യത്തെ ദുർബലമാക്കുന്ന അധികാര ദുർവിനിയോഗങ്ങളുടെ കടന്നുവരവും കോർപ്പറേറ്റുകണ്ണുകളും ജനാധിപത്യത്തിനു ഭീഷണിയാണ്. വ്യക്തികളുടെ സ്വകാര്യതയ്ക്കും  പൗരാവകാശങ്ങൾക്കും ഭീഷണിയുയർത്തുന്ന നിയമങ്ങളും ഇല്ലാതായേതീരൂ. 

ആഗോളവൽക്കരണ - ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി രാജ്യത്തെ കർഷകരെ ഒരു വർഗമെന്ന നിലയിൽത്തന്നെ ഇല്ലാതാക്കുന്ന കർഷക വിരുദ്ധ നിയമങ്ങൾ കൊണ്ടുവന്നതിനെതിരെ രാജ്യമെമ്പാടും കർഷകർ സമരത്തിലാണ്. പക്ഷെ കേരളത്തിൽ കർഷക സമരം ശക്തി പ്രാപിയ്ക്കാത്തതിനുകാരണം അതിനെ പിന്താങ്ങുന്നുവെന്നുഭാവിയ്ക്കുന്ന കേരളത്തിലെ മുഖ്യധാരാ കക്ഷികൾ  വഞ്ചനാപൂർവം അതിൽ നിന്ന് അകന്നു നില്ക്കുന്നതുകൊണ്ടുകൂടിയാണെന്നുകാണണം. 


രാജ്യത്തിന്റെ പരമാധികാരത്തിനും ഫെഡറൽ സ്വഭാവത്തിനും ഇടിവു സംഭവിക്കാൻ പാടില്ല. സംസ്ഥാനങ്ങളുടെ സാമ്പത്തികവും ഭരണപരവുമായുള്ള അവകാശങ്ങൾക്ക് കുറവു സംഭവിക്കുന്നതിനെ കാണാതിരിക്കുന്ന കക്ഷികളുടെ കയ്യിൽ സംസ്ഥാനം സുരക്ഷിതമാവില്ല എന്നുവ്യക്തമാണ്. 


എല്ലാവർക്കും തൊഴിലും സാമ്പത്തിക സമത്വവും അന്തസ്സും ഉറപ്പു വരുത്തുന്ന വികസന നയം കൊണ്ടുവരണമെന്നത് വളരെ പ്രധാനമാണ്.  എല്ലാം രംഗത്തെയും അദ്ധ്വാനത്തിന് ഏറെക്കുറെ സമാനമായ വേതനം / പ്രതിഫലം ഉറപ്പുവരുത്തണം. ജനങ്ങളുടെ വരുമാനം ഏറെക്കുറെ തുല്യമാക്കി  രാജ്യത്തെ ധനികരും പാവങ്ങളും തമ്മിലുള്ള വർദ്ധിച്ചു വരുന്ന വിടവ് കുറയ്ക്കുവാനുള്ള നയപരിപാടികൾ നടപ്പിലാക്കണം. ഉയർന്ന വരുമാനവും താഴ്ന്ന വരുമാനവും തമ്മിലുള്ള അന്തരം കുറയ്ക്കണം. സംവരണം സാമൂഹികവിഭാഗങ്ങളുടെ പ്രാതിനിധ്യം അധികാരസംവിധാനത്തിൽ ഉറപ്പുവരുത്താൻ മാത്രമാകണം. 


മനുഷ്യർ മനുഷ്യരെയും സമൂഹം സമൂഹത്തെയും ചൂഷണം ചെയ്യാത്ത സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയും സമൃദ്ധിയുമാണ് നമുക്കാവശ്യം. അതിനുതകുന്ന വികേന്ദ്രീകൃത ഉല്പാദനരീതിയും വികസന നയവും വേണം. 

എല്ലാ പൗരൻമാരും ഓരോ വിധത്തിൽ രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്നവരായതിനാൽ 60 വയസ്സു കഴിഞ്ഞ എല്ലാ പൗരൻമാർക്കും ഒരു പോലെ മാന്യമായി ജീവിക്കാനാവശ്യമായ പെൻഷൻ ഉറപ്പുവരുത്തണം. ഇന്നത്തെ നിലയ്ക്ക് അത് പതിനായിരം രൂപയെങ്കിലുമായിരിയ്ക്കണം.  എല്ലാവർക്കും പെൻഷനെന്ന ക്ഷേമ പരിപാടി പല രാജ്യങ്ങളിലും പ്രാവർത്തികമാക്കിയിട്ടുള്ളതാണ്.


മാരക രോഗങ്ങളുടേതടക്കം എല്ലാ ചികിൽസകളുടെയും ചിലവുകളും സർക്കാർ വഹിക്കണമെന്നത് സംസ്ഥാനത്തിന്റെ ആരോഗ്യനയമായിരിയ്ക്കണം. ആവശ്യമായ എല്ലാവർക്കും സുരക്ഷിതമായ വാസസ്ഥലവും അന്ത്യകാലസംരക്ഷണവും സൗജന്യമായി ഉറപ്പുവരുത്തുകയെന്നതും സർക്കാരിന്റെ നയമായിരിയ്ക്കണം.

 

അർഹതയുള്ള എല്ലാവർക്കും ഉന്നത/ പ്രഫഷണൽ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കേണ്ടതും വിദ്യാഭ്യാസച്ചിലവ് സൗജന്യമായോ പിന്നീട് അവരുടെ ശമ്പള വരുമാനത്തിൽനിന്നു പലിശയില്ലാതെ പിടിയ്ക്കാവുന്ന കടമായോ സർക്കാർ അനുവദിച്ചുനല്കണം. 


പന്ത് ജനങ്ങളുടെ കോർട്ടിൽ എത്തുന്ന അവസരമാണ് തെരഞ്ഞെടുപ്പ്. ഇത് ജനങ്ങൾക്ക് ഗോളടിക്കാനുളള സമയമാണ്. ജീർണിച്ച രഷ്ട്രീയത്തിന്റെ സ്ഥാനത്ത് പുതിയ രാഷ്ട്രീയവും രാഷ്ടീയ സംസ്കാരവും ഉയർന്നുവരുന്നതിന് ഈ തെരഞ്ഞെടുപ്പിനെ ഉപയോഗിയ്ക്കുക. അനീതിയുടെ വിവിധരൂപങ്ങൾക്കെതിരെ നമുക്ക് ചെറുത്തുനില്പ് നടത്താം.


ഫുട്ബോൾ അടയാളത്തിൽ വോട്ടുചെയ്ത് സോഷ്യലിസ്റ്റ് മൂല്യങ്ങൾക്കും സംസ്കാരത്തിനും വേണ്ടി നിലകൊള്ളുന്ന സഖാവ് അഡ്വ. ജയ്മോൻ തങ്കച്ചനെ വിജയിപ്പിക്കണമെന്ന് ഓരോ സമ്മതിദായകരോടും അഭ്യർത്ഥിക്കുന്നു. 


സമാജവാദി ജനപരിഷത്ത് തെരഞ്ഞെടുപ്പുസമിതിയ്ക്കുവേണ്ടി, 


കൺവീനർ ഈ.വി.ജോസഫ്, 


കടുത്തുരുത്തി

1196 മീനം 09 (2021 മാർച്ച് 23)