പി.ഒ. പീറ്റർ

 (കോട്ടയം ലോകസഭാമണ്ഡലത്തിലെ സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥി - 2024) 


കോട്ടയം: മീനച്ചിൽ താലൂക്കിൽ ലാലം വില്ലേജിൽ പയപ്പാർ പോസ്റ്റൽ അതിർത്തിയിൽ പാറയിൽ വീട്ടിൽ ഔസേപ്പ്- മറിയം ദമ്പതികളുടെ മകനായി 1957-ൽ ജനിച്ച പി.ഒ.പീറ്റർ ഹരിജൻ കത്തോലിക്കാ മഹാജന സഭയിലൂടെ സാമൂഹിക പ്രവർത്തന രംഗത്തിറങ്ങി. 1986 ൽ ദലിത ക്രൈസ്തവരുടെ സംവരണ നിഷേധത്തിലേയ്ക്കു ശ്രദ്ധ ക്ഷണിയ്ക്കാനായി പാലാ നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചു. 1984 മുതൽ ഹരിജൻ കത്തോലിക്കാ മഹാജന സഭയുടെ സംസ്ഥാന ഓർഗനൈസറും പാലാ രൂപതാ പ്രസിഡന്റുമായി പ്രവർത്തിച്ചു. ഹരിജൻ കത്തോലിക്കാ മഹാജന സഭ 1995-ൽ ദലിത് കത്തോലിക്ക മഹാജനസഭ (ഡി.സി.എം.എസ്.) എന്ന പേരുസ്വീകരിച്ചപ്പോഴും അതേ ചുമതലയിൽ തുടർന്നു. 2000 മുതൽ 2010 വരെ ദലിത് കത്തോലിക്ക മഹാജനസഭയുടെ സംസ്ഥാന പ്രസിഡന്റായി. 2017 മുതൽ സമാജവാദി ജനപരിഷത്തിൽ അംഗമാണു്.

 

1989 ൽ മലയാറ്റൂരു നിന്നും പദയാത്രയായി രാജഭവനു മുമ്പിലേയ്ക്കു നടത്തിയ രാജ്ഭവൻ മാർച്ചിലും തുടർന്ന് സെക്രട്ടറിയേറ്റ് പടിക്കൽ തുടങ്ങിയ റിലേ സത്യാഗ്രഹത്തിലും സജീവ പങ്കു വഹിച്ചു. ഡിസംബർ 24 ന് ക്രിസ്മസിനു വേണ്ടി താൽക്കാലികമായി നിറുത്തിവച്ച സത്യാഗ്രഹം 27 ന് പുനരാരംഭിച്ച് 1990 ഫെബ്രുവരിയിൽ നിറുത്തിവച്ചു. അതുകഴിഞ്ഞ് 1990 മാർച്ച് 5 ന് നിരാഹാരസത്യാഗ്രഹം ആരംഭിച്ചു. സെക്രട്ടറിയേറ്റിന് മുമ്പിൽ 6 ദിവസം നിരാഹാര സത്യാഗ്രഹം നടത്തിയത് പി.ഒ.പീറ്റർ ആയിരുന്നു. മെയ് 15 ന് മുഖ്യമന്ത്രി ഇ.കെ. നായനാർ ഇടപെട്ട് രണ്ടു ആനുകൂല്യങ്ങൾ നല്കിക്കൊണ്ട് സമരം അവസാനിപ്പിച്ചു. വിവിധ കോഴ്സുകൾക്കുള്ള എസ്.സി.എസ്.റ്റി.  റിസർവേഷൻ സീറ്റിൽ ഒഴിവ് വരുന്ന സീറ്റുകൾ പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് ലഭിച്ചതും പാരലൽ കോളെജിൽ പഠിക്കുന്ന പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് ലംസംഗ്രാന്റ്,  നേഴ്സിങ് പഠിയ്ക്കുന്ന പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് എന്നിവ അനുവദിച്ചതും അങ്ങനെയാണ്. (എന്നാൽ എസ്.സി.എസ്.റ്റി.  റിസർവേഷൻ സീറ്റിൽ ഒഴിവ് വരുന്ന സീറ്റുകൾ പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് നൽകുന്നത് പിന്നീട് നിറുത്തി ജനറൽ ആക്കി. ഇത് പുനർസ്ഥാപിക്കണമെന്നുള്ള ആവശ്യം ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ല)

 

1990 ൽ ഡൽഹിയിൽ രാഷ്ട്രപതി വെങ്കിട്ടരാമൻ, പ്രധാനമന്ത്രി വിപി സിംഹ്, സാമൂഹിക ക്ഷേമ മന്ത്രി റാം വിലാസ് പാസ്വാൻ തുടങ്ങിയവർക്ക് നിവേദനം നല്കുവാൻ പോയ 13 അംഗ സംഘത്തിൽ അദ്ദേഹം അംഗമായിരുന്നു. 2 ലക്ഷം പേർ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിയ്ക്കു നൽകി.  1996 ഓഗസ്റ്റ് 16 ന് ബോട്ട് ക്ലബ് മൈതാനിയിൽ പതിനായിരം പേർ പങ്കെടുത്ത റാലിയും പൊതുസമ്മേളനവും നടത്തുന്നതിനു നേതൃത്വം നല്കിയവരിലൊരാളുമായിരുന്നു അദ്ദേഹം. 2010ൽ നടത്തിയ പാർലമെന്റു മാർച്ചിൽ അദ്ദേഹത്തിനു ലാത്തിയടിയേറ്റ് റാം മനോഹർ ലോഹിയാ ആശുപത്രിയിൽ കിടക്കേണ്ടി വന്നു.  

 

പല പ്രലോഭനങ്ങളുണ്ടായിട്ടും അതിൽ നിന്നൊക്കെ വഴിമാറി നടന്ന് ആദർശത്തിൻറെ പക്ഷത്തും, പിന്നാക്ക ജനവിഭാഗങ്ങളുടെയും അവകാശ പോരാട്ടങ്ങൾക്കുമായി തന്റെ ജീവിതം സമർപ്പിച്ച അദ്ദേഹത്തിന് 64 വയസ്സുണ്ട്. ഇപ്പോൾ സമാജവാദി ജനപരിഷത്ത് കോട്ടയം ജില്ലാ സമിതി പ്രസിഡൻറും ഡി.സി.എം.എസ്. സംസ്ഥാന സമിതി അംഗവുമാണ്.

ലോകസഭാ തെരഞ്ഞെടുപ്പു പ്രസ്താവന (2024 ഏപ്രിൽ )

സാമ്പത്തികവും ജാതി പരവും ലിംഗപരവുമായ സമത്വം നേടാൻ... പുതിയ ഇന്ത്യയ്ക്കായി ..

കോട്ടയം ലോകസഭാമണ്ഡലത്തിലെ സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥി പി.ഒ. പീറ്ററിനെ കൈവണ്ടി അടയാളത്തിൽ വോട്ടു ചെയ്ത് വിജയിപ്പിക്കുക

പ്രിയ സമ്മതിദായകരേ,

പതിനെട്ടാം ലോകസഭയിലേയ്ക്ക് 2024 ഏപ്രിൽ 26-ാം തീയതി നടക്കുന്ന തെരഞ്ഞെടുപ്പിൽ കോട്ടയം ലോകസഭാ മണ്ഡലത്തിൽ ജനാധിപത്യ സേഷ്യലിസ്റ്റ് പ്രസ്ഥാനമായ സമാജവാദി ജനപരിഷത്തിന്റെ സ്ഥാനാർത്ഥിയായി ജനപരിഷത്ത് കോട്ടയം ജില്ലാ പ്രസിഡൻറും ദലിത ക്രൈസ്തവ നേതാവുമായ പി.ഒ. പീറ്റർ മൽസരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ആദർശങ്ങളും മഹാത്മാ ഗാന്ധി, ഡോ. ഭീമറാവു അംബേഡ്കർ, ഡോ. റാം മനോഹർ ലോഹിയാ, ലോക്നായക് ജയപ്രകാശ് നാരായണൻ, തുടങ്ങിയവർ ഉയർത്തിയ മാനവവിമോചന ദർശനങ്ങളും പിന്തുടർന്നു കൊണ്ട് രാജ്യത്ത് സോഷ്യലിസ്റ്റ് രാഷ്ട്രീയ സാംസ്കാരിക ബദൽ സ്ഥാപിയ്ക്കുകയെന്നെ ലക്ഷ്യത്തോടെ ദേശീയ തലത്തിൽ പ്രവർത്തിയ്ക്കുന്ന രാഷ്ട്രീയ കക്ഷിയാണ് സമാജവാദി ജനപരിഷത്ത്.


രണ്ടു തവണയായി കഴിഞ്ഞ പത്തുവർഷം തുടർച്ചയായി കേന്ദ്രം ഭരിയ്ക്കുന്ന ഭാരതീയ ജനതാ പാർട്ടി (ഭജപ) നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാരിന്റ കാലാവധികഴിയുന്ന സാഹചര്യത്തിലാണു ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് നടക്കുന്നതു്. ഭജപ മുന്നണിയുടെ പത്തുവർഷത്തെ ഭരണം ഇന്ത്യയുടെ മതേതര ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിനും ഫെഡറലിസത്തിനും വലിയ ആഘാതം വരുത്തിക്കഴിഞ്ഞു. അഭിപ്രായസ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 180 രാജ്യങ്ങളിൽ 161-ാമത്തേത് ആയി മാറിയിരിയ്ക്കുന്നു. രാജ്യത്തിന്റെ ക്രമസമാധാനത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയർത്തുന്നവിധത്തിൽ സാമൂഹിക അനീതിയും അസഹിഷ്ണുതയും വർഗീയവാദവും കൊടികുത്തിവാഴുന്നു.


രാജ്യം പിന്തുടരുന്ന തെറ്റായ സാമ്പത്തിക നയത്തിന്റെ ഫലമായി തൊഴിലില്ലായ്മയും വിലക്കയറ്റവും കുതിച്ചു കയറിയിരിയ്ക്കുന്നു. ജനങ്ങളുടെ ജീവിതമാർഗങ്ങൾ ഓരോന്നായി അടഞ്ഞു കൊണ്ടിരിക്കുന്നു. രാജ്യത്ത് സാമ്പത്തിക അസമത്വം വളരെ വർദ്ധിച്ചിരിയ്ക്കുന്നു. ഇന്ത്യയിലെ സമ്പത്തിന്റെ നാല്പതു ശതമാനവും സമ്പന്നരായ ഒരു ശതമാനം കൈയടക്കിയതായി പഠനം വെളിപ്പെടുത്തുന്നു. 2023-ലെ ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങളിൽ 111-ാം സ്ഥാനത്താണ് ഇന്ത്യ എത്തിനില്ക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെൻ്റ് പ്രോഗ്രാം പുറത്തിറക്കിയ മാനവ വികസന സൂചികയില്‍ ഇന്ത്യ 193 രാജ്യങ്ങളിൽ 134-ാം സ്ഥാനത്താണു. വൻകിട വ്യവസായികളും ഉദ്യോഗസ്ഥമേധാവികളും രാഷ്ട്രീയക്കാരും ആയ മേൽജാതികളിലെ ഉന്നതർ ചേർന്നുള്ള ചെങ്ങാത്ത മുതലാളിത്തവാഴ്ചയാണ് രാജ്യത്ത് നടക്കുന്നത്. അതിൻ്റെ ഏറ്റവും തിക്ത ഫലം അനുഭവിയ്ക്കേണ്ടി വരുന്നത് ദലിതരും ആദിവാസികളും പിന്നാക്കരുമായ ജനവിഭാഗങ്ങളാണ്.


അഴിമതിയ്ക്കു നിയമസാധുത നല്കുന്ന നിയമങ്ങൾ വരെ നടപ്പിലാക്കി. ഇലക്റ്ററൽ ബോണ്ടും പിഎം കെയേഴ്സും അതിനുദാഹരണങ്ങളാണ്. എതൊക്കെ കമ്പനികൾ ഏതൊക്കെ രാഷ്ട്രീയകക്ഷികൾക്ക് എത്രയെത്ര രൂപ വീതം ഇലക്ടറൽ ബോണ്ടുകളായി രഹസ്യത്തിൽ നല്കിയെന്നതിന്റെ വിവരങ്ങൾ സുപ്രീം കോടതിയുടെ ഇടപെടൽ മൂലം പുറത്തുവന്നപ്പോൾ കണ്ടത് ഇന്ത്യൻ രാഷ്ട്രീയത്തെയും ജനാധിപത്യ സംവിധാനത്തെയും ഗ്രസിച്ചിരിക്കുന്ന വൻ അഴിമതിയുടെ നിഴലാണ്. ഇന്ത്യയിലെ വ്യവസ്ഥാപിത കക്ഷികളെല്ലാം പ്രവർത്തിക്കുന്നത് വൻ കോർപ്പറേറ്റുകളുടെ ചെലവിലാണെന്നത് അവരുടെ പണത്തിന്റെ ഉറവിടം അറിയുമ്പോൾ മനസ്സിലാകും. ഇന്ത്യയിലെ രാഷ്ട്രീയ അഴിമതികളുടെ മൂല കാരണം അമിതമായ തെരഞ്ഞെടുപ്പു ചെലവാണെന്നു പറഞ്ഞ് അതു കുറയ്ക്കുവാൻ വേണ്ട നടപടികൾ കൊണ്ടുവരുവാൻ ലോകനായക് ജയപ്രകാശ് നാരായണൻ നടത്തിയ പരിശ്രമങ്ങൾ ഓർമിയ്ക്കേണ്ടതാണ്. കോർപ്പറേററുകൾ  സ്പോൺസർ ചെയ്ത സ്ഥാനാർത്ഥികൾ ജയിച്ചുവരുമ്പോൾ കോർപ്പറേറ്റ് താൽപര്യം സംരക്ഷിയ്ക്കാൻ അവർ നിർബന്ധിതരാകും. പണ ശക്തിയുടെ ആധിപത്യം തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിറുത്തിയാലേ ജനാധിപത്യമുണ്ടാകൂ. വിദേശ-സ്വദേശ കോർപ്പറേറ്റുകളുടെയോ സ്ഥാപിത താൽപര്യക്കാരുടെയോ ഫണ്ട് സ്വീകരിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന സമാജവാദി ജന പരിഷത്ത് ജനകീയ രാഷ്ട്രീയത്തിനു വേണ്ടിനിലകൊള്ളുന്ന കക്ഷിയാണ്. 


രാജ്യത്തിന്റെ വിഭവങ്ങൾ ജനങ്ങളിൽ നിന്ന് പിടിച്ചടക്കി കോർപ്പറേറ്റുകൾക്കു കൊടുക്കുകയും സംസ്ഥാനങ്ങളെ ദുർബലമാക്കുകയും നാട്ടു ഭാഷാ സംസ്കാരങ്ങളെ ശിഥിലമാക്കുകയും ഒരു രാജ്യത്തിന് ഒരു തെരഞ്ഞെടുപ്പു മതിയെന്നു പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പുകൾ ഇല്ലാതാക്കുകയും ഭരണഘടനയുടെ അലകും പിടിയും മാറുകയും വിദ്യാഭ്യാസത്തിന്റെ വർഗീയ വൽക്കരണത്തിനായി പാഠ ഭാഗങ്ങൾ  തിരുത്തി വ്യാജ ചരിത്രങ്ങൾ ചേർക്കുകയും പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്ന നിയമംകൊണ്ടുവരികയും പൗരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും സ്വകാര്യതയും നിയന്ത്രിക്കുന്ന നിയമങ്ങൾ നിർമിയ്ക്കുകയും ജാതിവ്യവസ്ഥിതി ശക്തിപ്പെടുത്തുകയും ചെയ്യുമ്പോൾ അതിനെ തടയുവാനും നേരിടാനും ജനാധിപത്യവ്യവസ്ഥിതിയെ ശക്തിപ്പെടുത്താനും നിലനിറുത്തുവാനും ഭരണമാറ്റം വരുന്നത് നല്ലതാണ് എന്ന് സമ്മതി ദായകരും പൗരൻമാരും ആയ നാം എല്ലാവരും ചിന്തിയ്ക്കണം


ഭരണമാറ്റം കൊണ്ടുവരാനുള്ള അഖിലേന്ത്യാ പ്രതിപക്ഷത്തിന്റെ യോജിച്ച ശ്രമം എന്ന നിലയിലാണ് അഖിലേന്ത്യാതലത്തിൽ വ്യത്യസ്ഥ രാഷ്ട്രീയ ആദർശങ്ങളുള്ള കക്ഷികൾ ഒരുമിച്ച് ഇൻഡ്യാ (ഐ.എൻ.ഡി.ഐ.എ.) എന്ന ഒരു സഖ്യം രൂപവൽക്കരിച്ചത്. സമാജവാദി പരിഷത്ത് അതിനെ സ്വാഗതം ചെയ്യുകയും അതിനോടൊപ്പം നില്ക്കുകയും ചെയ്യുന്നു. 


എന്നാൽ ഈ പ്രതിപക്ഷ ഇൻഡ്യാ സഖ്യം കേരളത്തിൽ പ്രവർത്തിക്കുന്നില്ല. അതിനു കാരണം  കേന്ദ്ര സർക്കാരിനെ നയിയ്ക്കുന്ന ഭാരതീയ ജനത പാർട്ടിയുടെ സഖ്യം കേരളത്തിലെ പ്രധാനശക്തിയോ രണ്ടാം ശക്തിയോ അല്ലെന്നതാണ്. കേരളത്തിലെ ഭരണമുന്നണിയും പ്രതിപക്ഷ മുന്നണിയും ഇൻഡ്യാസഖ്യത്തിന്റെ ഭാഗമാണെങ്കിലും സൗഹൃദരഹിതമായി പരസ്പരം പൊരുതുന്നു. ഈ മുന്നണികൾ തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. 


ഈ സാഹചര്യത്തിൽ ഇരുമുന്നണിയിലും പെട്ടിട്ടില്ലാത്ത സമാജവാദി ജനപരിഷത്ത് സ്വന്തം നയങ്ങളും പരിപാടിയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഭരണമാറ്റത്തിനു വേണ്ടി പ്രവർത്തിച്ചുകൊണ്ടും ഇൻഡ്യാ സഖ്യത്തെ പിന്താങ്ങിക്കൊണ്ടും ഈ തെരഞ്ഞെടുപ്പിൽ കോട്ടയം ലോകസഭാമണ്ഡലത്തിൽ മൽസരിക്കുകയാണു്. ഇത് ജനാധിപത്യത്തെയും ജനകീയ രാഷ്ട്രീയത്തെയും ശക്തിപ്പെടുത്തുകയും ദേശീയ ബദൽ നിലപാടുകൾക്ക് ആഴവും ദിശയും  നൽകുകയും ചെയ്യും.


* റാം മനോഹർ ലോഹിയായുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വിദേശകാര്യവകുപ്പ് 1938-39 ൽ സ്വീകരിച്ചതും സ്വതന്ത്ര ഇന്ത്യ പിന്തുടർന്നതുമായ തുല്യ അസംഗതയുടെ സിദ്ധാന്തത്തിലും മൂന്നാം ചേരിവാദത്തിലും അധിഷ്ഠിതമായ വിദേശനയം പുനഃസ്ഥാപിയ്ക്കും.

* മറ്റു രാജ്യങ്ങളിലെ സ്വാതന്ത്ര്യ ജനാധിപത്യ പൗരസ്വാതന്ത്ര്യ അഭിപ്രായസ്വാതന്ത്ര്യ മതസ്വാതന്ത്ര്യ സമരങ്ങളെ പിന്താങ്ങുന്ന നയം തുടരും. ജനാധിപത്യ ലോകത്തിന്റെ വക്താവായിരിയ്ക്കും ഇന്ത്യ.

* ലോക സമാധാനത്തിനും നിരായുധീകരണത്തിനും വേണ്ടി ഇന്ത്യ നിലകൊള്ളും

* പാലസ്തീൻ ജനതയ്ക്കെതിരെ യിസ്രായെൽ നടത്തുന്ന യുദ്ധം അവസാനിപ്പിയ്ക്കുന്നതിനുവേണ്ടി ശ്രമിയ്ക്കും. യിസ്രായേൽ, പാലസ്തീൻ എന്നീ  രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങൾ നിലനില്ക്കുന്നുവെന്ന് അംഗീകരിക്കുകയാണ് പാലസ്തീൻ പ്രശ്നത്തിന് പ്രായോഗിക പരിഹാരം. യിസ്രായേൽ 1967-ലെ അതിർത്തിയിലേയ്ക്ക് മടങ്ങി പാലസ്തീൻ പ്രദേശങ്ങളുടെ മേലുള്ള അധിനിവേശം അവസാനിപ്പിച്ച് സഹോദര രാജ്യങ്ങളെന്ന നിലയിലേക്ക് മാറണം. സ്വതന്ത്ര പരമാധികാര മതേതര ബഹുകക്ഷി ജനാധിപത്യ പാലസ്തീന് ഇന്ത്യ പിന്തുണ നല്കും. പാലസ്തീൻ ജനതയെ പ്രതിനിധാനം ചെയ്യുന്നത് പാലസ്തീൻ വിമോചന സംഘടന (പി.എൽ.ഓ.) ആണെന്നും ഹമാസ് എന്ന വർഗീയ ഭീകരവാദി സംഘടനയുടെ പ്രവർത്തനം പാലസ്തീൻ ജനതയ്ക്ക് ദോഷം ചെയ്തുവെന്നും വ്യക്തമാക്കുന്നു.

* യിസ്രായേലിന്റെയും തുർക്കിയുടെയും സഹായത്തോടെ ആർമീനിയൻ ജനത വസിക്കുന്ന നഗർനോ കാരബാഹിനെ ദീർഘമായയുദ്ധത്തിലൂടെ അസർബൈജാൻ  അധിനിവേശം ചെയ്ത നടപടിയെ അംഗീകരിക്കുകയില്ല. നഗർനോ കാരാബാഹി നുമേലുള്ള തദ്ദേശീയ ആർമീനിയൻ ജനതയുടെ സ്വയംഭരണ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിന് പിന്തുണ നല്കും.

* ഒരുരാജ്യത്തുമുള്ള മതരാഷ്ട്രവാദത്തെയും മതരാഷ്ട്രീയത്തെയും അംഗീകരിക്കുകയില്ല.

* ഇന്ത്യാ ഉപഭൂകണ്ഡത്തിന്റെ സുരക്ഷിതത്വത്തിന് ഇന്തോ -പാക്-ബംഗ്ലാ കോൺഫെഡറേഷനു വേണ്ടി ശ്രമിയ്ക്കും

* കേന്ദ്രഭരണപ്രദേശമായി മാറ്റിയ ജമ്മു-കാശ്മീർ പ്രദേശത്തെ സംസ്ഥാനമായി പുനഃസ്ഥാപിയ്ക്കും.

* ഇന്ത്യ സ്വതന്ത്ര രാജ്യമായ സമയത്ത് ഇന്ത്യയുടെ ഹിമാലയൻ അയൽരാജ്യമായിരുന്നതും നയതന്ത്ര ബന്ധമുണ്ടായിരുന്നുമായ തിബത്തിന്റെമേൽ കമ്യൂണിസ്റ്റ് ചൈന നടത്തിയ അധിനിവേശത്തിനെതിരെ തിബത്തൻ ജനത നടത്തിക്കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ സമരത്തിന് ചർച്ചകളിലൂടെയും സമാധാന മാർഗങ്ങളിലൂടെയുമുള്ള പരിഹാരം കാണുന്നതിനെ അനുകൂലിയ്ക്കുന്നു.

* ചൈന കയ്യേറിയ ഇന്ത്യൻ പ്രദേശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള ശ്രമം ശക്തിപ്പെടുത്തും.

* സർവധർമ സമഭാവനയാണ് സമാജവാദി ജനപരിഷത്തിന്റെ മത നയം. മാനവ സംസ്കാരത്തിന് മതങ്ങൾ നല്കിയ സംഭാവനകൾ സുപ്രധാനമാണ്. മാനവീയതനേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം നിർദ്ദേശിക്കുകയാണ് മതങ്ങളുടെ ദൗത്യം.സമുദായ സൗഹാർദവും മതസൗഹാർദവും വളർത്തുവാനും ശക്തിപ്പെടുത്തുവാനും ഉള്ള ശ്രമം നടത്തും. പരസ്പരം അറിയാനും അറിയിയ്ക്കാനുമായി സർവമത സമ്മേളനങ്ങളും മതൈക്യ സമ്മേളനങ്ങളും ചേരുന്നതിനെ പ്രോൽസാഹിപ്പിയ്ക്കും. 

* അന്യമത വിദ്വേഷം പരത്തുക, വർഗീയ സംഘർഷമുണ്ടാക്കുക ദുർമന്ത്രവാദം, ദുർദേവതകളോടുള്ള ആരാധന, ദുരാചാരങ്ങൾ, അന്ധവിശ്വാസം, അയിത്തം, ഉച്ചനീചത്വം തുടങ്ങിയ മാനവീയ വിരുദ്ധ സാമൂഹിക വിരുദ്ധ മതപ്രവണതകളെ എതിർക്കുന്നു. ജാതിവ്യവസ്ഥയെ ഇന്ത്യൻ സാമൂഹിക ഘടനയുടെ ഭാഗമായാണ് ജനപരിഷത്ത് കാണുന്നത്.

* മതങ്ങൾ തമ്മിലുള്ള മൽസരവും മതങ്ങളിലെ ആഭ്യന്തര തർക്കങ്ങളും ക്രമസമാധാന പ്രശ്നമായി വളരുവാൻ അനുവദിക്കുകയില്ല. സൗഹാർദപരമായും ചർച്ചകളിലൂടെയും നിയമപരമായും നിയമവാഴ്ചയ്ക്കുള്ളിൽ അവയ്ക്ക് പരിഹാരം കണ്ടെത്തണം. നിയമവാഴ്ചയെ അവഗണിച്ചു കൊണ്ടുള്ള മതതർക്കങ്ങളെ നിയന്ത്രിയ്ക്കും.

* സംവരണം സാമൂഹികവിഭാഗങ്ങളുടെ പ്രാതിനിധ്യം അധികാരമണ്ഡലത്തിൽ ഉറപ്പുവരുത്താനായിരിക്കും. ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും ജാതി സംവരണം എർപ്പെടുത്തുന്നത്തിന്റെ ലക്ഷ്യം സമൂഹിക അസമത്വം ഇല്ലാതാക്കി ജാതി നിർമാർജനം ചെയ്യുക എന്നതാണ്. ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമായാണ് ജാതിവ്യവസ്ഥയെ ജനപരിഷത്ത് വിലയിരുത്തുന്നത്. ജാതിവ്യവസ്ഥ ഹിന്ദു മതത്തിന്റ ഭാഗമല്ലെന്നു ഉറപ്പാക്കും. 

* അതിനാൽ ജാതിസംവരണത്തിന് മതം പരിഗണിക്കാൻ പാടില്ല. എല്ലാ മതങ്ങളിലെയും ദലിതർക്കു വിവേചനമില്ലാതെ ജാതി സംവരണം ഉറപ്പാക്കും. ദലിത മുസ്‌ലീങ്ങളെയും ദലിത ക്രിസ്ത്യാനികളെയും പട്ടികജാതിയിൽ ഉൾപ്പെടുത്തും. ജാതിസംവരണം കാര്യക്ഷമമാക്കുവാൻ ജാതി സർവേ, കാനേഷുമാരി എടുക്കും. മത വിവേചനമില്ലാതെ എല്ലാവരെയും ജാതി സെൻസസിൽ ഉൾപ്പെടുത്തും.

* സാമ്പത്തിക സംവരണ ആശയം ജാതിസംവരണത്തിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതിനും സാമ്പത്തികസമത്വത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളെ തടയുന്നതിനും കാരണമാകും. സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം കൊണ്ടുവന്നു കൊണ്ട് രാജ്യത്തെ വർദ്ധിച്ചു വരുന്ന ദാരിദ്ര്യം ഇല്ലാതാക്കാനാവില്ല.  സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് സബ്സിഡി സാമ്പത്തിക സഹായം എന്നിവ ഏർപ്പെടുത്തണം.

* സച്ചർ കമ്മീഷൻ റിപ്പോർട്ട് രംഗനാഥ മിശ്ര കമ്മീഷൻ റിപ്പോർട്ട് എന്നിവ നടപ്പാക്കും.

* കാലോചിതമായി പരിഷ്കരിച്ച സമഗ്രമായ സംവരണ നയം ആവിഷ്കരിക്കും. സംവരണത്തിനുള്ളിലെ അസന്തുലിതാവസ്ഥയും അസമത്വവും പരിഹരിക്കാൻ നടപടിയെടുക്കും. സംവരണം അമ്പതു ശതമാനം വരെയെന്ന നിയന്ത്രണം ഇല്ലാതാക്കും

* സാമൂഹിക-സാമ്പത്തിക - രഷ്ട്രീയ അധികാരമണ്ഡലങ്ങളിൽ സ്ത്രീപുരുഷസമത്വം ഉറപ്പാക്കും. സ്ത്രീ സംവരണം ഉടൻ നടപ്പാക്കും

* 2020-ലെ ദേശീയവിദ്യാഭ്യാസനയം റദ്ദാക്കും.

* പാഠ്യപദ്ധതികളിലെ വർഗീയവൽക്കരണം ഇല്ലാതാക്കും.

* കോർപ്പറേറ്റ് പങ്കാളിത്തം നിരാകരിച്ച് നാട്ടുകാരുടെ പങ്കാളിത്തം മാത്രം ഉറപ്പാക്കി കരാർ കൃഷി നിയമം ഭേദഗതി ചെയ്യും.

* താങ്ങുവിലയ്ക്കു നിയമപരിരക്ഷ നല്കും. 

* രാഷ്ട്രത്തിന്റെ പരമാധികാരവും സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരവും സംരക്ഷിക്കും.

* ആഗോളസൽക്കരണ ഉദാരീകരണ നയങ്ങൾ ഉപേക്ഷിച്ച് സ്വദേശി വികസന രീതി സ്വീകരിക്കും.

* പൗരത്വ നിർണയത്തിന് മതം മാനദണ്ഡമാക്കുന്ന പൗരത്വ നിയമഭേദഗതി റദ്ദാക്കും.

* സാമൂഹികസുരക്ഷാപദ്ധതികളുമായി ആധാർ ബന്ധിപ്പിയ്ക്കുന്നതു നിറത്തലാക്കും. ആധാർ നിർബന്ധിതമാവുന്ന അവസ്ഥ ഇല്ലാതാക്കും. 

* പൗരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും സ്വകാര്യതയും നിയന്ത്രിക്കുന്ന നിയമങ്ങൾ ഭേദഗതി,ചെയ്യും. 

* സാർവത്രികവും സൗജന്യവുമായ റേഷൻ സമ്പ്രദായം നടപ്പിലാക്കും

* സർഫാസിനിയമം റദ്ദാക്കും.

* ഭരണ സംവിധാനത്തിൽ നിന്നു മതങ്ങളെ മാറ്റി നിറുത്തും 

* എല്ലാവർക്കും തൊഴിലും സാമ്പത്തിക സമത്വവും അന്തസ്സും ഉറപ്പു വരുത്തുന്ന വികസന നയം കൊണ്ടുവരും.  എല്ലാം രംഗത്തെയും അദ്ധ്വാനത്തിന് ഏറെക്കുറെ സമാനമായ വേതനം / പ്രതിഫലം ഉറപ്പുവരുത്തി ജനങ്ങളുടെ വരുമാനം ഏറെക്കുറെ തുല്യമാക്കി  രാജ്യത്തെ ധനികരും പാവങ്ങളും തമ്മിലുള്ള വർദ്ധിച്ചു വരുന്ന വിടവ് കുറയ്ക്കുവാനുള്ള നയപരിപാടികൾ നടപ്പിലാക്കും. ഉയർന്ന വരുമാനവും താഴ്ന്ന വരുമാനവും തമ്മിലുള്ള അന്തരം കുറയ്ക്കും. 

* മനുഷ്യർ മനുഷ്യരെയും സമൂഹം സമൂഹത്തെയും ചൂഷണം ചെയ്യാത്ത സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയും സമൃദ്ധിയുമാണ് നമുക്കാവശ്യം. അതിനുതകുന്ന വികേന്ദ്രീകൃത ഉല്പാദനരീതിയും വികസന നയവും ആവിഷ്കരിയ്ക്കും. 

* എല്ലാ പൗരൻമാരും ഓരോ വിധത്തിൽ രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്നവരായതിനാൽ 60 വയസ്സു കഴിഞ്ഞ എല്ലാ പൗരൻമാർക്കും ഒരു പോലെ മാന്യമായി ജീവിക്കാനാവശ്യമായ പെൻഷൻ ഉറപ്പുവരുത്തും. ഇന്നത്തെ നിലയ്ക്ക് അത് പതിനായിരം രൂപയെങ്കിലുമായിരിയ്ക്കണം.  എല്ലാവർക്കും പെൻഷനെന്ന ക്ഷേമ പരിപാടി പല രാജ്യങ്ങളിലും പ്രാവർത്തികമാക്കിയിട്ടുള്ളതാണ്.

* മാരക രോഗങ്ങളുടേതടക്കം എല്ലാ ചികിൽസകളുടെയും ചിലവുകളും സർക്കാർ വഹിക്കണമെന്നത് ആരോഗ്യനയമായിരിയ്ക്കും. ആവശ്യമായ എല്ലാവർക്കും സുരക്ഷിതമായ വാസസ്ഥലവും അന്ത്യകാലസംരക്ഷണവും സൗജന്യമായി ഉറപ്പുവരുത്തുകയെന്നതും സർക്കാരിന്റെ നയമായിരിയ്ക്കും.

* അർഹതയുള്ള എല്ലാവർക്കും ഉന്നത/ പ്രഫഷണൽ വിദ്യാഭ്യാസത്തിന് അവസരം കൊടുക്കുന്നതും വിദ്യാഭ്യാസച്ചിലവ് സൗജന്യമായോ പിന്നീട് അവരുടെ ശമ്പള വരുമാനത്തിൽനിന്നു പലിശയില്ലാതെ പിടിയ്ക്കാവുന്ന കടമായോ സർക്കാർ അനുവദിച്ചുനല്കുകയും ചെയ്യും. 

* ഇന്ത്യയുടെ പുരാതന സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഉറവിടവും മലയാളത്തുകാരായ നമ്മുടെ നിത്യഭരണാധിപനുമായ ശ്രീമഹാബലിയുടെ യശസ്സിനെ അപകീർത്തിപെടുത്തുന്നതിനും തമസ്കരിക്കുന്നതിനുമെതിരെ കരുതൽ പുലർത്തും. മനുഷ്യരെല്ലാവരും ഒന്നു പോലെ കഴിയുന്ന കാലമാണ് മഹാബലിയുടെ ഭരണമെന്നും അതുമാറ്റിയ ശക്രനെന്ന ഇന്ദ്രന്റെ കാലത്താണ് ജാതിവ്യവസ്ഥയും ഉച്ചനീചത്വവും ആരംഭി ച്ചതെന്നുമുള്ള ഓർമ ഇന്ത്യൻ ജനതയുടെ സംസ്കാരത്തിൽ തെളിഞ്ഞു കാണാം. ഓണം, ദീപാവലി, ദസറ, ഹോളി, ശിവരാത്രി, രക്ഷാബന്ധനം തുടങ്ങിയ രാജ്യത്തെ വ്യാപകവും പ്രധാനവുമായ ഉൽസവങ്ങളും ആഘോഷങ്ങളും ഐതീഹ്യങ്ങളും മഹാബലിയുമായി ബന്ധപ്പെട്ടതാണ്. പിന്തള്ളപ്പെട്ടുപോയ ദലിത് ആദിവാസി പിന്നാക്ക സമൂഹങ്ങളുടെ നിലനില്പിന് ശ്രീമഹാബലി സഹായമാണെന്ന ഇന്ത്യൻ സാമൂഹിക വിപ്ലവത്തിന്റെ പിതാവ് മഹാത്മാ ജ്യോതിബാ ഫുലെയുടെ ചിന്തയിൽ നിന്നു തിരിച്ചറിവും കരുത്തും ആർജിയ്ക്കും.


രാജ്യവും ജനതയും നേരിടുന്ന പ്രശ്നങ്ങൾക്കു ശരിയായ പരിഹാരം കണ്ടേ പറ്റൂ. രാഷ്ട്രീയത്തിന്റെ ലക്ഷ്യം വിശാലമായ ജനനന്മയാവണം. കോട്ടയം ലോകസഭാമണ്ഡലത്തിലെ സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥി സഖാവ് പി.ഒ. പീറ്റർ ദലിത ക്രിസ്ത്യൻ വിഭാഗത്തിന്റെ അവകാശ പോരാട്ടങ്ങളുടെ ഭാഗമായി നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള നേതാവാണു്. 2000 മുതൽ 2010 വരെ ദലിത് കത്തോലിക്ക മഹാജനസഭ (ഡി.സി.എം.എസ്.) സംസ്ഥാന പ്രസിഡന്റായിരുന്നു. പല പ്രലോഭനങ്ങളുണ്ടായിട്ടും അതിൽ നിന്നൊക്കെ വഴിമാറി നടന്ന് ആദർശത്തിൻറെ പക്ഷത്തും, പിന്നാക്ക ജനവിഭാഗങ്ങളുടെയും അവകാശ പോരാട്ടങ്ങൾക്കുമായി തന്റെ ജീവിതം സമർപ്പിച്ച പാലാ പയപ്പാർ സ്വദേശിയായഅദ്ദേഹത്തിന് 64 വയസ്സുണ്ട്. ഇപ്പോൾ സമാജവാദി ജനപരിഷത്ത് കോട്ടയം ജില്ലാ സമിതി പ്രസിഡൻറും ഡി.സി.എം.എസ്. സംസ്ഥാന സമിതി അംഗവുമാണ്. 

കൈവണ്ടി അടയാളം

സോഷ്യലിസ്റ്റ് മൂല്യങ്ങൾക്കും സംസ്കാരത്തിനും വേണ്ടി പ്രവർത്തിയ്ക്കുന്ന കോട്ടയം ലോകസഭാമണ്ഡലത്തിലെ സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥി സഖാവ് പി ഒ പീറ്ററിനെ കൈവണ്ടി അടയാളത്തിൽ വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് ഓരോ സമ്മതിദായകരോടും അഭ്യർത്ഥിക്കുന്നു. തെരഞ്ഞെടുപ്പുഫണ്ടിലേയ്ക്കു കഴിവുപോലെ സംഭാവനകൾ നല്കണമെന്നും അഭ്യർത്ഥിക്കുന്നു.

സമാജവാദി ജനപരിഷത്ത് തെരഞ്ഞെടുപ്പു സമിതിയ്ക്കു വേണ്ടി, 


ജനറൽ കൺവീനർ

സുരേഷ് നരിക്കുനി, 


കോട്ടയം

1199 മീനം 27 



---- ----

സമാജവാദി ജനപരിഷത്ത് കോട്ടയം ലോകസഭാമണ്ഡലം തെരഞ്ഞെടുപ്പ് കൺവീനർ കൂത്താട്ടുകുളം സ്വാതി ഓഫ്‌ സെറ്റ് പ്രസ്സിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചത് . 2000 പ്രതികൾ


കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങളുടെ ഫലമാണ് വില കൊള്ളക്ക് കാരണം - അഡ്വ ജോഷി ജേക്കബ്

വിലക്കയറ്റത്തിനെതിരെ സമാജവാദി ജനപരിഷത്ത് സത്യാഗ്രഹം


കോട്ടയം : കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നയം മാറ്റൂ, വിലക്കയറ്റം തടയൂ എന്നാവശ്യപ്പെട്ടുകൊണ്ട് 2022 ഡിസംബർ 9 ന് സമാജവാദി ജനപരിഷത്ത് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കളക്റ്ററേറ്റു പടിയ്ക്കൽ സത്യാഗ്രഹം നടത്തി.  

സത്യാഗ്രഹം സമാജവാദി ജനപരിഷത്ത് മുതിർന്ന ദേശീയ നേതാവും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ അഡ്വ ജേഷി ജേക്കബ് ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെയും മറ്റും  വിലക്കൊള്ളയിൽ ജനങ്ങളുടെ ജീവിതം പൊറുതി മുട്ടുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്തുടരുന്ന നയങ്ങൾ നിമിത്തമാണെന്ന് അഡ്വ ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വൻകിട കോർപറേറ്റുകളുടെ ബ്രോക്കർമാർ മാത്രമായി തീർന്നിരിക്കുകയണെന്ന് അദ്ദേഹം പറഞ്ഞു. 

ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശിയ സെക്രട്ടറി സുരേഷ് നരിക്കുനി മുഖ്യപ്രഭാണം നടത്തി. 

അഡ്വ ജയ്മോൻ തങ്കച്ചൻ, ഇ . വി.ജോസഫ്, ഡി സി എം എസ് മുൻ അധ്യക്ഷൻ പി ഓ പീറ്റർ, കേരള കർഷക മുന്നണി നേതാവ് സജി പി ഏബ്രഹാം പുകടിയിൽ, കെ കെ രാമൻ മാഷ്, മാർട്ടിൻ സി ജെ, ബീന സുൽത്താൻ,  ഷാജി താനിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു

-0-

നിഷ ശിവൂർക്കർ സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ്; ലിംഗ രാജ് ആസാദ് ജനറൽ സെക്രട്ടറി

ജോഷി ജേക്കബ് ദേശീയ നിർവാഹക സമിതിയംഗം

കേരളത്തിൽ.നിന്നും സുരേഷ് നരിക്കുനി ദേശീയ സെക്രട്ടറി 

പട്ടണ (ബിഹാർ) : സമാജവാദി ജനപരിഷത്ത് 2022 നവംബർ 5, 6 തീയതികളിൽ ബിഹാറിലെ പട്ടനയിൽ  രൂക്കുൻപുരയിലുളള ബിഹാർ ദലിത് വികാസ് സമിതി മന്ദിരത്തിൽ ചേർന്ന സമാജവാദി ജനപരിഷത്ത് ദേശീയ സമ്മേളനം നിഷ ശിവൂർക്കർ പ്രസിഡന്റും ലിംഗ രാജ് ആസാദ് ജനറൽ സെക്രട്ടറിയും ആയിട്ടുള്ള പുതിയ ദേശീയ നിർവാഹക സമിതിയെ തെരഞ്ഞെടുത്തു. മുൻ ദേശീയ പ്രസിഡന്റുമാരായ കേരളത്തിലെ ഏറ്റവും മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ജോഷി ജേക്കബ്, പശ്ചിമ ബംഗാളിലെ കമൽ കൃഷ്ണ ബാനർജി എന്നിവർ ദേശീയ നിർവാഹക സമിതിയംഗങ്ങളാണ്. 

ദേശീയ നിർവാഹക സമിതി യോഗം ചേർന്ന് മറ്റു ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള സംസ്ഥാന ഘടകത്തിന്റെ ജനറൽ സെക്രട്ടറി സഖാവ് സുരേഷ് നരിക്കുനി ദേശീയ സെക്രട്ടറിമാരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

സമാജവാദി ജനപരിഷത്ത് ദേശീയ ഭാരവാഹികളുടെ പട്ടിക ചുവടെ:

ദേശീയ പ്രസിഡന്റ്: നിഷാ ശിവൂർക്കർ (മഹാരാഷ്ട്രം) 

ജനറൽ സെക്രട്ടറി: ലിംഗ രാജ് ആസാദ് (ഉഡീസ)

വൈസ് പ്രസിഡന്റുമാർ: ചന്ദ്രഭൂഷൺ ചൗധരി (ഝാർഖണ്ഡ്), രൺജിത് റായ് (പശ്ചിമ ബംഗാൾ)

സംഘടനാ സെക്രട്ടറി: അഫ്ലാത്തൂൻ (ഉത്തര പ്രദേശ്) 

ഖജാൻജി: ജയ് നാരായൺ മഹാത്തൊ,

സെക്രട്ടറിമാർ: ഫാഗരാം (മദ്ധ്യപ്രദേശം), അതുൽ (ദില്ലി),  നീരജ് കുമാർ സിംഹ് (ബീഹാർ), സുരേഷ് നരിക്കുനി (കേരളം)

ഒരുക്കങ്ങൾ പൂർത്തിയായി; സമാജവാദി ജനപരിഷത്ത് പതിമൂന്നാമത് ദേശീയ സമ്മേളനം പട്ടണയിൽ നവം 5, 6 തീയതികളിൽ

 പട്ടന (पटना) : സമാജവാദി ജനപരിഷത്ത് പതിമൂന്നാമത് ദേശീയ സമ്മേളനം ബിഹാർ സംസ്ഥാനത്തെ പട്ടനയിലെ  രൂക്കുൻപുരയിലുളള ബിഹാർ ദലിത് വികാസ് സമിതി മന്ദിരത്തിൽ നവംബർ 5, 6 തീയതികളിൽ നടക്കുമെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതി അംഗവും സ്വാഗത സംഘം കൺവീനറുമായ നീരജ് കുമാർ സിംഹ് അറിയിച്ചു. 

പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ദേശീയ സ്ഥിതിഗതികളും ബീഹാറിലെ സ്ഥിതിഗതികളും സമ്മേളനം ചർച്ച ചെയ്യും. സാമ്പത്തിക രാഷ്ട്രീയ സാമൂഹിക പ്രമേയങ്ങളോടൊപ്പം ബീഹാർ സംസ്ഥാനം സംബന്ധിച്ച പ്രത്യേക പ്രമേയവും ഉണ്ട് . 

ഉദ്ഘാടനവും പ്രഥമ സത്രവും 5-ആം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും. കേരളത്തിൽ നിന്ന് ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. ജോഷി ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് നരിക്കുനി , ഖജാൻജി ഇവി ജോസഫ് എന്നിവർ പങ്കെടുക്കുന്നുണ്ട്.

ചരിത്ര പ്രധാന നഗരമായ പട്ടനയുടെ പഴയകാലനാമം പാടലീപുത്രം എന്നായിരുന്നു . തുടർച്ചയായി ജനവാസം ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ലോകത്തിലേയ്ക്കും തന്നെ പുരാതനമായ നഗരങ്ങളിൽ ഒന്നായ ആധുനിക പട്ടന നഗരം ഗംഗയുടെ തെക്കേ കരയിലാണ്.


അതിജീവനത്തിന്റെ വഴിയാണ് സോഷ്യലിസം - ജോഷി ജേക്കബ്


 

വൈക്കം, 2022 ഒക്ടോബർ 30:

രാജ്യത്ത് ആധിപത്യം നേടിയിരിയ്ക്കുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങൾ സാമൂഹികമായും സാമ്പത്തികമായും ലിംഗപരമായും താഴെ തട്ടിലുള്ള ജനവിഭാഗങ്ങളെ ഉൻമൂലനം ചെയ്യുന്നതും രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണിയുയർത്തുന്നതും ആണെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷൻ ജോഷി ജേക്കബ്ബ് പ്രസ്താവിച്ചു. സമാജവാദി ജനപരിഷത്ത് പതിമൂന്നാമത് കേരള സംസ്ഥാന പ്രതിനിധി സമ്മേളനം വൈക്കത്ത് ഡോ. സ്വാതി നഗരിയിൽ (വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ)  ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.  അതിജീവനത്തിന്റെ വഴിയാണ് സോഷ്യലിസമെന്ന് അദ്ദേഹം പറഞ്ഞു.


2022 ഒക്ടോബർ 30 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് പതാക ഉയർത്തി ക്കൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് നരിക്കുനി അവതരിപ്പിച്ച സംഘടനാറിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു. കെ രമേശ്, അഡ്വ ജയിമോൻ തങ്കച്ചൻ , ഈ വി ജോസഫ് , സജി അബ്രാഹം പുകടിയിൽ , ആർ.കെ. രാധാകൃഷ്ണൻ റൈറ്റ്സ് റ്റി വി,  പി ഒ പീറ്റർ  , കെ കെ രാമൻ മാസ്റ്റർ  , സുനിൽ വീസി സൈന്ധവമൊഴി , സി ജെ തങ്കച്ചൻ (ഗോത്ര മഹാസഭ) എന്നിവർ പ്രസംഗിച്ചു.


കെ റെയിൽ വിഴിഞ്ഞം പദ്ധതികൾ റദ്ദു ചെയ്യണമെന്ന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.  പദ്ധതി - പദ്ധതിയേതര ചെലവുകൾക്ക് കടം വാങ്ങി മുതൽ മുടക്കുന്നതു അവസനിപ്പിച്ച്  ജ നങ്ങളുടെ ജീവിതച്ചിലവ് വെട്ടിക്കുറയ്ക്കണം. അങ്ങനെ വിലക്കയറ്റം  ജനങ്ങളെ പിച്ചിച്ചീന്തുന്നതിന് അറുതി വരുത്തണം .  വിദ്യഭ്യാസവും  ആരോഗ്യവും  കോർപ്പ റേറ്റ് ശക്തികൾക്ക് തീറെഴുതുന്നതിന്റെ ദുരന്തം ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നു സമ്മേളനം ചൂണ്ടിക്കാട്ടി.


സർഫാസി നിയമം റദ്ദ് ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പതിനഞ്ചു ലക്ഷം രൂപയിൽ കുറഞ്ഞ വരുമാനം ഉള്ളവരുടെ വായ്പകൾക്ക് മൂന്നു ശതമാനം പലിശ ദേശീയ നയമായി പ്രഖ്യാപിക്കുക, മുതലിനേക്കാൾ കൂടുതൽ തുക പലിശ ആയിട്ടുള്ളതെല്ലാം എഴുതി തള്ളണം എന്നീ ആവശ്യങ്ങളും ജനപരിഷത്ത് ഉന്നയിച്ചു.  


പോലീസ് അതിക്രമങ്ങൾ അവസാനിപ്പിയ്ക്കുവാൻ സർക്കാർ നടപടിയെടുക്കണം.  നാടിനെ നടുക്കുന്ന വിധത്തിലുള്ള നിഷ്ഠൂര കൊലപാതകങ്ങൾ  വർദ്ധിച്ചു വരുന്നതിലും മനുഷ്യത്വം കുറഞ്ഞുവരുന്നതിലും സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കേരള സമൂഹത്തിന്റെ രോഗാതുരമായ മാനസ്സിക നിലയാണ് കാണിയ്ക്കുന്നത്.  കേരളീയ സമൂഹത്തിൽ മനുഷ്യത്വം വളർത്തുന്നതിനും സാമൂഹിക മനസ്സാക്ഷിയെ കരുത്തുറ്റതാക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ജനപരിഷത്ത് നടത്തും. അരാഷ്ട്രീയതയുടെ പിടിയിൽ നിന്നും കേരള ജനതയെ മോചിപ്പിക്കേണ്ടതുണ്ട് . 


 ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആലോചനയിൽ നിന്ന് സർക്കാർ പിന്തിരിയണം. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിനും ജനാധിപത്യ വ്യവസ്ഥിതിയ്ക്കും അത് ഭീഷണിയായി മാറുമെന്ന് ജനപരിഷത്ത് ഭയപ്പെടുന്നു. രാഷ്ടീയകക്ഷികളുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികകളെ നിയന്ത്രിയ്ക്കാൻ തെരഞ്ഞെടുപ്പു നടത്തുന്ന നീക്കങ്ങൾ തെരഞ്ഞെടുപ്പുകമ്മീഷൻ ഉപക്ഷിക്കണം. 


ഹിന്ദി ഭാഷയുടെ ആധിപത്യം അടിച്ചേല്പിക്കുവാൻ നടത്തുന്ന ശ്രമങ്ങൾ  രാജ്യത്തെ പ്രാദേശികഭാഷകളുടെ നിലനില്‌പ്പ് അപകടത്തിലാക്കും. അഹിന്ദി മേഖലയുടെ മേൽ ഹിന്ദി മേഖലയുടെ ആധിപത്യം സൃഷ്ടിയ്ക്കും.ഇംഗ്ലീഷ് ആധിപത്യം ശിരസ്സാ വഹിക്കുവാൻ ജനങ്ങളെ നിർബന്ധിക്കുന്ന ചില സംസ്ഥാന ഭരണക്കാർക്ക് ഹിന്ദി ആധിപത്യത്തിനെതിരെയുള്ള പോരാട്ടം നയിക്കുവാൻ ശേഷിയില്ല എന്നും സമ്മേളനം വിലയിരുത്തി.  രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിറുത്തണം. രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ സ്വാതന്ത്യസമരങ്ങളിലൂടെ രൂപപ്പെട്ട ഇന്ത്യയുടെ ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടു കൊണ്ടുപോകണം - സമാജവാദി ജനപരിഷത്ത് രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്തു. 

 

 സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി യഥാക്രമം എബി ജോൺ വൻനിലം, സുരേഷ് നരിക്കുനി എന്നിവരെ വീണ്ടും തെരഞ്ഞെടുത്ത ദ്വൈ വാർഷിക സമ്മേളനം അടുത്ത രണ്ടു വർഷത്തേക്കുള്ള സംസ്ഥാനസമിതിയെയും തെരഞ്ഞെടുത്തു. നെയ്യാറ്റിൻകര ഡി ബിനു (തിരുവനന്തപുരം),ബാലമുരളീകൃഷ്ണ, ഷീല ജഗധരൻ (കൊല്ലം), ജോഷി ജേക്കബ്ബ്, പി.ഒ പീറ്റർ, ജയിമോൻ തങ്കച്ചൻ, സജി പി. എബ്രഹാം പുകടിയിൽ, കുരുവിള ജോൺ തുണ്ടത്തിൽ (കോട്ടയം), ഇവി ജോസഫ് (ഇടുക്കി), പ്രഭാത് എം സോമൻ, ഫ്രാൻസിസ് ഞാളിയൻ, സി.ജെ മാർട്ടിൻ, കെ.കെ.രാമൻ മാസ്റ്റർ, എം.വി ജവഹർ, എബി ജോൺ വൻനിലം (എറണാകുളം), വിദ്യാധരൻ കെ (പാലക്കാട്) , ബൈജു മാനന്തവാടി (വയനാട്) ,സുരേഷ് നരിക്കുനി, യു.വിജയൻ (കോഴിക്കോട്) കെ രമേശ്, സ്നേഹ രമേശ് (കണ്ണൂർ) എന്നിവരാണു് സംസ്ഥാനസമിതിയംഗങ്ങൾ. എംഎൻ തങ്കപ്പൻ (കോട്ടയം), ആർ.കെ. രാധാകൃഷ്ണൻ (പാലക്കാട്) സംസ്ഥാനസമിതിയുടെ ക്ഷണിതാക്കളുമാണു്.  

പുതിയ സംസ്ഥാനസമിതി യോഗം ചേർന്ന് പുതിയ സംസ്ഥാന വൈസ് പ്രസിഡന്റുമാരായി കെ രമേശ്, കെ. വിദ്യാധരൻ എന്നിവരെയും സംഘടനാ സെക്രട്ടറിയായി അഡ്വ ജയിമോൻ തങ്കച്ചനെയും സെക്രട്ടറിയായി ഷീല ജഗധരനെയും ഖാൻജിയായി ഇ. വി ജോസഫിനെയും തെരഞ്ഞെടുത്തു.

സമാജവാദി ജനപരിഷത്തിന്റെ പതിമൂന്നാമതു് ദേശീയ സമ്മേളനം 2019 നവംബർ 5,6 തീയതികളിൽ ബിഹാറിന്റെ തലസ്ഥാനമായ പട്ടനയിൽ ചേരുന്നതിന്റെ മുന്നോടിയായാണു് സംസ്ഥാന പ്രതിനിധി സമ്മേളനം ചേർന്നത്.

സമാജവാദി ജനപരിഷത്തിന്റെ ദേശീയ സമ്മേളനങ്ങൾ

 

സ്ഥാപന സമ്മേളനം (ഒന്നാം സമ്മേളനം)

1994 ഡിസംബർ 31,1995, ജനുവരി 1,2 ഠാണെ (മഹാരാഷ്ട്ര)

പ്രസിഡന്റ് : ജുഗൽകിഷോർ റായ്ബീർ (പശ്ചിമ ബംഗാൾ)

ജനറൽ സെക്രട്ടറി : ഭായിവൈദ്യ (മഹാരാഷ്ട്രം)


ഒന്നാം ദ്വൈവാർഷിക ദേശീയ സമ്മേളനം (രണ്ടാം ദേശീയസമ്മേളനം)

1997 ജനുവരി 18,19 ബീഹാറിലെ സിയാൻ ജില്ലയിലെ പഞ്ച്‌വാർ

പ്രസിഡന്റ് : വിഷ്ണുദേവ് ഗുപ്ത (ബീഹാർ)

ജനറൽ സെക്രട്ടറി : ഭായിവൈദ്യ (മഹാരാഷ്ട്രം)


രണ്ടാം ദ്വൈവാർഷിക ദേശീയസമ്മേളനം (മൂന്നാം സമ്മേളനം)

1999 ഫെബ്രുവരി 13,14 സാരനാഥം (ഉത്തർപ്രദേശ്)

പ്രസിഡന്റ് : കിഷൻ പട്‌നായക് (ഒഡീഷ)

ജനറൽ സെക്രട്ടറി : വിനോദ് പ്രസാദ് സിംഹ് (ബീഹാർ)


മൂന്നാം ദ്വൈവാർഷിക ദേശീയസമ്മേളനം (നാലാം സമ്മേളനം)

2001 മെയ് 19,20 മഹാരാഷ്ട്രത്തിലെ ഔറംഗാബാദ്

ദേശീയ പ്രസിഡന്റ് : കിഷൻ പട്‌നായക് (ഒഡീഷ)

ജനറൽ സെക്രട്ടറി :വിനോദ് പ്രസാദ് സിംഹ് (ബീഹാർ)


നാലാം ദ്വൈവാർഷിക ദേശീയസമ്മളനം (അഞ്ചാം സമ്മേളനം)

2003 ഫെബ്രുവരി 1,2,3 ഇട്ടാർസി (മദ്ധ്യപ്രദേശ്)

പ്രസിഡന്റ് : വിനോദ് പ്രസാദ് സിംഹ് (ബീഹാർ)

ജനറൽ സെക്രട്ടറി : സുനിൽ (മദ്ധ്യപ്രദേശ്)


അഞ്ചാം ദ്വൈവാർഷിക ദേശീയസമ്മേളനം (ആറാം സമ്മേളനം)

2005 മാർച്ച് 13,14,15 ജൂലായ് ഗുഡി (പശ്ചിമ ബംഗാൾ)

പ്രസിഡന്റ് : വിനോദ് പ്രസാദ് സിംഹ് (ബീഹാർ)

ജനറൽ സെക്രട്ടറി : സുനിൽ


ആറാം ദ്വൈവാർഷിക ദേശീയസമ്മേളനം (ഏഴാം സമ്മേളനം)

2007മാർച്ച് 16,17,18 ബർഗഢ് (Bargarh) (ഓഡിഷ)

പ്രസിഡന്റ് : ജുഗൽ കിഷോർ റായിബീർ (പശ്ചിമ ബംഗാൾ)

ജനറൽ സെക്രട്ടറി : ലിംഗരാജ് പ്രധാൻ (ഒഡീഷ)

(ജുഗൽ കിഷോർ റായിബീർ 2007 നവംബർ 6ആം തിയതി അന്തരിച്ചു. 2007 ഡി. 7,8 തിയതികളിൽ പശ്ചിമബംഗാളിലെ ജല്പായിഗുഡിയിൽ ചേർന്ന ദേശീയകൗൺസിൽ യോഗം വൈസ്പ്രസിഡന്റ് സുനിലിനെ (മദ്ധ്യ പ്രദേശ്) പ്രസിഡന്റായി നിയമിച്ചു).

ഇടക്കാല പ്രസിഡന്റ് : സുനിൽ (മദ്ധ്യപ്രദേശ്)


ഏഴാം ദ്വൈവാർഷിക ദേശീയസമ്മേളനം (എട്ടാം സമ്മേളനം)

2009 ഒക്ടോബർ 28,29,30 ധൻബാദ് (ഝാർഖണ്ഡ്) ജുഗൽ കിഷോർ റായ്ബീർ ഗ്രാമം

പ്രസിഡന്റ് : ലിംഗരാജ് പ്രധാൻ (ഒഡീശ)

ജനറൽ സെക്രട്ടറി : സോമനാഥ് ത്രിപാഠി (ഉത്തര പ്രദേശ്)


എട്ടാം ദ്വൈവാർഷിക ദേശീയസമ്മേളനം (ഒമ്പതാം സമ്മേളനം)

2011 ഒക്ടോബർ 10,11,12 സാസറാം (ബീഹാർ)

പ്രസിഡന്റ് : ലിംഗരാജ് (ഒഡീശ)

ജനറൽ സെക്രട്ടറി : ഡോ.സോമനാഥ ത്രിപാഠി (ഉത്തര പ്രദേശ്)

സോമനാഥ് ത്രിപാഠി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് 2012 ഡിസംബർ 13,14,15,16 വരെ വർദ്ധയിലെ സേവാശ്രമത്തിൽ നടന്ന ദേശീയ കൗൺസിൽ യോഗം സെക്രട്ടറിമാരിലൊരാളായ ജോഷി ജേക്കബ്ബിനെ ജനറൽ സെക്രട്ടറിയായി നിയമിച്ചു.

ഇടക്കാല ജനറൽ സെക്രട്ടറി : ജോഷി ജേക്കബ് (കേരളം)


ഒമ്പതാം ദ്വൈവാർഷിക ദേശീയസമ്മേളനം (പത്താം സമ്മേളനം)

2013 ജൂൺ 10,11,12 വാരണാസി (ഉത്തര പ്രദേശ്)

പ്രസിഡന്റ് : ജോഷി ജേക്കബ് ( കേരളം)

ജനറൽ സെക്രട്ടറി : സുനിൽ (മദ്ധ്യപ്രദേശ്)

(2014 ഏപ്രിൽ 21 നു സുനിൽ അന്തരിച്ചു. 2014 മെയ് 23,24,25 തിയതികളിൽ പ.ശ്ചിമ ബംഗാളിലെ ജല്പായ്ഗുഡിയിലെ സമര കേന്ദ്രത്തിൽ ചേർന്ന നാഷണൽ കൗൺസിലിൽ ലിംഗരാജ് ആസാദിനെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.)

ഇടക്കാല ജനറൽ സെക്രട്ടറി : ലിംഗരാജ് ആസാദ്‌ (ഒറീസ)


പത്താം ദ്വൈവാർഷിക ദേശീയസമ്മേളനം (പതിനൊന്നാം സമ്മേളനം)

2015 ഏപ്രിൽ 24, 25, 26 (സുനിൽഭായ് നഗർ, കോട്ടയം ( കേരളം) 

പ്രസിഡന്റ് : ജോഷി ജേക്കബ് ( കേരളം)  

ജനറൽ സെക്രട്ടറി : ലിംഗരാജ് ആസാദ്‌ (ഒറീസ)


പതിനൊന്നാം ദ്വൈവാർഷിക ദേശീയസമ്മേളനം (പന്ത്രണ്ടാം സമ്മേളനം)

2017 ഏപ്രിൽ 29,30, മെയ് 1, ചിത്ത ഡേ നഗരി, ജടേശ്വർ (പശ്ചിമ ബംഗാളിലെ ജയ്പായിഗുഡി ജില്ല)

 പ്രസിഡന്റ് : അഡ്വ. കമൽ ബാനർജി  (പശ്ചിമ ബംഗാൾ)

ജനറൽ സെക്രട്ടറി : അഫ്‌ലാത്തുൺ (ഉത്തരപ്രദേശ്)


പന്ത്രണ്ടാം ദ്വൈവാർഷിക ദേശീയസമ്മേളനം (പതിമൂന്നാം സമ്മേളനം)

2019 ജൂൺ 7,8,9 റാഞ്ചി (ഝാർഖണ്ഡ്)

പ്രസിഡന്റ് : ലിംഗരാജ് ആസാദ്‌ (ഒറീസ)

ജനറൽ സെക്രട്ടറി : അഫ്‌ലാത്തുൺ (ഉത്തരപ്രദേശ്) 


പതിമൂന്നാം ദ്വൈവാർഷിക ദേശീയസമ്മേളനം (പതിനാലാം സമ്മേളനം)

 2019 നവംബർ 5, 6 പട്ടന (ബിഹാർ)