(കോട്ടയം ലോകസഭാമണ്ഡലത്തിലെ സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥി - 2024)
കോട്ടയം: മീനച്ചിൽ താലൂക്കിൽ ലാലം വില്ലേജിൽ പയപ്പാർ പോസ്റ്റൽ അതിർത്തിയിൽ പാറയിൽ വീട്ടിൽ ഔസേപ്പ്- മറിയം ദമ്പതികളുടെ മകനായി 1957-ൽ ജനിച്ച പി.ഒ.പീറ്റർ ഹരിജൻ കത്തോലിക്കാ മഹാജന സഭയിലൂടെ സാമൂഹിക പ്രവർത്തന രംഗത്തിറങ്ങി. 1986 ൽ ദലിത ക്രൈസ്തവരുടെ സംവരണ നിഷേധത്തിലേയ്ക്കു ശ്രദ്ധ ക്ഷണിയ്ക്കാനായി പാലാ നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചു. 1984 മുതൽ ഹരിജൻ കത്തോലിക്കാ മഹാജന സഭയുടെ സംസ്ഥാന ഓർഗനൈസറും പാലാ രൂപതാ പ്രസിഡന്റുമായി പ്രവർത്തിച്ചു. ഹരിജൻ കത്തോലിക്കാ മഹാജന സഭ 1995-ൽ ദലിത് കത്തോലിക്ക മഹാജനസഭ (ഡി.സി.എം.എസ്.) എന്ന പേരുസ്വീകരിച്ചപ്പോഴും അതേ ചുമതലയിൽ തുടർന്നു. 2000 മുതൽ 2010 വരെ ദലിത് കത്തോലിക്ക മഹാജനസഭയുടെ സംസ്ഥാന പ്രസിഡന്റായി. 2017 മുതൽ സമാജവാദി ജനപരിഷത്തിൽ അംഗമാണു്.
1989 ൽ മലയാറ്റൂരു നിന്നും പദയാത്രയായി രാജഭവനു മുമ്പിലേയ്ക്കു നടത്തിയ രാജ്ഭവൻ മാർച്ചിലും തുടർന്ന് സെക്രട്ടറിയേറ്റ് പടിക്കൽ തുടങ്ങിയ റിലേ സത്യാഗ്രഹത്തിലും സജീവ പങ്കു വഹിച്ചു. ഡിസംബർ 24 ന് ക്രിസ്മസിനു വേണ്ടി താൽക്കാലികമായി നിറുത്തിവച്ച സത്യാഗ്രഹം 27 ന് പുനരാരംഭിച്ച് 1990 ഫെബ്രുവരിയിൽ നിറുത്തിവച്ചു. അതുകഴിഞ്ഞ് 1990 മാർച്ച് 5 ന് നിരാഹാരസത്യാഗ്രഹം ആരംഭിച്ചു. സെക്രട്ടറിയേറ്റിന് മുമ്പിൽ 6 ദിവസം നിരാഹാര സത്യാഗ്രഹം നടത്തിയത് പി.ഒ.പീറ്റർ ആയിരുന്നു. മെയ് 15 ന് മുഖ്യമന്ത്രി ഇ.കെ. നായനാർ ഇടപെട്ട് രണ്ടു ആനുകൂല്യങ്ങൾ നല്കിക്കൊണ്ട് സമരം അവസാനിപ്പിച്ചു. വിവിധ കോഴ്സുകൾക്കുള്ള എസ്.സി.എസ്.റ്റി. റിസർവേഷൻ സീറ്റിൽ ഒഴിവ് വരുന്ന സീറ്റുകൾ പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് ലഭിച്ചതും പാരലൽ കോളെജിൽ പഠിക്കുന്ന പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് ലംസംഗ്രാന്റ്, നേഴ്സിങ് പഠിയ്ക്കുന്ന പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് എന്നിവ അനുവദിച്ചതും അങ്ങനെയാണ്. (എന്നാൽ എസ്.സി.എസ്.റ്റി. റിസർവേഷൻ സീറ്റിൽ ഒഴിവ് വരുന്ന സീറ്റുകൾ പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് നൽകുന്നത് പിന്നീട് നിറുത്തി ജനറൽ ആക്കി. ഇത് പുനർസ്ഥാപിക്കണമെന്നുള്ള ആവശ്യം ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ല)
1990 ൽ ഡൽഹിയിൽ രാഷ്ട്രപതി വെങ്കിട്ടരാമൻ, പ്രധാനമന്ത്രി വിപി സിംഹ്, സാമൂഹിക ക്ഷേമ മന്ത്രി റാം വിലാസ് പാസ്വാൻ തുടങ്ങിയവർക്ക് നിവേദനം നല്കുവാൻ പോയ 13 അംഗ സംഘത്തിൽ അദ്ദേഹം അംഗമായിരുന്നു. 2 ലക്ഷം പേർ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിയ്ക്കു നൽകി. 1996 ഓഗസ്റ്റ് 16 ന് ബോട്ട് ക്ലബ് മൈതാനിയിൽ പതിനായിരം പേർ പങ്കെടുത്ത റാലിയും പൊതുസമ്മേളനവും നടത്തുന്നതിനു നേതൃത്വം നല്കിയവരിലൊരാളുമായിരുന്നു അദ്ദേഹം. 2010ൽ നടത്തിയ പാർലമെന്റു മാർച്ചിൽ അദ്ദേഹത്തിനു ലാത്തിയടിയേറ്റ് റാം മനോഹർ ലോഹിയാ ആശുപത്രിയിൽ കിടക്കേണ്ടി വന്നു.
പല പ്രലോഭനങ്ങളുണ്ടായിട്ടും അതിൽ നിന്നൊക്കെ വഴിമാറി നടന്ന് ആദർശത്തിൻറെ പക്ഷത്തും, പിന്നാക്ക ജനവിഭാഗങ്ങളുടെയും അവകാശ പോരാട്ടങ്ങൾക്കുമായി തന്റെ ജീവിതം സമർപ്പിച്ച അദ്ദേഹത്തിന് 64 വയസ്സുണ്ട്. ഇപ്പോൾ സമാജവാദി ജനപരിഷത്ത് കോട്ടയം ജില്ലാ സമിതി പ്രസിഡൻറും ഡി.സി.എം.എസ്. സംസ്ഥാന സമിതി അംഗവുമാണ്.
No comments:
Post a Comment