പലേക്കര്‍ മോഡല്‍ പ്രകൃതി കൃഷി: കര്‍ഷകകൂട്ടായ്മ 22 ന് കോട്ടയത്ത്



കോട്ടയം: പലേക്കര്‍ മോഡല്‍ പ്രകൃതികൃഷി നടത്തുന്നവരുടെ കൂട്ടായ്മ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11ന് കോഴിക്കോട് ചെറൂട്ടി റോഡിലെ ഗാന്ധിഗൃഹത്തിലും 22ന് കോട്ടയത്ത് കെപിഎസ് മേനോന്‍ ഹാളിലുമാണ് കര്‍ഷകസംഗമം.പലേക്കര്‍ കൃഷിരീതിയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് കര്‍ഷകസംഗമം നടത്തുന്നത്. പലേക്കര്‍ കൃഷിയുടെ കേന്ദ്രബിന്ദു ഒരു നാടന്‍ പശു മാത്രമാണ്. ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് 30 ഏക്കര്‍ വരെ കൃഷി ചെയ്യാമെന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകതയെന്ന് സംഘാടകര്‍ പറഞ്ഞു. മാത്രമല്ല, രാസവളപ്രയോഗം ഇല്ലാത്തതിനാല്‍ ഭക്ഷണം വിഷവിമുക്തവുമാവും. നെല്ല് പച്ചക്കറി, വാഴ, കപ്പ തുടങ്ങി റബറും ഏലവും വരെ ഈ രീതിയില്‍ കൃഷിചെയ്യുന്നവര്‍ സംഗമത്തിനെത്തും. തൃശൂര്‍മുതല്‍ വടക്കന്‍ ജില്ലകളിലെ കര്‍ഷകര്‍ 11ന് രാവിലെ 10 മുതല്‍ നാലുവരെ കോഴിക്കോട് നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും സി എ ഗോപാലകൃഷ്ണന്‍, വയനാട് 9349756942, എന്‍ വി ബാലകൃഷ്ണന്‍ കോഴിക്കോട് 9447847712 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. എറണാകുളംമുതല്‍ തെക്കന്‍ ജില്ലകളിലെ കര്‍ഷകര്‍ 22ന് രാവിലെ 10 മുതല്‍ കോട്ടയത്ത് ചേരുന്ന സംഗമത്തില്‍ പങ്കെടുക്കും. ഏബ്രഹാം ചാക്കോ ഇടുക്കി 9995245552, പി മനോജ്കുമാര്‍ തിരുവല്ല 9446305669 എന്നീ നമ്പരുകളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം. പലേക്കര്‍ കൃഷിരീതിയുടെ സംസ്ഥാന സംയോജകന്‍ എം കുര്യന്‍, സമാജ്വാദി ജനപരിഷത്ത് ദേശീയ അധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്, ജില്ലാ സംയോജകരായ എം കെ സെബാസ്റ്റ്യന്‍, കെ ജി മോഹനന്‍പിള്ള, ഏബ്രഹാം ചാക്കോ, പി മനോജ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
08-October-2014 deshabhimani