അക്ഷരനഗരിക്കു കൗതുകമായി ഡോംഗ്രിയ ഖോണ്ട്‌ ജനത


ചോറും കറിയുമൊന്നും വേണ്ട, കഴിക്കാന്‍ കിഴങ്ങോ പഴവര്‍ഗങ്ങളോ മാത്രം, കസേരയുള്‍പ്പെടെയുള്ള ഇരിപ്പിടങ്ങളില്‍ ഇരിക്കാനും ഇഷ്‌ടപ്പെടുന്നില്ല... ഇങ്ങനെയുള്ളവര്‍ ഇപ്പോഴുമോ എന്ന്‌ അമ്പരക്കേണ്ട. ഇന്നലെ കോട്ടയത്തെത്തിയ ഒഡീഷയിലെ ആദിമ ഗോത്രവിഭാഗമായ ഡോംഗ്രിയ ഖോണ്ട്‌ വിഭാഗക്കാരാണ്‌ വാസസ്‌ഥലം മാറിയാലും തനതു രീതികള്‍ പിന്തുടരുന്നത്‌. ഇന്നലെ (2014 ഫെബ്രുവരി 18) കോട്ടയത്തെത്തിയപ്പോഴാണ്‌ ഇവരുടെ ജീവിതരീതികള്‍ കോട്ടയത്തുകാര്‍ കണ്ടറിഞ്ഞത്‌.

കാതില്‍ നിറയെ ആഭരണങ്ങള്‍, കഴുത്തിലും കൈയിലുമെല്ലാം റിംഗുകള്‍ എന്നിങ്ങനെ ഇവരുടെ വേഷവിധാനവും ശ്രദ്ധയാകര്‍ഷിക്കുന്നു. ഭൂമിയെ മാതാവായും പര്‍വതങ്ങളെ പിതാവായും ആരാധിക്കുന്ന ഗോത്രവിഭാഗമാണ്‌ ഡോംഗ്രിയ ഖോണ്ട്‌. ഗോത്രവിഭാഗക്കാരാണെങ്കിലും തങ്ങള്‍ അധിവസിക്കുന്ന പര്‍വത നിരകളെ ലക്ഷ്യമിട്ട്‌ രംഗത്തെത്തിയ ബോക്‌സൈറ്റ്‌ ഖനി ഉടമകള്‍ക്കെതിരേ സന്ധിയില്ലാതെ സമരം ചെയ്‌തു വിജയിച്ചവരാണ്‌ കലഹണ്ടി ജില്ലയിലെ നിയാംഗിരി പര്‍വത മേഖലയിലുള്ള ഇവര്‍. തങ്ങള്‍ ദൈവമായി കാണുന്ന നിയാംഗിരി പര്‍വതനിരയിലെ 36 ചതുരശ്ര കിലോമീറ്ററില്‍ കണ്ണുവച്ച്‌ 2002ല്‍ മാഫിയകള്‍ എത്തിത്തുടങ്ങിയതു മുതല്‍ ഇവരുടെ ദുരിതം ആരംഭിച്ചു. തുടര്‍ന്നു പീഡനങ്ങളുടെ നാള്‍വഴികള്‍, അതിനെതിരേ സമരവും. പിന്നാലെ കേസുകളായി, കീഴ്‌കോടതികള്‍ വിവിധ കേസുകളില്‍ ആദിവാസികള്‍ക്കെതിരേ വിധിച്ചെങ്കിലും 2012ല്‍ സുപ്രീം കോടതി ഈ വിഭാഗത്തിന്‌ അനുകൂലമായി വിധിച്ചു. ഈ മേഖലയിലുള്ള ആദിവാസി ഊരുകളുടെ ഗ്രാമസഭ ചേര്‍ന്ന്‌ സ്വീകരിക്കുന്ന തീരുമാനമേ നടപ്പിലാക്കാവൂവെന്ന്‌ സുപ്രീം കോടതി വിധിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന ഗ്രാമസഭകളിലെല്ലാം ഖനനത്തിനെതിരേ ഇവര്‍ രംഗത്തെത്തുകയും ഇത്തരമൊരു ഖനനം വേണ്ടെന്ന നിലപാടു സ്വീകരിക്കുകയുമായിരുന്നു.

8000 ആദിവാസികള്‍ വസിക്കുന്ന നിയാംഗിരി മേഖലയിലുള്ളവരെ വിവിധ ചേരികളായി തിരിക്കാന്‍ ശ്രമങ്ങളുണ്ടായെങ്കിലും ദളിത്‌ നേതാവായ ലിംഗരാജ്‌ ആസാദിന്റെ നേതൃത്വം അംഗീകരിച്ച്‌ ഈ സമൂഹം ഒറ്റക്കെട്ടായി അണിനിരന്നു. സമാജ്‌വാദി ജനപരിഷത്തിന്റെ ദേശീയ സെക്രട്ടറിമാരില്‍ ഒരാളാണ്‌ ലിംഗരാജ്‌ ആസാദ്‌. സമരം വിജയിച്ചതോടെ ലിംഗരാജിനും കൂട്ടാളികള്‍ക്കും ചുറ്റിലുമായി രാഷ്‌ട്രീയപാര്‍ട്ടികള്‍ ചുറ്റിത്തിരിഞ്ഞുതുടങ്ങി.
കലഹണ്ടി ജില്ലയുടെ തലസ്‌ഥാനമായ ഭവാനി പട്‌നായ്‌കില്‍ മത്സരിക്കാന്‍ ലിംഗരാജ്‌ ആസാദിനെ ഡല്‍ഹിയില്‍നിന്ന്‌ എത്തിയ ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം സ്‌നേഹപൂര്‍വം നിരസിച്ചു.അണികളുടെ ആഗ്രഹപ്രകാരം വരുന്ന തെരഞ്ഞെടുപ്പില്‍ ഭവാനി പട്‌നായ്‌കിലെ സമാജ്‌വാദി ജനപരിഷത്തിന്റെ സ്‌ഥാനാര്‍ഥിയാകാനുള്ള തയാറെടുപ്പിലാണ്‌ ലിംഗരാജ്‌ ആസാദ്‌. തങ്ങളുടെ പര്‍വത മേഖലയില്‍ പണത്തിന്റെയും ഗുണ്ടായിസത്തിന്റെയും ആധിപത്യം ഉണ്ടായില്ലെങ്കില്‍ തങ്ങള്‍തന്നെ വിജയിക്കുമെന്ന്‌ ലിംഗരാജ്‌ ആസാദ്‌ മംഗളത്തോട്‌ പറഞ്ഞു. ഈ മേഖലയില്‍ 30 ശതമാനം ദലിത്‌ വിഭാഗവും 20 ശതമാനം ആദിവാസി സമൂഹവുമാണ്‌. കൂയി ഭാഷ ഉപയോഗിക്കുന്ന ഇവര്‍ വനത്തില്‍നിന്നു് ലഭിക്കുന്ന വിവിധ കിഴങ്ങ്‌, പഴ വര്‍ഗങ്ങള്‍ മാത്രം ഭക്ഷിച്ചും ഇവ വിറ്റുമാണ്‌ ജീവിക്കുന്നത്‌. ഇത്തരത്തില്‍ പ്രാചീന ആദിവാസി സമൂഹത്തെ ഒറ്റക്കെട്ടായി നയിച്ച്‌ ചരിത്രവിജയം കരസ്‌ഥമാക്കിയ ഇവര്‍ക്കു് സമാജ്‌വാദി ജനപരിഷത്തിന്റെ നേതൃത്വത്തില്‍ സംസ്‌ഥാനത്ത്‌ രണ്ടിടത്തു് സ്വീകരണം നല്‍കി. കഴിഞ്ഞ ദിവസം കണ്ണൂരിലും ഇന്നലെ കോട്ടയത്തുമാണു സ്വീകരണം നല്‍കിയത്‌. ലിംഗരാജ്‌ ആസാദിനൊപ്പം ഡ്രിന്‍ജോ സികാക, മിന്‍ജലി സികാക, കുനി കുലിശിക, ജെയി കുലിശിക എന്നിവരാണുള്ളത്‌.
സമാജ്‌വാദി ജനപരിഷത്ത്‌ ദേശീയ പ്രസിഡന്റ്‌ അഡ്വ. ജോഷി ജേക്കബിന്റെ അധ്യക്ഷതയില്‍ കോട്ടയത്തു നടന്ന സ്വീകരണ ചടങ്ങില്‍ ഡോ. കെ.എം. സീതി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം

നിയംഗിരി പ്രക്ഷോഭനേതാക്കള്‍ക്കു് കോട്ടയത്തു് സ്വീകരണം നല്കി

നിയമഗിരി പ്രക്ഷോഭനേതാക്കള്‍ക്കു് കോട്ടയത്തു് നല്കിയ സ്വീകരണച്ചടങ്ങില്‍ ഡോ.കെ എം സീതി സംസാരിയ്ക്കുന്നു.

കോ‍ട്ടയം,ഫെബ്രുവരി 18: ഒഡിഷയിലെ ആദിവാസി മേഖലയായ നിയമഗിരി പര്‍വത വനമേഖലയില്‍ ബോകൈ്‌സറ്റ് ഖനനത്തിനെതിരെ സമരം ചെയ്തവര്‍ക്ക് കോ‍ട്ടയത്തു് സ്വീകരണംനല്കി. സമരത്തിന്റെ പ്രധാന സംഘാടകനും സമാജ്‌വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറിയുമായ ലിംഗരാജ് ആസാദ്, ഡ്രിന്‍ജോ സികാക, മിന്‍ജലി സികാക, കുനി കുലിശിക, ജെമി കുലിശിക എന്നിവര്‍ക്കാണ് സ്വീകരണം നല്കിയത്.
ഡോ.കെ എം സീതി,ആര്‍, എം കുര്യന്‍ എന്നിവര്‍ യോഗത്തില്‍.

'വേദാന്ത' എന്ന ബഹുരാഷ്ട്ര കമ്പനി നിയംഗിരിയില്‍ മല തുരന്നുള്ള ഖനനം നടത്തുന്നതിനെതിരെയാണ് സമാജ്‌വാദി ജനപരിഷത്തിന്റെ നേതൃത്വത്തില്‍ ആദിവാസികളായ ഡോംഗ്രിയ ഖോണ്ട് ജനങ്ങളെ സംഘടിപ്പിച്ച് സമരം നടത്തിയത്. പ്രക്ഷോഭത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാരിന് ഖനനത്തിനുള്ള അനുമതി റദ്ദാക്കേണ്ടിവന്നു.

നിയമഗിരി സമരത്തിന്റെ നേതാവും സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറിയുമായ ലിംഗരാജ് ആസാദ് സംസാരിയ്ക്കുന്നു. കുനി കുലിശിക,മിന്‍ജലി സികാക,ഡ്രിന്‍ജോ സികാക, അഡ്വ. ജോഷി ജേക്കബ്, സമി കുലിശിക എന്നിവര്‍ സമീപം. ഫോട്ടോ: എബി ജോണ്‍ വന്‍നിലം
ചടങ്ങില്‍ സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് അധ്യക്ഷത വഹിച്ചു. ഡോ.കെ എം സീതി, എം കുര്യന്‍, പി ഗോപാലകൃഷ്ണ പണിയ്ക്കര്‍, ജോണ്‍ പീറ്റര്‍ (ദലിത് സാഹിത്യ അക്കാദമി), റീന വറുഗീസ് (പത്രപ്രവര്‍ത്തക), ശ്രീ ബോബി ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രഞ്ജിത് രാജീവ് സ്വാഗതവും വി സി സുനില്‍ നന്ദിയും പറഞ്ഞു. നിയംഗിരി സമരത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി.
ഫോട്ടോകള്‍: എബി ജോണ്‍ വന്‍നിലം

ചൂഷണത്തിനെതിരായ ചെറുത്തുനില്‍പ്പിന് എല്ലായിടത്തും ഒരേ ഭാഷ


ഒഡിഷയിലെ നിയമഗിരി പര്‍വത വനമേഖലയില്‍ ബോകൈ്‌സറ്റ് ഖനനത്തിനെതിരെ സമരം നടത്തിയവര്‍ക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സ്വീകരണം നല്കി

കടപ്പാടു്: മാതൃഭൂമി

കണ്ണൂര്‍, ഫെബ്രുവരി 17: ചൂഷണത്തിനെതിരായ ചെറുത്തുനില്‍പ്പിന് എല്ലായിടത്തും ഒരേ ഭാഷ തന്നെ എന്ന സന്ദേശവുമായി ഒഡിഷയിലെ നിയംഗിരി ആദിവാസി പ്രഭോക്ഷനേതാക്കള്‍ കണ്ണൂരിലെത്തി സമരാനുഭവങ്ങള്‍ പങ്കുവച്ചു.

ഒഡിഷയിലെ കാലഹണ്ടി ജില്ലയിലെ ആദിവാസി മേഖലയായ നിയംഗിരിയില്‍ മല തുരന്നുള്ള ഖനനത്തിനെതിരെ 'വേദാന്ത' എന്ന ബഹുരാഷ്ട്ര കമ്പനിയോടു സമരം ചെയ്തു വിജയിച്ച കഥയുമായാണു സമരനേതാവും സമാജ്‌വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറിയുമായ ലിംഗരാജ് ആസാദ്, പ്രവര്‍ത്തകരായ ഡ്രിന്‍ജോ സികാക, മിന്‍ജലി സികാക, കുനി കുലിശിക, സമി കുലിശിക എന്നിവര്‍ എത്തിയത്. സമാജ്‌വാദി ജനപരിഷത് ദേശീയ സെക്രട്ടറി കൂടിയായ ലിംഗരാജ് ആസാദ് സമരാനുഭവം വിവരിച്ചു.

നിയംഗിരിയും കൂടംകുളവും മാടായിപ്പാറ സംരക്ഷണസമരവും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരവുമെല്ലാം ഒരുപോലെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളാണെന്നു ലിംഗരാജ് പറഞ്ഞു.

ഡോംഗ്രിയഖോണ്ട് ആദിവാസി വിഭാഗത്തിന്റെ തനതു സംഗീതവും സംഘം അവതരിപ്പിച്ചു.നിയംഗിരി സമരത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി.

സമാജ്‌വാദി ജനപരിഷതത്തിനോടൊപ്പം ജില്ലാ പരിസ്ഥിതി സമിതി, കുറിച്ച്യ മുന്നേറ്റസമിതി, ജില്ലാ അടിയാന്‍ സമാജം, മാടായിപ്പാറ സംരക്ഷണസമിതി എന്നിവയും ചേര്‍ന്നാണു് സ്വീകരണമൊരുക്കിയത്. ചടങ്ങില്‍ സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. കെ.സി. ഉമേഷ് ബാബു, അഡ്വ. വിനോദ് പയ്യട, സുരേഷ് നരിക്കുനി, ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്‌കരന്‍ വെള്ളൂര്‍, കുറിച്യമുന്നേറ്റസമിതി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.സുശാന്ത്, ജില്ലാ അടിയാന്‍സമാജം സെക്രട്ടറി ഉണ്ണി പെരുങ്കുളത്ത് മോഹന്‍കുമാര്‍, പി.കെ. ചന്ദ്രാംഗദന്‍, ആശ ഹരി, രമേശന്‍ മാമ്പ എന്നിവര്‍ സംസാരിച്ചു.

അവലംബം മലയാള മനോരമ

ആംആദ്‌മി പാര്‍ട്ടിയുമായി സഹകരിച്ചു് പ്രവര്‍ത്തിക്കാന്‍ സമാജ്‌വാദി ജനപരിഷത്‌ തയ്യാറാകുന്നുബാംഗ്ലൂര്‍: ജനകീയ പ്രശ്നങ്ങളിലും തിരഞ്ഞെടുപ്പുകളിലും ആംആദ്മി പാര്‍ട്ടിയുമായി സഹകരിച്ചു് പ്രവര്‍ത്തിക്കാന്‍ ജനുവരി 10,11,12 തീയതികളില്‍ ചേര്‍ന്ന സമാജ്‌വാദി ജനപരിഷത് ദേശീയ നിര്‍വാഹക സമിതി യോഗം (രാഷ്ട്രീയ കാര്യകരിണി ബൈഠക്/നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്) തീരുമാനിച്ചു. ബാംഗ്ലൂരില്‍ നിന്നു് 80 കി മീ അകലെ മൈസൂരിലെയ്ക്കുള്ള വഴിയില്‍ സമത വിദ്യാലയത്തിലായിരുന്നു നിര്‍വാഹക സമിതി യോഗം.
കോണ്‍ഗ്രസ്, ബിജെപി, ധ്രുവീകരണത്തിനും ജീര്‍ണിച്ച ഇതര വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്കും എതിരായി ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ മുന്നേറ്റത്തെ യോഗം സ്വാഗതം ചെയ്തു.

എന്നാല്‍ സമഗ്രമായ മാറ്റത്തിന് ആഗോളീകരണം, കോര്‍പറേറ്റ് വല്‍ക്കരണം, ഗ്രാമീണ വിഭവങ്ങളുടെ കൊള്ളയടിക്കല്‍, ഉപഭോഗസംസ്കാരം, വരുമാനത്തിലെ ഭീമമായ അന്തരം, ദാരിദ്ര്യം, വിലക്കൊള്ള, ജാതി—ലിംഗ അസമത്വം, നഗര—ഗ്രാമ വിടവ്, ബദല്‍ വികസന മാതൃക തുടങ്ങിയ വിഷയങ്ങളില്‍ അടിസ്ഥാനപരമായ നിലപാട് ഉന്നയിച്ചു പ്രക്ഷോഭം ശക്തമാക്കേണ്ടതുണ്ട്. ഈ വിഷയങ്ങളില്‍ നിലപാടുള്ള ജനകീയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും പങ്കെടുപ്പിച്ചു് ജനുവരി 23നു് വാര്‍ധ സേവാഗ്രാം ആശ്രമത്തില്‍ യോഗം നടക്കും.

യോഗത്തില്‍ ദേശീയ ഉപാധ്യക്ഷന്‍ ലിംഗരാജ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സുനില്‍, സംഘടനാ സെക്രട്ടറി നിഷ ഷിവൂര്‍ക്കര്‍, സെക്രട്ടറിമാരായ ലിംഗരാജ് ആസാദ്, അഫ്ളാത്തൂണ്‍, രഞ്ജിത്ത് റായ്, ട്രഷറര്‍ പ്രഫ. ശവജി ഗെയ്ക്‌വാദ് അംഗങ്ങളായ ബാലകൃഷ്ണ, രാധാകാന്ത് ബീഹാര്‍(ഒഡീഷ),ഡോ.സ്വാതി, മഖ്സൂദ് അലി(യുപി), ഡോ. സന്തുഭായ്സന്ത്, സരയു പ്രസാദ് സിങ് (ബീഹാര്‍), സുഭാഷ് ലോംടെ, സുധാകര്‍ റാവു(മഹാരാഷ്ട്ര),അഖില വിദ്യാസാന്ദ്ര(കര്‍ണാടക), വിനോദ് പയ്യട, സുരേഷ് നരിക്കുനി(കേരളം) എന്നിവരും പ്രത്യേക ക്ഷണിതാക്കളായി പ്രമുഖ കന്നഡ സാഹിത്യകാരനും കര്‍ണാടക സര്‍വോദയപക്ഷ നേതാവുമായ ദേവന്നൂര്‍ മഹാദേവ, കര്‍ണാടക രാജ്യ റെയ്ത സംഘനേതാവ് അനസൂയാമ്മ എന്നിവരും പങ്കെടുത്തു.