അക്ഷരനഗരിക്കു കൗതുകമായി ഡോംഗ്രിയ ഖോണ്ട്‌ ജനത


ചോറും കറിയുമൊന്നും വേണ്ട, കഴിക്കാന്‍ കിഴങ്ങോ പഴവര്‍ഗങ്ങളോ മാത്രം, കസേരയുള്‍പ്പെടെയുള്ള ഇരിപ്പിടങ്ങളില്‍ ഇരിക്കാനും ഇഷ്‌ടപ്പെടുന്നില്ല... ഇങ്ങനെയുള്ളവര്‍ ഇപ്പോഴുമോ എന്ന്‌ അമ്പരക്കേണ്ട. ഇന്നലെ കോട്ടയത്തെത്തിയ ഒഡീഷയിലെ ആദിമ ഗോത്രവിഭാഗമായ ഡോംഗ്രിയ ഖോണ്ട്‌ വിഭാഗക്കാരാണ്‌ വാസസ്‌ഥലം മാറിയാലും തനതു രീതികള്‍ പിന്തുടരുന്നത്‌. ഇന്നലെ (2014 ഫെബ്രുവരി 18) കോട്ടയത്തെത്തിയപ്പോഴാണ്‌ ഇവരുടെ ജീവിതരീതികള്‍ കോട്ടയത്തുകാര്‍ കണ്ടറിഞ്ഞത്‌.

കാതില്‍ നിറയെ ആഭരണങ്ങള്‍, കഴുത്തിലും കൈയിലുമെല്ലാം റിംഗുകള്‍ എന്നിങ്ങനെ ഇവരുടെ വേഷവിധാനവും ശ്രദ്ധയാകര്‍ഷിക്കുന്നു. ഭൂമിയെ മാതാവായും പര്‍വതങ്ങളെ പിതാവായും ആരാധിക്കുന്ന ഗോത്രവിഭാഗമാണ്‌ ഡോംഗ്രിയ ഖോണ്ട്‌. ഗോത്രവിഭാഗക്കാരാണെങ്കിലും തങ്ങള്‍ അധിവസിക്കുന്ന പര്‍വത നിരകളെ ലക്ഷ്യമിട്ട്‌ രംഗത്തെത്തിയ ബോക്‌സൈറ്റ്‌ ഖനി ഉടമകള്‍ക്കെതിരേ സന്ധിയില്ലാതെ സമരം ചെയ്‌തു വിജയിച്ചവരാണ്‌ കലഹണ്ടി ജില്ലയിലെ നിയാംഗിരി പര്‍വത മേഖലയിലുള്ള ഇവര്‍. തങ്ങള്‍ ദൈവമായി കാണുന്ന നിയാംഗിരി പര്‍വതനിരയിലെ 36 ചതുരശ്ര കിലോമീറ്ററില്‍ കണ്ണുവച്ച്‌ 2002ല്‍ മാഫിയകള്‍ എത്തിത്തുടങ്ങിയതു മുതല്‍ ഇവരുടെ ദുരിതം ആരംഭിച്ചു. തുടര്‍ന്നു പീഡനങ്ങളുടെ നാള്‍വഴികള്‍, അതിനെതിരേ സമരവും. പിന്നാലെ കേസുകളായി, കീഴ്‌കോടതികള്‍ വിവിധ കേസുകളില്‍ ആദിവാസികള്‍ക്കെതിരേ വിധിച്ചെങ്കിലും 2012ല്‍ സുപ്രീം കോടതി ഈ വിഭാഗത്തിന്‌ അനുകൂലമായി വിധിച്ചു. ഈ മേഖലയിലുള്ള ആദിവാസി ഊരുകളുടെ ഗ്രാമസഭ ചേര്‍ന്ന്‌ സ്വീകരിക്കുന്ന തീരുമാനമേ നടപ്പിലാക്കാവൂവെന്ന്‌ സുപ്രീം കോടതി വിധിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന ഗ്രാമസഭകളിലെല്ലാം ഖനനത്തിനെതിരേ ഇവര്‍ രംഗത്തെത്തുകയും ഇത്തരമൊരു ഖനനം വേണ്ടെന്ന നിലപാടു സ്വീകരിക്കുകയുമായിരുന്നു.

8000 ആദിവാസികള്‍ വസിക്കുന്ന നിയാംഗിരി മേഖലയിലുള്ളവരെ വിവിധ ചേരികളായി തിരിക്കാന്‍ ശ്രമങ്ങളുണ്ടായെങ്കിലും ദളിത്‌ നേതാവായ ലിംഗരാജ്‌ ആസാദിന്റെ നേതൃത്വം അംഗീകരിച്ച്‌ ഈ സമൂഹം ഒറ്റക്കെട്ടായി അണിനിരന്നു. സമാജ്‌വാദി ജനപരിഷത്തിന്റെ ദേശീയ സെക്രട്ടറിമാരില്‍ ഒരാളാണ്‌ ലിംഗരാജ്‌ ആസാദ്‌. സമരം വിജയിച്ചതോടെ ലിംഗരാജിനും കൂട്ടാളികള്‍ക്കും ചുറ്റിലുമായി രാഷ്‌ട്രീയപാര്‍ട്ടികള്‍ ചുറ്റിത്തിരിഞ്ഞുതുടങ്ങി.
കലഹണ്ടി ജില്ലയുടെ തലസ്‌ഥാനമായ ഭവാനി പട്‌നായ്‌കില്‍ മത്സരിക്കാന്‍ ലിംഗരാജ്‌ ആസാദിനെ ഡല്‍ഹിയില്‍നിന്ന്‌ എത്തിയ ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം സ്‌നേഹപൂര്‍വം നിരസിച്ചു.അണികളുടെ ആഗ്രഹപ്രകാരം വരുന്ന തെരഞ്ഞെടുപ്പില്‍ ഭവാനി പട്‌നായ്‌കിലെ സമാജ്‌വാദി ജനപരിഷത്തിന്റെ സ്‌ഥാനാര്‍ഥിയാകാനുള്ള തയാറെടുപ്പിലാണ്‌ ലിംഗരാജ്‌ ആസാദ്‌. തങ്ങളുടെ പര്‍വത മേഖലയില്‍ പണത്തിന്റെയും ഗുണ്ടായിസത്തിന്റെയും ആധിപത്യം ഉണ്ടായില്ലെങ്കില്‍ തങ്ങള്‍തന്നെ വിജയിക്കുമെന്ന്‌ ലിംഗരാജ്‌ ആസാദ്‌ മംഗളത്തോട്‌ പറഞ്ഞു. ഈ മേഖലയില്‍ 30 ശതമാനം ദലിത്‌ വിഭാഗവും 20 ശതമാനം ആദിവാസി സമൂഹവുമാണ്‌. കൂയി ഭാഷ ഉപയോഗിക്കുന്ന ഇവര്‍ വനത്തില്‍നിന്നു് ലഭിക്കുന്ന വിവിധ കിഴങ്ങ്‌, പഴ വര്‍ഗങ്ങള്‍ മാത്രം ഭക്ഷിച്ചും ഇവ വിറ്റുമാണ്‌ ജീവിക്കുന്നത്‌. ഇത്തരത്തില്‍ പ്രാചീന ആദിവാസി സമൂഹത്തെ ഒറ്റക്കെട്ടായി നയിച്ച്‌ ചരിത്രവിജയം കരസ്‌ഥമാക്കിയ ഇവര്‍ക്കു് സമാജ്‌വാദി ജനപരിഷത്തിന്റെ നേതൃത്വത്തില്‍ സംസ്‌ഥാനത്ത്‌ രണ്ടിടത്തു് സ്വീകരണം നല്‍കി. കഴിഞ്ഞ ദിവസം കണ്ണൂരിലും ഇന്നലെ കോട്ടയത്തുമാണു സ്വീകരണം നല്‍കിയത്‌. ലിംഗരാജ്‌ ആസാദിനൊപ്പം ഡ്രിന്‍ജോ സികാക, മിന്‍ജലി സികാക, കുനി കുലിശിക, ജെയി കുലിശിക എന്നിവരാണുള്ളത്‌.
സമാജ്‌വാദി ജനപരിഷത്ത്‌ ദേശീയ പ്രസിഡന്റ്‌ അഡ്വ. ജോഷി ജേക്കബിന്റെ അധ്യക്ഷതയില്‍ കോട്ടയത്തു നടന്ന സ്വീകരണ ചടങ്ങില്‍ ഡോ. കെ.എം. സീതി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം

No comments:

Post a Comment