നല്ല മുതലാളിത്തം എന്ന ഒന്നില്ല- ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ സമാജവാദി ജനപരിഷത്ത്


കോ‍ട്ടയം,ഫെബ്രുവരി 18: നല്ല മുതലാളിത്തത്തിനുവേണ്ടി നിലകൊള്ളുന്ന ആം ആദ്മി പാര്‍ട്ടി സോഷ്യലിസ്റ്റ് ആദര്‍ശത്തിന്റെ താവളമല്ലെന്നും സമാജവാദി ജനപരിഷത്ത് വിട്ടു് ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക് പോയ യേോഗേന്ദ്രയാദവ്, ലിംഗരാജ്, സോമനാഥ് ത്രിപാഠി, വിശ്വനാഥ് ബാഗി, ശിവപൂജന്‍ സിംഹ് തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളോടു് സഹതപിയ്ക്കുന്നുവെന്നും സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് പ്രസ്താവിച്ചു. മുതലാളിത്തത്തിനോടെതിര്‍പ്പില്ലെന്നും, ചങ്ങാത്ത മുതലാളിത്തത്തോടാണ് (CRONY CAPITALISAM) ആം ആദ്മി പാര്‍ട്ടിയ്ക്ക് എതിര്‍പ്പെന്നും ദില്ലി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രവാള്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണു് ജോഷിയുടെ പ്രസ്താവന.

ഒഡീഷ സംസ്ഥാനത്തെ കാലഹണ്ഡിജില്ലയിലെ നിയംഗിരി പര്‍വ്വത- വനാന്തരങ്ങള്‍, ലണ്ടനിലെ വേദാന്ത കമ്പനിയ്‌ക്ക്‌ ബോക്‌സൈറ്റ്‌ ഖനനത്തിന്‌ കൊടുക്കുന്നതിനെതിരെ ലാഞ്ചിഗഢില്‍ ഒരു ദശകം നീണ്ട സമാധാനപരമായ സമരം നടത്തി വജയം നേടിയ ലിംഗരാജ്‌ ആസാദിനും സംഘത്തിനും കേരളത്തില്‍ കോ‍ട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. നല്ല മുതലാളിത്തം എന്ന ഒന്നില്ലെന്നും മുതലാളിത്തവും സാമ്രാജ്യത്വവും ഇരട്ടകളായി പിറന്നതാണെന്നുമാണു് ഇന്ത്യന്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടെന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി. മുതലാളിത്തം പുരോഗമനപരമാണെന്നും സാമ്രാജ്യത്വം അതിന്റെ അന്ത്യഘട്ടമാണെന്നുമുള്ള കമ്യൂണിസ്റ്റ് വീക്ഷണത്തെ സോഷ്യലിസ്റ്റുകള്‍ എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുതലാളിത്തത്തിനോടല്ല, ചങ്ങാത്ത മുതലാളിത്തത്തോടാണ് ആം ആദ്മിയ്ക്ക് എതിര്‍പ്പെന്ന് അരവിന്ദ് കെജ്രവാള്‍

മുതലാളിത്തത്തിനോടെതിര്‍പ്പില്ലെന്നും, ചങ്ങാത്ത മുതലാളിത്തത്തോടാണ് ആം ആദ്മിയ്ക്ക് എതിര്‍പ്പെന്നും അരവിന്ദ് കെജ്രവാള്‍ വ്യക്തമാക്കിയിരിയ്ക്കുന്നു.


ദെല്‍ഹി: മുതലാളിത്തത്തിനോടല്ല, ചങ്ങാത്ത മുതലാളിത്തത്തോടാണ്(CRONY CAPITALISAM) ആം ആദ്മി പാര്‍ട്ടിയ്ക്ക് എതിര്‍പ്പെന്ന് ദില്ലി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രവാള്‍ അറിയിച്ചു. എഎപിയുടെ സാമ്പത്തിക വീക്ഷണത്തെ കുറിച്ച് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ എന്റസ്ട്രി ഫെബ്രുവരി 17ന് ദെല്‍ഹിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരല്ല, സ്വകാര്യമേഖലയാണ് ബിസ്സിനസ് നടത്തേണ്ടതെന്ന് കെജ്രിവാള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് സുരക്ഷയും നീതിയും അഴിമതി വിരുദ്ധഭരണവുമാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. വ്യവസായികളല്ലാത്ത ഒരുവിഭാഗം ആള്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്ന് കെജ്രിവാള്‍ ആരോപിച്ചു.

നല്ല ഭരണമുള്ള ഇടത്തേ നല്ല ബിസ്സിനസും ഉണ്ടാകുകയുള്ളൂ. സര്‍ക്കാര്‍ കെടുകാര്യസ്ഥതയിലും അഴിമതിയിലുമാണെങ്കില്‍ സ്വകാര്യ മേഖല നല്ല നിലയില്‍ പ്രവര്‍ത്തിയ്ക്കില്ല- കെജ്രിവാള്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ദില്ലിയിലെ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കുന്നത് പ്രഖ്യാപിച്ച് സംസാരിക്കവെ മുകേഷ് അംബാനിക്കെതിരെ കെജ്രിവാള്‍ ശക്തമായി ആഞ്ഞടിച്ചിരുന്നു. പാചകവാതക വില നിശ്ചയിക്കുന്നതില്‍ ക്രമവിരുദ്ധമായ ഇടപെടല്‍ നടത്തിയെന്നാരോപിച്ച് മുകേഷ് അംബാനിക്കും പെട്രോളിയം മന്ത്രി വീരപ്പമൊയിലിയ്ക്കുമെതിരെ ദില്ലി സര്‍ക്കാര്‍ കേസെടുക്കുകയും ചെയ്തിരുന്നു. എന്നുകരുതി അരവിന്ദ് കെജ്രിവാള്‍ മുതലാളിത്തത്തിന് എതിരാണെന്ന തെറ്റിദ്ധരണ വേണ്ട.
വണ്‍ ഇന്ത്യ
http://malayalam.oneindia.in/news/india/aap-against-crony-capitalism-not-capitalism-kejriwal-118102.html


കേജ്‌രിവാളിന്റേത്‌ നിയോ ലിബറല്‍ വീക്ഷണം: സിപിഎം

ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കേജ്‌രിവാളിന്റെ വ്യവസായികളോടുള്ള സമീപനം നിയോ ലിബറല്‍ വീക്ഷണമാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. 'ഗവണ്‍മെന്റ്‌ ഹാസ്‌ നോ ബിസിനസ്‌ ഇന്‍ ബിസിനസ്‌' എന്നാണു വ്യവസായികളുടെ യോഗത്തില്‍ കേജ്‌രിവാള്‍ പറഞ്ഞത്‌. ഇതു ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ്‌ താച്ചറുടെ പ്രയോഗമാണ്‌.

വന്‍കിട വ്യവസായികളുടെ താല്‍പര്യത്തിന്‌ അനുസൃതമായി റെഗുലേറ്ററി ഏജന്‍സികള്‍ ചട്ടങ്ങളുണ്ടാക്കുന്ന നിയോ ലിബറല്‍ മാതൃകയാണു് കേജ്‌രിവാള്‍ മുന്നോട്ടുവയ്‌ക്കുന്നത്‌. അദ്ദേഹം ഡല്‍ഹിയില്‍ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാന്‍ നടത്തിയ സമരം മറന്നുപോയെന്നുd തോന്നുന്നു-കാരാട്ട്‌ ചൂണ്ടിക്കാട്ടി. ആം ആദ്‌മി പാര്‍ട്ടി തന്നെ മുന്നോട്ടുവച്ച പരിപാടിയില്‍ നിന്നു വ്യതിചലിക്കുന്ന നയമാണ്‌ അവര്‍ ജലവിതരണത്തിന്റെ കാര്യത്തില്‍ കൈക്കൊണ്ടത്‌.

താന്‍ ക്രോണി ക്യാപ്പിറ്റലിസത്തിന്‌ എതിരാണെന്നും ശരിയായ ക്യാപ്പിറ്റലിസത്തിന്‌ എതിരല്ലെന്നും കേജ്‌രിവാള്‍ പറയുന്നതിനെയും കാരാട്ട്‌ പരിഹസിച്ചു. എല്ലാ നിയോ ലിബറല്‍ വാദികളും പറയുന്നതാണിത്‌. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്‌തു വന്‍ലാഭമുണ്ടാക്കാന്‍ വ്യവസായികളെ അനുവദിക്കുന്ന സമീപനമാണിത്‌. നിയോ ലിബറല്‍ നയങ്ങള്‍ക്കു പകരം വയ്‌ക്കാവുന്ന ഒന്നും ആം ആദ്‌മി പാര്‍ട്ടി മുന്നോട്ടു വയ്‌ക്കുന്നില്ല- കാരാട്ട്‌ തുടരുന്നു.

കേരളത്തിലും ബംഗാളിലും ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോള്‍ മറ്റു പാര്‍ട്ടികള്‍ ചെയ്യുന്നതു പോലെ തന്നെയാണു് പ്രവര്‍ത്തിച്ചതെന്ന യോഗേന്ദ്രയാദവിന്റെ വിമര്‍ശനത്തെയും കാരാട്ട്‌ തള്ളി. ഭൂപരിഷ്‌കരണം, തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തല്‍, അധികാര വികേന്ദ്രീകരണം, ദലിതര്‍ക്കും ആദിവാസികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അ വസാനിപ്പിക്കല്‍ എന്നിങ്ങനെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്‌തതൊന്നും ആം ആദ്‌മി പാര്‍ട്ടി കാണുന്നില്ല. പൊതു വിതരണ സമ്പ്രദായം നിര്‍ത്തണമെന്നു വാദിക്കുന്ന നേതാവാണു് യാദവ്‌ എന്നും കാരാട്ട്‌ ചൂണ്ടിക്കാട്ടി.

മലയാള മനോരമ 2014 ഫെബ്രുവരി 21

ആം ആദ്മിയും മുതലാളിത്തവും
ദേശാഭിമാനി മുഖപ്രസംഗം

ആം ആദ്മി പാര്‍ടി (എഎപി) നേതാവ് കെജ്രിവാള്‍ അവരുടെ നയം വ്യക്തമാക്കിയിരിക്കുന്നു- ആം ആദ്മി മുതലാളിത്തവ്യവസ്ഥയെ പൂര്‍ണമായും അനുകൂലിക്കുന്നു. പങ്കാളിത്ത മുതലാളിത്തത്തിനോടുമാത്രമേ എതിര്‍പ്പുള്ളൂ. സര്‍ക്കാരെന്നാല്‍ ഭരിക്കാന്‍മാത്രമുള്ളതാണ്. വ്യവസായം, വ്യാപാരം തുടങ്ങി സകലതും സ്വകാര്യവ്യക്തികള്‍ക്കുള്ളതാണ്. സര്‍ക്കാര്‍ ബിസിനസ് നടത്താന്‍ പാടില്ല. അത് സര്‍ക്കാരിന്റെ പണിയല്ല. ഭരിക്കുക എന്നതുകൊണ്ട് കെജ്രിവാള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ക്രമസമാധാനപാലനംമാത്രമാണ് സര്‍ക്കാരിന്റെ ചുമതലയെന്ന് കരുതുന്നവരുണ്ട്. അതുതന്നെയാണ് കെജ്രിവാളിന്റെയും ധാരണ. ക്ഷേമരാഷ്ട്ര സങ്കല്‍പത്തോടുള്ള സമീപനമെന്താണെന്നും വ്യക്തമാക്കിയിട്ടില്ല. മുതലാളിത്തവ്യവസ്ഥയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും എന്തൊക്കെ ചെയ്യണമോ അതൊക്കെ ചെയ്യാന്‍ ആം ആദ്മി പ്രതിജ്ഞാബദ്ധമാണ്. ആഗോളവല്‍ക്കരണനയത്തിന്റെ വക്താക്കളും പറയുന്നത്, സര്‍ക്കാര്‍ ഭരിക്കാന്‍മാത്രമുള്ളതാണ് എന്നാണ്. വിലനിയന്ത്രണംപോലും സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ ഉള്‍പ്പെടുന്നില്ല. വില നിശ്ചയിക്കേണ്ടത് വിപണിയിലാണ്. ചുരുക്കത്തില്‍ സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം, വിപണി സമ്പദ്വ്യവസ്ഥ എന്നിവയോടൊക്കെ ആം ആദ്മിക്ക് യോജിപ്പാണ്. അഴിമതിക്കെതിരാണെന്ന് പറയുന്നു. ഏതാനും ചങ്ങാത്തമുതലാളിത്തക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നതിലാണ് കെജ്രിവാളിന് എതിര്‍പ്പുള്ളത്. ചുരുക്കത്തില്‍ കെജ്രിവാള്‍ ഒരു സ്വപ്നലോകത്താണ്. മുതലാളിത്തവ്യവസ്ഥയാണ് പങ്കാളിത്തമുതലാളിത്തത്തെ സൃഷ്ടിച്ചത്. നിലവിലുള്ള മുതലാളിത്തവ്യവസ്ഥയില്‍നിന്ന് അഴിമതിമാത്രമായോ പട്ടിണിമാത്രമായോ അടര്‍ത്തിയെടുത്ത് അവസാനിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി എന്നിവയൊക്കെ മുതലാളിത്തവ്യവസ്ഥയുടെ അവിഭാജ്യഘടകമാണ്.

കെജ്രിവാള്‍ പറഞ്ഞതില്‍നിന്ന് വ്യക്തമാകുന്നത്, അദ്ദേഹം പൊതുമേഖലാ വ്യവസായങ്ങള്‍ക്കും പൊതുമേഖലാ സംരംഭങ്ങള്‍ക്കും എതിരാണെന്നാണ്. എല്ലാം സ്വകാര്യമേഖലയെ ഏല്‍പ്പിക്കണമെന്ന് പറയുമ്പോള്‍, പൊതുമേഖലാ ബാങ്കുകളും പൊതുവിദ്യാഭ്യാസവും മറ്റ് സേവനമേഖലകളും സ്വകാര്യവ്യക്തികളെ ഏല്‍പ്പിക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. സര്‍ക്കാരിന്റെ ജോലി ഭരണം നടത്തല്‍മാത്രമാണെന്ന് പറയുമ്പോള്‍, ഭരണം നടത്തുകയെന്ന് പറയുന്നതില്‍ എന്തൊക്കെ ഉള്‍പ്പെടുമെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ജനിച്ചുവളരുന്ന വ്യക്തികള്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, വൈദ്യസഹായം എന്നീ മൗലികമായ പ്രാഥമികാവശ്യങ്ങള്‍ ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം ഭരണം നടത്തുകയെന്ന ചുമതലയില്‍ ഉള്‍പ്പെടുമോ എന്നും വ്യക്തമല്ല. എല്ലാം സ്വകാര്യവ്യക്തികളെ ഏല്‍പ്പിക്കണമെന്ന് പറയുമ്പോള്‍ത്തന്നെ, സൗജന്യമായി കുടിവെള്ളം നല്‍കണമെന്നും വൈദ്യുതി നല്‍കണമെന്നും കെജ്രിവാള്‍ പറയുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ അദ്ദേഹം വ്യക്തമാക്കിയത് തനി പിന്തിരിപ്പന്‍ ചിന്താഗതിയാണ്. ഡല്‍ഹിഭരണം കേവലം 49 ദിവസംകൊണ്ട് അവസാനിപ്പിച്ചതും ഭരണത്തെപ്പറ്റിയുള്ള അവ്യക്തതയും ആശയക്കുഴപ്പവും കാരണമാണെന്ന് പറയേണ്ടിവന്നിരിക്കുന്നു. വാക്കും പ്രവൃത്തിയും തമ്മില്‍ പ്രകടമായ പൊരുത്തക്കേടാണ് കാണുന്നത്. പുതിയ രാഷ്ട്രീയപാര്‍ടി എന്നനിലയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു എന്നതാണ് വാസ്തവം. ആദ്യചുവടുകള്‍ പിഴച്ചുപോയത് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നല്ലത്.
ദേശാഭിമാനി 2014 ഫെബ്രുവരി 19

ചങ്ങാത്ത മുതലാളിത്തം (ക്രോണി ക്യാപ്പിറ്റലിസം)
ക്രോണി ക്യാപ്പിറ്റലിസം (crony capitalism) എന്ന കൗതുകപ്പേരില്‍ അറിയപ്പെടുന്ന ചങ്ങാത്ത മുതലാളിത്തം അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നു് പലരും വിലയിരുത്തുന്നു. മുതലാളിത്ത വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും വിവിധ പദ്ധതികളിലൂടെ ലാഭം വര്‍ധിപ്പിക്കുന്നതിനും മൂലധനശക്തികള്‍ ഓരോ രാജ്യത്തിലെയും ഭരണസംവിധാനങ്ങളുമായി സൗഹാര്‍ദം അഥവാ ചങ്ങാത്തം സ്ഥാപിക്കുന്ന രീതിയാണ് ‘ചങ്ങാത്ത മുതലാളിത്തം’ (CRONY CAPITALISAM). Crony എന്ന പദത്തിന് സുഹൃത്ത് അഥവാ ചങ്ങാതി എന്നാണ് അര്‍ഥമെങ്കിലും നവലിബറല്‍ കാലത്തെ മുതലാളിത്തത്തിന്‍െറ പുതിയൊരു പ്രവണതയായിട്ടാണ് സാമ്പത്തിക വിദഗ്ധര്‍ ചങ്ങാത്ത മുതലാളിത്തത്തെ വിലയിരുത്തുന്നത്. സര്‍ക്കാറിനെ സ്വാധീനിച്ച് തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കി ലാഭം കൊയ്യാന്‍ കുത്തകകള്‍ വഴിവിട്ട രീതികള്‍ അവലംബിക്കുന്നത് ഇന്നൊരു പുതിയ സംഭവമല്ല. രാഷ്ട്രീയക്കാരും കോര്‍പറേറ്റ് ശക്തികളും തമ്മില്‍ അവിഹിത വരുമാനം പങ്കുവെക്കുന്നത് വ്യവസ്ഥിതിയിലെ നിത്യസംഭവമായി കഴിഞ്ഞു.

മൂലധനശക്തികളും ഭരണാധികാരശക്തികളും തമ്മിലുള്ള ചങ്ങാത്തമാണ് ക്രോണി ക്യാപ്പിറ്റലിസത്തിന്റെ അടിസ്ഥാനം. ഈ ചങ്ങാത്തത്തിലൂടെ മൂലധനശക്തികളുടെ താല്‍പ്പര്യം ഭരണാധികാര ശക്തികളും ഭരണാധികാര ശക്തികളുടെ താല്‍പ്പര്യങ്ങള്‍ മൂലധനശക്തികളും പാരസ്പര്യബോധത്തോടെ നിര്‍വഹിച്ചുകൊടുക്കുന്നു. മുതലാളിമാര്‍ക്ക് രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കാനുള്ള സൗകര്യം നിയമനിര്‍ണാമത്തിലൂടെയടക്കം ഭരണരാഷ്ട്രീയക്കാര്‍ ചെയ്തുകൊടുക്കുന്നു. ഭരണരാഷ്ട്രീയം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ സഹായഹസ്തം നീട്ടി മുതലാളിത്തശക്തികള്‍ ഓടിയെത്തുകയും ചെയ്യുന്നു. ഈ അവസ്ഥ ഒരു ഘട്ടം കടക്കുമ്പോള്‍ ഡെമോക്രസിയെ (ജനാധിപത്യം) പ്ലൂട്ടോക്രസി (പണം കൊണ്ടുള്ള ഭരണം), ക്ലെപ്റ്റോക്രസി (മോഷണംകൊണ്ടുള്ള ഭരണം) എന്നിവ ആരുമറിയാതെ പകരം വയ്ക്കുന്നു. ഈ അവസ്ഥയിലേക്കാണ് ഇന്ന് ഇന്ത്യ കടന്നെത്തുന്നത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചുള്ള മുതലാളിത്തത്തിന്റെ പകല്‍ക്കൊള്ളയാണിതു്!

ഭരണകൂടവും മുതലാളിത്തവും കൂട്ടുച്ചേര്‍ന്ന് ജനാധിപത്യത്തിന്റെ അടിവേര് തോണ്ടുകയാണ്.പാര്‍ലമെന്ററി ജനാധിപത്യം എങ്ങനെ പ്രഹസനമായിത്തീരും എന്നതു് പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും നിര്‍ണായക വോട്ടെടുപ്പ് വേളകളില്‍ കണ്ടുകൊണ്ടിരിക്കുന്നതാണു്. ഇതിന്റെ ഭാഗമായി വേണം രാഷ്ട്രീയ അഴിമതികളെ കാണേണ്ടത്. സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയവ ഉദാഹരണങ്ങള്‍. ജനാധിപത്യവ്യവസ്ഥയെ രക്ഷിച്ചുനിര്‍ത്തേണ്ട സ്ഥാപനങ്ങളും മാധ്യമങ്ങളുമെല്ലാം ഈ അഴിമതികളില്‍ പങ്കാളികളാകുന്നു.

No comments:

Post a Comment