ഭക്ഷ്യധാന്യം ഫാക്‌ടറിയില്‍ ഉല്‌പാദിപ്പിക്കാത്തതിനാല്‍ നശീകരണ വികസനം തടയണം- ലിംഗരാജ്‌ ആസാദ്‌


കോട്ടയം: ഭക്ഷണത്തിനുള്ള ധാന്യം ഫാക്‌ടറികളില്‍ ഉല്‌പാദിപ്പിക്കാത്തതിനാല്‍ ഇന്നത്തെ നശീകരണ വികസനത്തെ തടയണമെന്ന്‌ സമാജവാദി ജനപരിഷത്‌ ദേശീയ സെക്രട്ടറിയും നിയംഗിരി പ്രക്ഷോഭണത്തിന്റെ നേതാവുമായ ലിംഗരാജ്‌ ആസാദ്‌ അഭിപ്രായപ്പെട്ടു.

ഒഡീഷയില്‍ കാലഹണ്ഡിജില്ലയിലെ നിയംഗിരി പര്‍വ്വത- വനാന്തരങ്ങള്‍ ലണ്ടനിലെ വേദാന്ത കമ്പനിയ്‌ക്ക്‌ ബോക്‌സൈറ്റ്‌ ഖനനത്തിന്‌ കൊടുക്കുന്നതിനെതിരെ ലാഞ്ചിഗഢില്‍ ഒരു ദശകം നീണ്ട സമാധാനപരമായ പോരാട്ടം നടത്തി വജയം നേടിയ ലിംഗരാജ്‌ ആസാദിനും സംഘത്തിനും പബ്‌്‌ലിക്‌ ലൈബ്രറി ഹാളില്‍ നല്‍കിയ സ്വീകരണത്തിന്‌ നന്ദിപറഞ്ഞു സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ ഭൂമി വേണം. കൃഷിയും വേണം. കൃഷിയുണ്ടാവണമെങ്കില്‍ വെള്ളം വേണം. വെള്ളം കിട്ടണമെങ്കില്‍ കാടുവേണം. കാടുവേണമെങ്കില്‍ പ്രകൃതിയെ കൊള്ളയടിക്കുകയല്ല പ്രകൃതിയോട്‌ മനുഷ്യത്തപരമായ സമീപനം വേണം.

അലുമിനിയത്തിന്റെ രണ്ടാം ഘട്ട അയിര്‌ ആയ അലുമിന ഒരു ദശലക്ഷം ടണ്‍ വീതം പ്രതിവര്‍ഷ ഉല്‌പാദനത്തിന്‌ അനുമതി വാങ്ങി ആരംഭിച്ച കമ്പനിയുടെ റിഫൈനറിയ്‌ക്ക്‌ പ്രതിവര്‍ഷം ആറ്‌ ദശലക്ഷം ടണ്‍ ഉല്‌പാദനമായി വര്‍ദ്ധിപ്പിയ്‌ക്കുവാനാണ്‌ പിന്നീട്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌. എന്നാല്‍ ഒരു ദശലക്ഷം ടണ്‍ ഉല്‌പാദിപ്പിച്ചാല്‍പോലും കേവലം 23 വര്‍ഷത്തേയ്‌ക്കുള്ള ബോക്‌സൈറ്റ്‌ നിക്ഷേപമാണ്‌ ലാഞ്ചിഗഡില്‍ ഉള്ളത്‌. കോര്‍പ്പറേറ്റുകളുടെ കൊള്ള ലാഭത്തിന്‌ വേണ്ടി ധാതു നിക്ഷേപങ്ങള്‍ എന്നന്നേയ്‌ക്കുമായി തീര്‍ത്തുകളയുകയും അതിനിടയില്‍ വനങ്ങളും പര്‍വ്വതങ്ങളും നദികളും ജലാശയങ്ങളും നശിപ്പിയ്‌ക്കുകയുമാണ്‌.

പ്രാചീനമായ ഡോംഗ്രിയ ഖോണ്ട്‌ ആദിവാസി സമൂഹം നിവസിയ്‌ക്കുന്ന നിയംഗിരി വനങ്ങള്‍ ആദിവാസി സമൂഹത്തിന്റെ ഉപജീവനത്തിനുള്ള 30 ഇനം കിഴങ്ങുവര്‍ഗങ്ങള്‍, പൈനാപ്പിള്‍, റാഗി, ഇഞ്ചി, മഞ്ഞള്‍ , കുരുമുളക്‌, കുന്തിരിക്കം, ചൂരല്‍, വൃക്ഷത്തടി ജന്യമായ കയര്‍ തുടങ്ങി സമൃദ്ധിയ്‌ക്കുവേണ്ട അനവധി വിഭവങ്ങളാണ്‌ നല്‍കുന്നത്‌.


ജനപരിഷത്ത്‌ ദേശീയ പ്രസിഡന്റ്‌ അഡ്വ.ജോഷി ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍, ഡോ.കെ.എം സീതി, എം.കുര്യന്‍, പ്രൊഫ. പി.ഗോപാലകൃഷ്‌ണന്‍ പണിക്കര്‍, എബി ജോണ്‍ വന്‍നിലം, ഫ്രാന്‍സീസ്‌ ഞാളിയന്‍, കെ.എം.ദാസ്‌, ബോബി. ആര്‍, ഡോ.അപ്പു ജേക്കബ്‌ ജോണ്‍, കെ.ജെ.അബ്രാഹം, റീന വര്‍ഗീസ്‌, എം.എന്‍.തങ്കപ്പന്‍, വി.ജി.സുരേഷ്‌, രഞ്‌ജിത്‌ രാജ്‌, ഷാജി മോന്‍ പി.കെ. കഞ്ഞിക്കുഴി എിവര്‍ സംസാരിച്ചു. ലിംഗരാജ്‌ ആസാദിനൊപ്പം എത്തിയ ഡ്രിന്‍ജോ സികാക, മിന്‍ജലി സികാക, കുനി കുലിശിക, ജമി കുലിശിക എന്നീ ആദിവാസി പോരാളികള്‍ക്ക്‌ ഡോ.കെ.എം.സീതി, എബി ജോണ്‍ വന്‍നിലം, പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഈ.പി.ഷാജുദ്ദീന്‍, ജോണ്‍ പീറ്റര്‍, വി.ജി.സുരേഷ്‌ എിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.



20/02/2014 ഒ.വി.സോമന്‍
ജില്ലാ സെക്രട്ടറി

No comments:

Post a Comment