പുതിയ വിളരൂപങ്ങളുടെ പരീക്ഷണം പ്രതിസന്ധികള്‍ കൂട്ടാനിടയാക്കും. അതിനാല്‍ രാജ്യവ്യാപകമായി ഇവയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു.
ഡി.അജിത്കുമാര്‍
മാതൃഭൂമി December 3, 2015, 01:00 AM IST
കോട്ടയം: ജനിതകമാറ്റം വരുത്തിയ അരിയും കടുകും വില്‍ക്കാന്‍ അനുവദിക്കുന്നതിന് നീക്കം. ആദ്യം ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ ഇവ വിതരണം ചെയ്യാനാണ് ശ്രമം. തുടര്‍ന്ന്് രാജ്യം മുഴുവനും ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ നല്‍കുമെന്നാണ് ആശങ്ക.
പരിസ്ഥിതിപ്രേമികളും കര്‍ഷകസംഘടനകളും ഇതിനെതിരെ രംഗത്തെത്തി. അരിയുമായി പുലബന്ധംപോലുമില്ലാത്ത, അതേ രൂപത്തിലുള്ള കൃത്രിമ സാധനമാണ് വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. ഒരു പുഷ്പിതസസ്യത്തിന്റെ ജനിതക ഏകകത്തെയും ജീവാണുവിനെയും സംയോജിപ്പിച്ച് ജനിതകമാറ്റം വരുത്തിയ സാധനമാണ് അരിയെന്ന പേരില്‍ വില്‍ക്കുക. ഈ പുഷ്പിതസസ്യത്തിന്റെ ഇല ഭക്ഷ്യയോഗ്യമാണ്. ചില രാജ്യങ്ങളില്‍ ഇത് ഇപ്പോള്‍ത്തന്നെ ഉപയോഗിക്കുന്നുണ്ട്.
ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യരുതെന്ന് പാര്‍ലമെന്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് നിലവില്‍ നിരോധനമില്ല.
ജീവപോഷണത്തിനായി മനുഷ്യന്‍ നിലനിര്‍ത്തുന്ന ഭക്ഷണശീലങ്ങളും വിഭവങ്ങളും പതുക്കെ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യസാധനങ്ങള്‍ രോഗങ്ങള്‍ക്കിടയാക്കുമെന്നും സ്വഭാവത്തില്‍ മാറ്റംവരുത്തുമെന്നുമുള്ള ആശങ്കകള്‍ പൂര്‍ണമായി നീങ്ങിയിട്ടില്ല.
ഇല്ലാത്ത രോഗത്തിന്റെ പേരുപറഞ്ഞാണ് പുതിയ അരി വില്‍പ്പനയ്‌ക്കെത്തുന്നത്. വൈറ്റമിന്‍ എ ഡെഫിഷ്യന്‍സി അഥവാ വേഡ് എന്ന രോഗാവസ്ഥ മാറ്റാന്‍ ഇതിനാകുമെന്നാണ് പ്രചാരണമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടില്‍ സുലഭമായുള്ള മുരിങ്ങയില, കാരറ്റ്, മത്തങ്ങ, ചക്കപ്പഴം, പപ്പായ തുടങ്ങിയവയിലെല്ലാം വൈറ്റമിന്‍ എ ധാരാളമുണ്ട്.
കാര്‍ഷികമേഖല ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലാണ്. ആവര്‍ത്തിച്ചുള്ള കൃഷിയും വളം, കീടനാശിനി എന്നിവയുടെ അമിത ഉപയോഗവുംമൂലം ഉദ്ദേശിച്ച വിളവ് ലഭിക്കാത്ത അവസ്ഥയുണ്ട്.
പുതിയ വിളരൂപങ്ങളുടെ പരീക്ഷണം പ്രതിസന്ധികള്‍ കൂട്ടാനിടയാക്കും. അതിനാല്‍ രാജ്യവ്യാപകമായി ഇവയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു. സുഭാഷ് പലേക്കര്‍ ആവിഷ്‌കരിച്ച ചെലവില്ലാകൃഷിയുംമറ്റും പ്രയോജനപ്പെടുത്തി, അന്യരെ ആശ്രയിക്കാത്ത കാര്‍ഷികസംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.
ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ പോകുന്നതിനെതിരെ വ്യാഴാഴ്ച രാവിലെ പത്തിന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തും. കേരള കര്‍ഷകമുന്നണി, യുവകര്‍ഷക കേരളം, സമാജവാദി ജനപരിഷത്ത്, കേരള മനുഷ്യാവകാശ സമിതി, ഗാന്ധിഗ്രാമശക്തി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ധര്‍ണ. അഡ്വ. ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്യും.
സ്രോതസ്സ്: മാതൃഭൂമി
മാതൃഭൂമി പത്രക്ലിപ്പിങ് ഇവിടെ