അഡ്വ. ജോഷി ജേക്കബ്
മഹാത്മാഗാന്ധി ഒരു മനുഷ്യന്‍ തന്നെ ആയിരുന്നതുകൊണ്ട് വിമര്‍ശനവിധേയനാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. എന്നാല്‍ എഴുത്തുകാരിയായ അരുന്ധതി റോയി നടത്തുന്ന വിമര്‍ശനം വസ്‌തുതകളുടേയും സൂക്ഷ്‌മമായ പരിശോധനകളുടെയും അടിസ്‌ഥാനത്തിലുള്ളതാണെന്ന് പറയാന്‍ കഴിയില്ല. അത് സുവ്യക്‌തവും കൃത്യവുമല്ല. മറ്റു സ്‌ഥാപിതതാല്‍പര്യങ്ങള്‍ പിന്നിലുണ്ടോ എന്നതും തള്ളിക്കളയാനാവില്ല. ഒരുകാര്യം തീര്‍ച്ച, മാവോയിസ്‌റ്റുകളെ പിന്തുണയ്‌ക്കുന്ന അരുന്ധതിക്ക് സായുധപോരാട്ട സിദ്ധാന്തത്തിന്റെ അര്‍ഥശൂന്യത ഏറ്റവും ശക്‌തമായി ബോധ്യപ്പെടുത്തുന്ന മഹാത്മാഗാന്ധിയുടെ ജീവിതത്തെ വിലയിടിച്ചു കാണിക്കേണ്ടത് രാഷ്‌ട്രീയമായ ഒരാവശ്യമാണ്. മാവോയിസ്‌റ്റുകളുടെ അക്രമ ഭീകരതയ്‌ക്കും സര്‍ക്കാര്‍-കോര്‍പ്പറേറ്റ് ഭീകരതയ്‌ക്കും ഇടയില്‍ ഞെരിഞ്ഞമരുന്നത് ആദിവാസികളും ദലിതരുമാകുമ്പോള്‍ ആ വിഭാഗങ്ങളില്‍ ഗാന്ധിയോട് വെറുപ്പ് ജനിപ്പിക്കേണ്ടത് അവരുടെ ആവശ്യമാണ്. ജാതിയുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഉദ്ദേശം എട്ടര ദശകത്തോളം പഴക്കമുണ്ട്. അരുന്ധതിയുടെ കണ്ടുപിടുത്തത്തില്‍ പുതുതായി ഒന്നുമില്ല.
തന്റെ ജീവിതാന്ത്യംവരെ തെറ്റുകളും പോരായ്‌മകളും തന്നാലാവുംവിധം തിരുത്തി ആത്മാര്‍ത്ഥമായും സത്യസന്ധമായും ഗാന്ധി തന്റെ ബോധ്യങ്ങളില്‍ അഴിച്ചുപണി നടത്തി. അതിനെ അവഗണിക്കുന്നവരുടെ ബുദ്ധിപരമായ സത്യസന്ധതയെയാണ് സംശയിക്കേണ്ടത്. അത്തരം ഗാന്ധി വധങ്ങള്‍ ചര്‍ച്ചകളുടെ കേന്ദ്രസ്‌ഥാനത്തു നിന്നും ജാതിയെ മാറ്റി അതിന്റെ പിന്നാമ്പുറത്തെ താല്‍പപര്യങ്ങളിലേക്ക് വഴിതെറ്റിക്കും. എന്നാല്‍ ഗാന്ധി ആചരണത്തിന്റെ തിരിതെളിക്കുന്ന ഭരണാധികാരികള്‍ ആശയഭേദമില്ലാതെ ഭരണത്തിലെത്തുമ്പോള്‍ രാക്ഷസീയമായ വികസന ഭീകരതയിലൂടെ മഹാത്മാഗാന്ധിയുടെ ആശയങ്ങളെ സമ്പൂര്‍ണമായി കുഴിച്ചുമൂടും. അതില്‍ തകര്‍ക്കപ്പെടുന്ന നിസ്വരായവര്‍ ഒഡീഷയിലെ നിയംഗിരിയിലും മറ്റും സന്ധിചെയ്യാത്ത നിരായുധ പോരാട്ടത്തില്‍ ഗാന്ധിയില്‍ നിന്ന് വെളിച്ചം സ്വീകരിക്കുന്നു. ബാബാ സാഹിബ് ഡോ.അംബേദ്‌കര്‍ മഹാത്മാഗാന്ധിയോട് അതിനിശിതമായി ഏറ്റുമുട്ടിയത് എല്ലാവരുടേയും ഒരു പാഠപുസ്‌തകമാണ്. അത് മഹാത്മാഗാന്ധിക്കും ഡോ.അംബേദ്‌കര്‍ക്കും പഠിക്കുവാന്‍ അവസരം നല്‍കി. ഇന്ത്യാ ചരിത്രത്തിലെ ആ രണ്ടു മഹാവ്യക്‌തിത്വങ്ങള്‍ പിന്നീട് തങ്ങളുടെ പാഠങ്ങള്‍ തിരുത്തി തന്നതാണ് നമ്മുടെ മുന്നോട്ടുള്ള വഴിയില്‍ പ്രകാശം ചൊരിയുക.
ആദ്യഘട്ടത്തില്‍ ജാതിയെ അപഗ്രഥിച്ച് മഹാത്മാഗാന്ധി രൂപപ്പെടുത്തിയ സൈദ്ധാന്തിക നിലപാടുകള്‍ നിരാകരിക്കാവുന്നവയാണ്. എന്നാല്‍, ജാതിപരമായി ഏറ്റവും വേദനിക്കുന്നവരോട് അദ്ദേഹം തന്റെ ജീവിതത്തില്‍ പൂര്‍ണമായും താദാത്മ്യപ്പെടുകയും ഐക്യപ്പെടുകയും ചെയ്‌തു. കൂടാതെ ജാതി വിവേചന ത്തിന്റെയും സാമൂഹിക മര്‍ദ്ദനങ്ങളുടെയും വേദനകള്‍ അകറ്റുവാന്‍ അദ്ദേഹം ഹിന്ദുസ്‌ഥാനിലാകെ വ്യാപിച്ച പ്രവര്‍ത്തനപരിപാടികള്‍ സംഘടിപ്പിച്ചു. തികഞ്ഞ ഈശ്വരവിശ്വാസിയായ അദ്ദേഹം അക്കാര്യത്തിന് വേണ്ടി നിരീശ്വരവാദിയായ ആന്ധ്രയിലെ ഗോറെയുമായി സഹകരിക്കുവാനും മടികാണിച്ചില്ല. തൊട്ടുകൂടായ്‌മയുടേയും തീണ്ടിക്കൂടായ്‌മയുടേയും ആ ഭീകരകാലഘട്ടത്തില്‍ പന്തിഭോജനവും അയിത്തോച്ചാടനവും ദേശീയ തലത്തില്‍ കര്‍മ്മപരിപാടിയാക്കിയത് ദലിതര്‍ക്ക് വലിയതോതില്‍ ആശ്വാസം പകര്‍ന്നു. അപ്പോഴും ജാതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രാഷ്‌ട്രീയ സമീപനങ്ങള്‍ ചോദ്യം ചെയ്യപ്പെടാവുന്നവയായിരുന്നു. എന്നാല്‍ അവയില്‍, വേറിട്ടതായ സമ്മതിദാന സംഘം (സെപറേറ്റ് ഇലക്‌ട്രേറ്റ്) എന്ന ആശയത്തോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പിനെ തള്ളിക്കളയാനുമാവില്ല. അത് പട്ടിക ജാതിക്കാര്‍ക്കുള്ള പ്രത്യേക സംവരണ മണ്ഡലമാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്.
ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിലെ ഒരു ചരിത്രസന്ദര്‍ഭത്തില്‍ ദലിതജനതയുടെ വേറിട്ട സമ്മതിദാന സംഘം എന്ന ആശയം ഡോ.അംബേദ്‌കര്‍ ഉയര്‍ത്തിപ്പിടിച്ചു. അതിനെ മഹാത്മാഗാന്ധി ശക്‌തമായി എതിര്‍ത്തു. അക്കാര്യത്തില്‍ തന്റെ നിലപാട് വിജയിപ്പിക്കുവാന്‍ മഹാത്മാഗാന്ധി രണ്ടാം വട്ടമേശ സമ്മേളനത്തില്‍ സ്വീകരിച്ച സമീപനം വിമര്‍ശനം ക്ഷണിച്ചുവരുത്തി. ഒരു ലോകനേതാവെന്ന നിലയില്‍ മഹാത്മയുടെ ലണ്ടന്‍ സന്ദര്‍ശനം വിജയവും ഒരു ദേശീയ നേതാവെന്ന നിലയില്‍ പരാജയവുമാണെന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നിരീക്ഷണം ഈ സന്ദര്‍ഭ ത്തില്‍ സ്‌മരണീയമാണ്. എന്നാല്‍ പൂനാ കരാറിന് ശേഷവും ഡോ.അംബേദ്‌കര്‍ ജാതിക്കെതിരായും മേല്‍ജാതി താല്‍പര്യങ്ങള്‍ക്കെതിരായും അതിശക്‌തമായി പ്രവര്‍ത്തിച്ചു. വേറിട്ട സമ്മതിദാനസംഘം എന്ന ആവശ്യത്തോട് മഹാത്മാഗാന്ധി പുലര്‍ത്തിയ നിലപാടിനെ തുടര്‍ന്നും തുറന്നെതിര്‍ത്തു. എന്നാല്‍ ഒന്നര ദശകം കഴിഞ്ഞു സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ നക്കല്‍ തയാറാക്കിയ ഉപസമിതിതലവനെന്ന നിലയില്‍ ദലിതര്‍ക്ക് വേറിട്ട സമ്മതിദാന സംഘം എന്ന നിലപാട് അദ്ദേഹം ഉയര്‍ത്തിയില്ല. എന്നാല്‍ പട്ടിക ജാതി-വര്‍ഗ സംവരണ മണ്ഡലങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന ഡോ.അംബേദ്‌കറുടെ ആശയത്തെ പുരോഗമനവാദിയായ പ്രധാനമന്ത്രി നെഹ്‌റു എതിര്‍ത്തതും ശൂദ്രനായ സര്‍ദാര്‍പട്ടേല്‍ അനുകൂലിച്ച് ഭരണഘടനയില്‍ നേടിയെടുത്തതും ഡോ. രാം മനോഹര്‍ ലോഹ്യ അനുസ്‌മരിക്കുന്നുണ്ട്.
ആധുനിക കാലത്തെ പ്രത്യയശാസ്‌ത്രവീക്ഷണങ്ങളുടേയും പുരോഗമന നാട്യങ്ങളുടേയും പൊള്ളത്തരങ്ങള്‍ നന്നായി വിശദീകരിക്കുന്ന ബാബാസാഹിബ് ഡോ.ബി.ആര്‍. അംബേദ്‌കര്‍ ദലിത ജാതിയില്‍ നിന്നുയര്‍ന്നുവന്ന ഒരു വിമോചകനായിരുന്നു. തന്റെ അനുഭവ ബോധ്യങ്ങളോടൊപ്പം പരമ്പരാഗത ജാതിവിശ്വാസങ്ങളെ കശക്കിയെറിഞ്ഞും പുരോഗമനവാദികളുടെ പൊള്ളത്തരങ്ങളെ തുറന്നെതിര്‍ത്തും ജാതിയെ അപഗ്രഥിച്ച് നല്‍കിയ സൈദ്ധാന്തിക ശക്‌തി അദ്ദേഹത്തെ ജാതി നിര്‍മ്മാര്‍ജ്‌ജനത്തിന്റെ അഗ്രസ്‌ഥാനത്ത് പ്രതിഷ്‌ഠിച്ചു. ബ്രാഹ്‌മണ, മേല്‍ജാതി താല്‍ പര്യങ്ങളുടെപേരില്‍ മഹാത്മാഗാന്ധിയെ നഖശിഖാന്തം എതിര്‍ത്തു വന്ന ഡോ. അംബേദ്‌കര്‍ പാശ്‌ചാത്യ പുരോഗതിയെക്കുറിച്ച് മുതലാളിത്തവാദികളും കമ്യൂണിസ്‌റ്റുകളും പുലര്‍ത്തിയ വികലമായ ധാരണയാണ് പുലര്‍ത്തിയിരുന്നത്. അക്കാലത്തെയും ഇക്കാലത്തെയും ഏതൊരു വിദ്യാസമ്പന്നനും എത്തിപ്പെടാവുന്ന ഒരപകടം തന്നെയാണത്. എന്നാല്‍ ദലിത ജനതയുടെ വിമോചനം ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ഡോ. അംബേദ്‌കര്‍ ഒടുവിലെത്തിയപ്പോള്‍ ഗാന്ധിയുടെ സാമ്പത്തിക പദ്ധതിയാണ് തന്റെ ജനതയ്‌ക്ക് അനുയോജ്യമായിരുന്നത് എന്നു ഏറ്റുപറഞ്ഞിട്ടുണ്ട്. സ്വതന്ത്ര ഇ ന്ത്യയുടെ ആരംഭത്തില്‍തന്നെ, പാശ്‌ചാത്യ മാതൃകയിലുള്ള സമ്പദ്‌ഘടനയില്‍ നിരാശയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഏറ്റവും വേദനിക്കുന്നവരുടെ മോചനവും എല്ലാവരുടേയും ക്ഷേമൈശ്വര്യവും മാത്രം കാംക്ഷിച്ച മഹാത്മാഗാന്ധിയും ഡോ.അംബേദ്‌കറും ഒന്നിച്ചു വന്നു പറഞ്ഞാലും പഴങ്കഥ പാരായണക്കാര്‍ അത് നിര്‍ത്തില്ല. അതിന് കാരണം അക്കൂട്ടരുടെ പാശ്‌ചാത്യ സൈദ്ധാന്തിക അടിത്തറയാണെന്ന് വ്യക്‌തം. മറ്റുവല്ല സ്‌ഥാപിതതാല്‍പര്യങ്ങളും ഉണ്ടോയെന്ന് കാലം തെളിയിക്കട്ടെ.
അരുന്ധതി പിന്തുണച്ചിട്ടുള്ള മാവോയിസ്‌റ്റുകള്‍ക്ക് ജാതിയെക്കുറിച്ച് വിശദീകരിക്കുവാന്‍ ശേഷിയില്ലാത്ത വര്‍ഗസമര സിദ്ധാന്തം മുന്നോട്ട്‌വയ്‌ക്കുന്ന മാര്‍ക്‌സിസമല്ലാതെ ജാതിയെ അപഗ്രഥിക്കുന്ന എന്തെങ്കിലും സിദ്ധാന്തമുണ്ടോ ? ലെനിനും സ്‌റ്റാലിനും മാവോയ്‌ക്കും ജാതിയെ വിശദീകരിക്കുവാന്‍ കെല്‌പില്ല. ബ്രാഹ്‌മണനായ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള നേപ്പാളിലെ മാവോയിസ്‌റ്റുകള്‍ മുഖ്യമായും അയിത്ത ജാതിക്കാരും ജാതിയില്‍ താഴ്‌ന്നവരുമായ ജനവിഭാഗങ്ങളെയാണ് തങ്ങളുടെ സായുധ കലാപത്തിലെ പോരാളികളാക്കിയത്. നേപ്പാളി കോണ്‍ഗ്രസും പരമ്പരാഗത കമ്യൂണിസ്‌റ്റ് പാര്‍ട്ടിയും ആ വിഭാഗങ്ങളോട് പുലര്‍ത്തിയ അവഗണനയും അവജ്‌ഞയുമാണ് തീവ്രസായുധ കലാപ പദ്ധതികള്‍ക്കു അവരെ ഉപയോഗപ്പെടുത്തുവാന്‍ മാവോയിസ്‌റ്റുകള്‍ക്ക് സാഹചര്യമുണ്ടാക്കിയത്. എന്നാല്‍ പ്രചണ്ഡ പ്രധാനമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ എല്ലാ വ്യവസ്‌ഥാപിത കക്ഷിനേതാക്കളേയും പോലെ വിദേശമൂലധനം ലഭിക്കുന്നതിനെക്കുറിച്ചുള്ള വേവലാതിയല്ലാതെ തന്റെ പിന്നില്‍ കുരുതികൊടുക്കാന്‍ വന്ന താഴ്‌ന്ന ജാതിക്കാരെ കുറിച്ച് യാതൊരു വേവലാതിയും കാണിച്ചില്ല. വ്യക്‌തിപരമായി ചീത്ത യായതുകൊണ്ടല്ല, മറിച്ച് സൈദ്ധാന്തികമായ അന്ധതയും ശൂന്യതയുമാണ് അതിനു കാരണം. ഗാന്ധിവധത്തിന് ഒരുപാട് പ്രയത്നിക്കുന്ന അരുന്ധതി അത്തരം സൈദ്ധാന്തികമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യസ്‌ഥയാണ്. കൂടാതെ അധിനിവേശ ചാലകശക്‌തിയില്‍ കെട്ടിപ്പൊക്കിയ വിനാശകരമായ വികസനത്തെയാണ് ലോകം മുഴുവന്‍ മുതലാളിത്ത, കമ്യൂണിസ്‌റ്റ് രാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിച്ചത്. അവിടെ ദലിതരുടേയും ആദിവാസികളുടേയും ഇടം മുങ്ങിത്താഴുന്നവരുടെ മുന്‍നിരയിലാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
ഗാന്ധിയുടെ ആത്മാവിന്റെ ആദ്യ കൊലപാതകം ജനവിരുദ്ധമായ വികസന മാതൃകയിലൂടെ ജവഹര്‍ലാല്‍ നെഹ്‌റുവാണ് നടത്തിയതെങ്കില്‍ രാജ്യത്തെ എല്ലാ വ്യവസ്‌ഥാപിത രാഷ്‌ട്രീയ ശക്‌തികളും മത്സരബുദ്ധിയോടെ അതില്‍ പങ്കാളികളായി. പ്രധാനമന്ത്രി നരേന്ദ്രമോഡി വര്‍ഗീയതയുടെ കാര്യപരിപാടികള്‍ തരംപോലെയായിരിക്കും നടപ്പിലാക്കുക. പലപ്പോഴും ഗൂഢമായി നേടിയെടുക്കും. എന്നാല്‍ വിനാശകരമായ വികസനമാതൃക അവിരാമം പ്രത്യക്ഷമായി മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് അദ്ദേഹത്തിന്റെ ഊര്‍ജ്‌ജിത ശ്രമം. സാമ്പത്തിക, സാമൂഹിക അസമത്വങ്ങളെ സംയോജിതമായി നേരിടാതെ ദലിതര്‍ക്കും മോചനം ലഭിക്കുകയില്ല. മാറിയ കാലത്തെ അപഗ്രഥിക്കുവാനും നേരിടുവാനും കഴിയുന്ന പ്രത്യയശാസ്‌ത്ര അന്വേഷണവും അതിനുപയുക്‌തമാകുന്ന രാഷ്‌ട്രീയ ശക്‌തിയെ രൂപപ്പെടുത്തുന്നതിനുമാണ് ശ്രമിക്കേണ്ടത്.
ഗാന്ധിയും അംബേദ്‌കറും ഒരുമിക്കുന്ന ഒരടിത്തറയില്‍ നിന്നാണ് ആ അന്വേഷണം ആരംഭിക്കേണ്ടത്. ഇരു ധ്രുവങ്ങളെന്ന് തോന്നിപ്പിച്ച ഗാന്ധിയും ഡോ.അംബേദ്‌കറും സംയോജിതമാകുന്ന പ്രത്യയശാസ്‌ത്ര അന്വേഷണങ്ങള്‍ ഡോ. രാം മനോഹര്‍ ലോഹ്യയുടെ അപഗ്രഥനങ്ങളിലും ദര്‍ശനങ്ങളിലും കാണാം.
(സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റാണ് ലേഖകന്‍)
Friday, September 12, 2014 mangalam malayalam newspaper
No comments:
Post a Comment