കൂത്താട്ടുകുളം, ഏപ്രിൽ 6 -- ഭാരത ബന്ദിനോടനുബന്ധിച്ച് ഇന്ത്യയുടെ പല ഭാഗത്ത് ദളിതർക്കുനേരെയുണ്ടായ സംഘടിതമായ അക്രമം, വെടിവെപ്പ്, കൊലപാതകം, കൊളള, ജാത്യാക്ഷേപം എന്നിവയിൽ പ്രതിഷേധിച്ച് 2018 ഏപ്രിൽ 9 തിങ്കളാഴ്ച പകൽ സമയം കേരള ജനത സമാധാനപരമായി പ്രതിഷേധഹർത്താൽ ആചരിക്കണമെന്ന് സമാജവാദി ജനപരിഷത്ത് സംസ്ഥാന സമിതി പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. ജാതിമേൽക്കോയ്മക്കെതിരെ സമത്വത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിയ്ക്കുന്നജനങ്ങൾ ഒരുമിച്ച് നിൽക്കേണ്ട സന്ദർഭമാണിത്.
ജനങ്ങൾ ആരുടെയും സമ്മർദ്ദപ്രകാരമല്ലാതെ മനഃസ്സാക്ഷിയനുസരിച്ചു സ്വമേധയാ നടത്തുന്ന ഹർത്താൽ ആചരണം മാത്രമേ സമാജവാദി ജനപരിഷത്ത് അംഗീകരിയ്ക്കുന്നുള്ളൂ. ഏതുപ്രകാരത്തിലുമുള്ള അക്രമത്തെയും സമാജവാദി ജനപരിഷത്ത് എതിർക്കുന്നു. ഹർത്താലിന്റെ വിജയം ഭയരഹിതമായ പൊതുജനാഭിപ്രായം അതിലൂടെ പുറത്തുവരുമ്പോഴാണു്. സ്വാതന്ത്ര്യസമരക്കാലത്തെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അക്രമരാഹിത്യത്തെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തണം. ഹർത്താലിനു് മഹാത്മാഗാന്ധിയും ഡോ.ലോഹിയായും നല്കിയ അർത്ഥമാണു് സമാജവാദി ജനപരിഷത്ത് സ്വീകരിച്ചിട്ടുള്ളതു്. സന്മനസ്സുള്ളവർ ഹർത്താൽ നടത്തണം. താല്പര്യമില്ലാത്തവർക്കു് അതിൽ പങ്കെടുക്കാതിരിയ്ക്കാം. ആരെയും നിർബന്ധിയ്ക്കുന്നില്ല. നിയമലംഘനത്തിനു് ആഹ്വാനം ചെയ്യുന്നുമില്ല. ജനജീവിതത്തെ ബലമായി നിശ്ചലമാക്കുന്നതു് ഹർത്താലല്ല.
സമാജവാദി ജനപരിഷത്ത് സംസ്ഥാന സമിതിയുടെ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വിനോദ് പയ്യട അദ്ധ്യക്ഷത വഹിച്ചു. ജോഷി ജേക്കബ്ബ്, എബി ജോൺ വൻനിലം, സുരേഷ് നരിക്കുനി, ജയ്‌മോൻ തങ്കച്ചൻ,എം.എൻ. തങ്കപ്പൻ, ഫ്രാൻസിസ് ഞാളിയൻ, കുരുവിള ജോൺ, കുതിരോട്ട് പ്രദീപൻ, ബിനു നെയ്യാറ്റിൻകര തുടങ്ങിയവർ പ്രസംഗിച്ചു.
1193 മീനം 23 / 2018 ഏപ്രിൽ 6
No comments:
Post a Comment