ജനിതകമാറ്റം വരുത്തിയ അരിയും കടുകും വരുന്നു; പ്രതിഷേധവും ശക്തം



പുതിയ വിളരൂപങ്ങളുടെ പരീക്ഷണം പ്രതിസന്ധികള്‍ കൂട്ടാനിടയാക്കും. അതിനാല്‍ രാജ്യവ്യാപകമായി ഇവയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു.


ഡി.അജിത്കുമാര്‍

മാതൃഭൂമി December 3, 2015, 01:00 AM IST


കോട്ടയം: ജനിതകമാറ്റം വരുത്തിയ അരിയും കടുകും വില്‍ക്കാന്‍ അനുവദിക്കുന്നതിന് നീക്കം. ആദ്യം ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ ഇവ വിതരണം ചെയ്യാനാണ് ശ്രമം. തുടര്‍ന്ന്് രാജ്യം മുഴുവനും ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ നല്‍കുമെന്നാണ് ആശങ്ക.

പരിസ്ഥിതിപ്രേമികളും കര്‍ഷകസംഘടനകളും ഇതിനെതിരെ രംഗത്തെത്തി. അരിയുമായി പുലബന്ധംപോലുമില്ലാത്ത, അതേ രൂപത്തിലുള്ള കൃത്രിമ സാധനമാണ് വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. ഒരു പുഷ്പിതസസ്യത്തിന്റെ ജനിതക ഏകകത്തെയും ജീവാണുവിനെയും സംയോജിപ്പിച്ച് ജനിതകമാറ്റം വരുത്തിയ സാധനമാണ് അരിയെന്ന പേരില്‍ വില്‍ക്കുക. ഈ പുഷ്പിതസസ്യത്തിന്റെ ഇല ഭക്ഷ്യയോഗ്യമാണ്. ചില രാജ്യങ്ങളില്‍ ഇത് ഇപ്പോള്‍ത്തന്നെ ഉപയോഗിക്കുന്നുണ്ട്.

ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യരുതെന്ന് പാര്‍ലമെന്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് നിലവില്‍ നിരോധനമില്ല.

ജീവപോഷണത്തിനായി മനുഷ്യന്‍ നിലനിര്‍ത്തുന്ന ഭക്ഷണശീലങ്ങളും വിഭവങ്ങളും പതുക്കെ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യസാധനങ്ങള്‍ രോഗങ്ങള്‍ക്കിടയാക്കുമെന്നും സ്വഭാവത്തില്‍ മാറ്റംവരുത്തുമെന്നുമുള്ള ആശങ്കകള്‍ പൂര്‍ണമായി നീങ്ങിയിട്ടില്ല.

ഇല്ലാത്ത രോഗത്തിന്റെ പേരുപറഞ്ഞാണ് പുതിയ അരി വില്‍പ്പനയ്‌ക്കെത്തുന്നത്. വൈറ്റമിന്‍ എ ഡെഫിഷ്യന്‍സി അഥവാ വേഡ് എന്ന രോഗാവസ്ഥ മാറ്റാന്‍ ഇതിനാകുമെന്നാണ് പ്രചാരണമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടില്‍ സുലഭമായുള്ള മുരിങ്ങയില, കാരറ്റ്, മത്തങ്ങ, ചക്കപ്പഴം, പപ്പായ തുടങ്ങിയവയിലെല്ലാം വൈറ്റമിന്‍ എ ധാരാളമുണ്ട്.
കാര്‍ഷികമേഖല ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലാണ്. ആവര്‍ത്തിച്ചുള്ള കൃഷിയും വളം, കീടനാശിനി എന്നിവയുടെ അമിത ഉപയോഗവുംമൂലം ഉദ്ദേശിച്ച വിളവ് ലഭിക്കാത്ത അവസ്ഥയുണ്ട്.

പുതിയ വിളരൂപങ്ങളുടെ പരീക്ഷണം പ്രതിസന്ധികള്‍ കൂട്ടാനിടയാക്കും. അതിനാല്‍ രാജ്യവ്യാപകമായി ഇവയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു. സുഭാഷ് പലേക്കര്‍ ആവിഷ്‌കരിച്ച ചെലവില്ലാകൃഷിയുംമറ്റും പ്രയോജനപ്പെടുത്തി, അന്യരെ ആശ്രയിക്കാത്ത കാര്‍ഷികസംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.

ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ പോകുന്നതിനെതിരെ വ്യാഴാഴ്ച രാവിലെ പത്തിന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തും. കേരള കര്‍ഷകമുന്നണി, യുവകര്‍ഷക കേരളം, സമാജവാദി ജനപരിഷത്ത്, കേരള മനുഷ്യാവകാശ സമിതി, ഗാന്ധിഗ്രാമശക്തി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ധര്‍ണ. അഡ്വ. ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്യും.

സ്രോതസ്സ്: മാതൃഭൂമി

മാതൃഭൂമി പത്രക്ലിപ്പിങ് ഇവിടെ


ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ പോകുന്നതിനെതിരെ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ


സോഷ്യലിസ്റ്റ് നേതാവു് ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ പോകുന്നതിനെതിരെ 2015 ഡിസംബര്‍ 3 വ്യാഴാഴ്ച രാവിലെ പത്തിന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തുന്നു. സമാജവാദി ജനപരിഷത്ത്, കേരള കര്‍ഷകമുന്നണി, യുവകര്‍ഷക കേരളം, കേരള മനുഷ്യാവകാശ സമിതി, ഗാന്ധിഗ്രാമശക്തി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ധര്‍ണ. സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്യും.

സമാജവാദി ജനപരിഷത്തിനു് പുതിയ ദേശീയ നിര്‍‍വാഹക സമിതി

സമാജവാദി ജനപരിഷത്തിന്റെ പുതിയ ദേശീയ നിര്‍‍വാഹക സമിതി.
Newly Elected National Executive Council of the Samajwadi Janaparishad.


കോട്ടയം: സമാജവാദി ജനപരിഷത്തിന്റെ ദ്വൈ വാര്‍ഷിക ദേശീയ സമ്മേളനം ഏപ്രില്‍ 24, 25, 26 തിയ്യതികളില്‍ കോട്ടയത്ത് നടന്നു. ദേശീയ പ്രസിഡന്റായി അഡ്വ. ജോഷി ജേക്കബ്ബിനെയും ജനറല്‍ സെക്രട്ടറിയായി ലിംഗരാജ് ആസാദിനെയും വീണ്ടും തെരഞ്ഞെടുത്തു. രണ്ടു് വര്‍ഷത്തേയ്ക്കുള്ള ദേശീയ നിര്‍‍വാഹക സമിതിയെയും സമ്മേളനം തെരഞ്ഞെടുത്തു.

സമത്വത്തിന്റെ പുതിയ കാഴ്ചപ്പാടോടെ ബദല്‍ ശക്തി ഉണ്ടാകണം: അഡ്വ. ജോഷി ജേക്കബ്

സമത്വത്തിന്റെ പുതിയ കാഴ്ചപ്പാടോടെ ബദല്‍ ശക്തി ഉണ്ടാകണം: അഡ്വ. ജോഷി ജേക്കബ്

കോട്ടയം: കഴിഞ്ഞകാല രാഷ്ട്രീയം മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അപര്യാപ്തമായിരുന്ന സാഹചര്യത്തില്‍ സമത്വത്തിന്റെ പുതിയ കാഴ്ചപ്പാടുകളോടെ ബദല്‍ശക്തി ഉണ്ടാകണമെന്ന് സമാജ്‌വാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു. സമാജ്‌വാദി ജനപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഡി. സി. ഓഡിറ്റോറിയത്തില്‍ നടന്ന ഫാ. തോമസ് കോച്ചേരി, സുനില്‍ജി സ്മാരക സെമിനാറില്‍ ''ബദല്‍ രാഷ്ട്രീയവും സോഷ്യലിസവും 21-ാം നൂറ്റാണ്ടില്‍ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 19-ാം നൂറ്റാണ്ടിലെ അസമതയെ കുറയ്ക്കാനും ജനാധിപത്യാവ കാശങ്ങള്‍ വ്യാപിപ്പിക്കുവാനും ഒരു പരിധിവരെ സമത്വവാദപ്ര സ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍ സമത്വവാദ പ്രസ്ഥാനങ്ങള്‍ ദുര്‍ബ്ബലമായതോടെ 21-ാം നൂറ്റാണ്ടില്‍ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെല്ലാം പിന്തുടര്‍ന്ന് വരുന്ന വികസനനയം ഒരു വശത്ത് കൊടിയ അസമത്വം രൂക്ഷമാക്കുകയാണ്. മറുവശത്ത് കുടിവെള്ളം, പാര്‍പ്പിടം പോലുള്ള അത്യാവശ്യങ്ങള്‍ നിഷേധിക്കുകയും ഭക്ഷ്യോത്പ്പാദനം പ്രതിസന്ധിയിലാക്കുന്നതിനും സാധാരണക്കാരുടെ ഉപജീവനങ്ങള്‍ തകര്‍ക്കുന്നതിനും ഇടയാക്കുന്ന വികലമായ ഇന്നത്തെ വികസനം മഹാ ഭൂരിപക്ഷത്തിനും ദുരന്തമാണ് ഉണ്ടാക്കുന്നത്. സാമ്പത്തിക അസമത്വംപോലെ തന്നെ ജാതി-മത-വര്‍ണ്ണ-പ്രാദേശിക അസമത്വങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ട്. സോഷ്യലിസത്തിനും ബദല്‍ രാഷ്ട്രീയത്തിനും പുതിയ നയങ്ങളും ശൈലികളും വികസിപ്പിച്ച് എടുത്താല്‍ മാത്രമേ കഴിഞ്ഞ പരാജയങ്ങളെ മറികടന്ന് ഒരു നല്ല സമൂഹവും ലോകവും സൃഷ്ടിക്കുവാന്‍ സാധിക്കുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

ബദല്‍ രാഷ്ട്രീയത്തിന് വ്യക്തമായ ആശയങ്ങളും നിലപാടുകളും നയങ്ങളും ഉണ്ടായാല്‍ മാത്രമേ ഇപ്പോഴുള്ള പ്രതിസന്ധികളെ തരണംചെയ്യാന്‍ കഴികയുള്ളൂവെന്ന് എന്‍. എം. പിയേഴ്‌സണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. രമേശിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. വിനോദ് പയ്യട, പ്രൊഫ. ഗോപാലകൃഷ്ണപണിക്കര്‍, എം. എന്‍. തങ്കപ്പന്‍, ജയിംസ് തോമസ്, വി. സി. സുനില്‍ എന്നിവര്‍ സംസാരിച്ചു. എം.കുര്യന്‍, സുരേഷ് നരിക്കുനി, പി. രഘു അട്ടപ്പാടി, എ. ബി. ഉണ്ണി, ഡോ. കെ. ആര്‍. സജിത, ഫ്രാന്‍സിസ് ഞാളിയന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ഫാ. തോമസ് കോച്ചേരി, സുനില്‍ജി അനുസ്മരണം അഡ്വ. കുതിരോട് പ്രദീപന്‍ നടത്തി. കവിയും ഗായകനും അദ്ധ്യാപകനുമായ ബലമുരളികൃഷ്ണ കവിത ചൊല്ലി. അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍ സ്വാഗതവും, കുരുവിള ജോണ്‍ നന്ദിയും പറഞ്ഞു.