തൃശൂർ: ഗാന്ധിയനും സോഷ്യലിസ്റ്റ് പ്രവർത്തകനുമായ എൻ.കെ. ഗംഗാധരൻ (82) 2016, നവംബർ 3നു് അന്തരിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി കെ. ചന്ദ്രശേഖരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം പി.എസ്.സി. അംഗം, ഗവ. അഡീഷണൽ സെക്രട്ടറി, ഡോ. ലോഹ്യ സ്റ്റഡിസെന്റർ സ്ഥാപകാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ കൊടുങ്ങല്ലൂർ ഐക്കരപ്പറമ്പിൽ കരുണാകര മേനോന്റെയും നെടുംപുരത്ത് കളപ്പുരയ്ക്കൽ മീനാക്ഷിയമ്മയുടെയും മകനാണ്. ഒല്ലൂർ ഇളംതുരുത്തി 'കരുണ' യിലായിരുന്നു താമസം.
സമാജവാദി ജനപരിഷത്തിന്റെ ഒരു മുൻനേതാവായിരുന്ന ഭായി വൈദ്യ രൂപവല്ക്കരിച്ച സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ)യുടെ സംസ്‌ഥാന ഭാരവാഹി, ലോഹ്യ വിചാരവേദി ജില്ലാ പ്രസിഡന്റ്, അച്യുതമേനോൻ സൊസൈറ്റി ഫോർ ഹ്യൂമൺ ആക്ഷൻ പ്രസിഡന്റ്, പി.എസ്.സി. ഫോറം ഓഫ് ഫോർമർ മെമ്പേഴ്സ് വൈസ് പ്രസിഡന്റ് തിരുവനന്തപുരം പി. വിശ്വംഭരൻ ഫൗണ്ടേഷൻ, ഗാന്ധിപീസ് ഫൗണ്ടേഷൻ, പൂർണോദയ ബുക്ക് ട്രസ്റ്റ്, തൃശൂർ സഹൃദയവേദി എന്നിവയുടെ ലൈഫ് മെംബർ, ജില്ല പൗരസമിതി, മദ്യനിരോധന സമിതി എന്നിവയുടെ എക്സി. കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
1957 മാർച്ച് 26നു സെക്രട്ടേറിയറ്റിൽ രണ്ടാം ഗ്രേഡ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 1989ൽ അഡീഷണൽ സെക്രട്ടറിയായി വിരമിച്ചു. കെഎസ്എഫ്ഇയിലും കേരള ചലച്ചിത്ര വികസന കോ ർപറേഷനിലും ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്നു. 1975ൽ മികച്ച സേവനത്തിനുള്ള ഗുഡ് സർവീസ് എൻട്രി ലഭിച്ചു. 64–65 കാലഘട്ടത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ അതിർത്തി റോഡ് വികസന ബോർഡിനു കീഴിൽ സിക്കിമിലും സേവനം ചെയ്തു. കേരള എൻജിഒ സെന്ററിന്റെ രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ചു. അടിയന്തിരാവസ്‌ഥയുടെ 25–ാം വാർഷികത്തോടനുബന്ധിച്ചു 2000ൽ തൃശൂരിൽ എൻ.കെ. ഗംഗാധരൻ സംഘടിപ്പിച്ച പ്രദർശനവും പൊതുപരിപാടികളും ശ്രദ്ധ നേടിയിരുന്നു.
നിരവധി സാമൂഹിക-പരിസ്ഥിതി, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: മാലതി. മക്കൾ: മീന, ഗീത. മരുമക്കൾ: മാധവൻ, രമേഷ്.
No comments:
Post a Comment