ജനങ്ങളെ ദുരിതത്തിലാക്കിയ നിര്‍നാണയീകരണം നടപ്പാക്കുന്നതു് മുതലാളിത്ത, ആഗോളീകരണ നയങ്ങളുടെ ഭാഗം


സമാജവാദി ജനപരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി എബി ജോണ്‍ വന്‍നിലം കേരള ജനതാപാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പി എ കുട്ടപ്പന്‍ , ജനറല്‍ സെക്രട്ടറി അബ്ദുല്‍സമദ് കൊടുവള്ളി എന്നിവര്‍ 2017 ജനുവരി 9-നു് കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ നല്കിയ സംയുക്ത പ്രസ്താവന ചുവടെ. സമാജവാദി ജനപരിഷത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എം എന്‍ തങ്കപ്പന്‍, കേരള ജനതാപാർട്ടിയുടെ സംസ്ഥാന സമിതിയംഗം സന്തോഷ് ചേന്നാട് എന്നിവരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്കുനേരെയുള്ള പ്രത്യക്ഷവും ചരിത്രത്തിലെ തന്നെ ഏറ്റവും വലുതുമായ ഒരു അതിക്രമമാണ് നോട്ട് അസാധുവാക്കൽ നടപടിയിലൂടെ ബി.ജെ.പി നേതാവ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി നയിക്കുന്ന എന്‍. ഡി. എ സർക്കാർ നടത്തിയിട്ടുള്ളത്. കോർപ്പറേറ്റ് കമ്പനികൾക്കും സ്വകാര്യ കുത്തക ബാങ്കുകൾക്കും അതിവേഗം സ്വകാര്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഏതാനും പൊതുമേഖലാ ബാങ്കുകൾക്കും വേണ്ടി മുതലാളിത്ത, ആഗോളീകരണ നയങ്ങളുടെ ഭാഗമായിട്ടാണ് രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയ നിര്‍നാണയീകരണം നടപ്പാക്കുന്നതു്.

ഇന്റർനെറ്റ് ബാങ്കിങ് സേവനം നൽകുന്ന ഈ മേഖലയിലെ കുത്തക കമ്പനികൾക്ക് വേണ്ടിയാണ് കറൻസിയുടെ 86 ശതമാനവും പിൻവലിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്. പേ.റ്റി.എം, റിലയൻസിന്റെ പെയിമെന്റ് ബാങ്ക് തുടങ്ങിയവ നോട്ട് അസാധുവാക്കിയതിനോട് അടുത്ത ദിവസങ്ങളിൽ നിലവിൽ വന്നതു് യാദൃശ്ചികമല്ല. വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് നിർലോഭമായി വായ്പ കൊടുത്ത ലക്ഷകണക്കിന് കോടി രൂപ തിരിച്ച് പിടിയ്ക്കാതെ നിഷ്‌ക്രീയ ആസ്തിയായി പ്രഖ്യാപിക്കുകയും അതേ സമയം ബാങ്കുകളുടെ കരുതൽ മൂലധന ശേഷി ഉയർത്താൻ ജനങ്ങൾ കൈയ്യിൽ സൂക്ഷിച്ച പണം മുഴുവൻ ബാങ്കിൽ എത്തിക്കുകയുമാണ് സർക്കാർ ചെയ്തത്. ജനങ്ങൾ ബാങ്കിലേക്ക് തിരികെ ഏൽപ്പിച്ച പണം തിരിച്ചു നൽകാതെ കുത്തക ഇലക്‌ട്രോണിക് ബാങ്കിങ് കമ്പനികളുടെ സേവനങ്ങളുടെ അടിമകളാകുന്നതിന് സർക്കാർ ജനങ്ങളെ നിർബന്ധിയ്ക്കുകയാണ്. സാമ്പത്തിക ഫാസിസമാണ് സർക്കാർ നടത്തികൊണ്ടിരിക്കുന്നത്. കള്ളപ്പണത്തിന് നേരെയുള്ള മിന്നൽ ആക്രമണം എന്ന സർക്കാരിന്റെ അവകാശവാദം മുഴുവൻ തെറ്റായിരുന്നുവെന്നാണ് പിന്നീടുള്ള സംഭവങ്ങൾ കാണിക്കുന്നത്. അസാധുവാക്കിയ പണത്തിന്റെ 97ശതമാനവും നോട്ടുമാറ്റംവഴി തിരിച്ചെത്തി കഴിഞ്ഞുവെന്നു് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സർക്കാരിന്റെ ഈ നടപടിമൂലം കോടികണക്കിന് വരുന്ന കർഷകരും ചെറുകിട കച്ചവടക്കാരും അസംഘിടത മേഖലകളിലെ തൊഴിലാളികളും ഭീകരമായ ജീവിത തകർച്ചയെ നേരിടുകയാണ്. കോടികണക്കിന് രൂപയുടെ നഷ്ടമാണ് ഇവർക്ക് ഉണ്ടായിട്ടുള്ളത്. ദുരന്തമനുഭവിക്കുന്ന ഈ വിഭാഗങ്ങൾക്ക് സർക്കാർ അടിയന്തിരമായി നഷ്ടപരിഹാരം കൊടുക്കേണ്ടതുണ്ട്. ഈ ആവശ്യം ഉന്നയിച്ചും കാശില്ലാ പണമിടപാട് നയം അടിച്ചേല്പിയ്ക്കരുതെന്നും ജനങ്ങളിൽ നിന്ന് ബാങ്കിലടപ്പിച്ചെടുത്ത പണം ആവശ്യം പോലെ തിരിച്ച് നൽകണമെന്നും ഭക്ഷ്യ സുരക്ഷാനിയമം നടപ്പിലാക്കുന്നതിന്റെപേരില്‍ റേഷന്‍ വിതരണത്തിലുണ്ടാക്കിയ മുടക്കം തീര്‍ക്കണമെന്നും ആവശ്യപ്പെട്ടു് സമാജവാദി ജനപരിഷത്തിന്റെയും കേരള ജനതപാർട്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 12-ന് തിരുവനന്തപുരത്തു് റിസെര്‍വ് ബാങ്കിനുമുമ്പില്‍ സത്യാഗ്രഹം നടത്തുന്നതാണ്.

No comments:

Post a Comment