സോഷ്യലിസ്റ്റ് പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും രാജ്യത്ത് പൊതുവായി സമൂഹത്തിൽ സമത്വബോധം ഉണ്ടാക്കിയെന്നത് വസ്തുതയാണെങ്കിലും ആ പൊതുബോധത്തിനപ്പുറത്ത് അടുത്തചുവട് എന്താണെന്ന ദിശാ ബോധം നല്കാൻ കഴിഞ്ഞില്ല
സമാജവാദി ജനപരിഷത്തിന്റെ 14-ാമത് സംസ്ഥാന സമ്മേളനത്തിൽ സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്തുകൊണ്ട് ദേശീയ നിർവാഹക സമിതിയംഗവും മുൻ ദേശീയ അദ്ധ്യക്ഷനുമായ അഡ്വ. ജോഷി ജേക്കബ് 2025 ഒക്ടോബർ 6ന് ചെയ്ത പ്രസംഗത്തിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു:-
സമാജവാദി
ജനപരിഷത്തിന്റെ 14-ാമത് ദേശീയ
സമ്മേളനത്തിന്റെ മുന്നോടിയായിട്ടുള്ള സംസ്ഥാന സമ്മേളന പ്രതിനിധികളേ,
ജനപരിഷത്ത് ഒരു
പരിവർത്തന ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. അത് ശക്തമായ ഒരു പ്രസ്ഥാനമാകുന്നതിന്
നാം ചെയ്യേണ്ട കാര്യങ്ങളും പുലർത്തേണ്ട നിലപാടുകളും സംബന്ധമായി ചർച്ച
ചെയ്യുകയാണല്ലോ നമ്മുടെ ഈ സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം.
സ്വാതന്ത്ര്യസമരവും അതിനെ തുടർന്നുള്ള
സ്വാതന്ത്ര്യവും അതിന്റെ തുടർച്ചയായിട്ടുള്ള ഭരണഘടനയും ഇൻഡ്യയിൽ വലിയൊരു മാറ്റം
സാധ്യമാക്കേണ്ടതായിരുന്നു. എന്നാൽ ദേശീയ നേതാക്കൾ അധികാരം കൈയ്യാളിയതല്ലാതെ യാതൊരു
ദിശാബോധവും ഇല്ലാതെയാണ് പെരുമാറിയതെന്ന് നമുക്ക് ഇന്ന് മനസിലാക്കാൻ കഴിയും.
പ്രധാനമായും സാമൂഹികമായി അസമത്വം
അനുഭവിക്കുന്ന മഹാഭൂരിപക്ഷം ജനങ്ങളുടെ സാമൂഹികവും ലിംഗപരവുമായ അസമത്വം
നിർമാർജ്ജനം ചെയ്യുക, ദാരിദ്ര്യത്തിന്റെയും
തൊഴിലില്ലായ്മയുടേയും സാമ്പത്തിക വിടവിന്റെയും വിഷമതകൾ തുടച്ചുനീക്കുക അധികാരം
സമ്പൂർണ്ണമായി കേന്ദ്രീകരിച്ചത് താഴെത്തട്ടിൽ ജനങ്ങൾക്ക് അനുഭവവേദ്യമാവുക അതിന്
ബ്രിട്ടീഷ് അധിനിവേശകാലത്ത് അടിമകളായ
ജനങ്ങളെ ഭരിക്കുന്നതിന് ആവിഷ്‌കരിച്ച ഉദ്യോഗസ്ഥ കേന്ദ്രിതമായ ബ്യൂറോക്രസിയെ
പൂർണ്ണമായും അഴിച്ചുപണിത് ജനാധിപത്യവല്കരിക്കുക എന്നിവയായിരുന്നു ഭരണത്തിനു
മുമ്പിൽ ഉണ്ടായിരുന്ന കാതലായ പ്രശ്‌നങ്ങൾ.
എന്നാൽ അതിൽ യാതൊരു ദിശാബോധമുള്ള പരിപാടികളും
നടപ്പാക്കാതെ സമ്പൂർണ്ണമായി
പരാജയപ്പെടുകയാണുണ്ടായത്.
സോഷ്യലിസ്റ്റ്, കമ്മ്യൂനിസ്റ്റ്
പ്രസ്ഥാനങ്ങൾ പൊതുവായി സമൂഹത്തിൽ
സമത്വ ബോധം ഉണ്ടാക്കിയെന്നത് വസ്തുതയാണ്. അതനുസരിച്ചുള്ള ചില പരിപാടികളും
അധികാരം കൊണ്ട് അവർക്ക് നടപ്പിലാക്കാൻ കഴിഞ്ഞു. എന്നാൽ ആ പൊതുബോധത്തിനപ്പുറത്ത്
അടുത്ത ചുവട് എന്താണെന്ന ദിശാബോധം അവർക്ക് നല്കുവാൻ കഴിഞ്ഞില്ല. അതിനുള്ള
പരിപാടികൾ അവയ്ക്കില്ലായിരുന്നു എന്നതാണ് സത്യം. ആ പ്രസ്ഥാനങ്ങളും
സ്വാതന്ത്ര്യനന്തര ഭരണക്കാരെപ്പോലെ കൃത്രിമമായ ആശയങ്ങൾ വച്ച് ദിശാബോധം നഷ്ടപ്പെടുത്തുകയാണ്
ചെയ്തത്. മുഴുവൻ ജനങ്ങൾക്കും തൊഴിൽ
നല്കാനും ജനങ്ങളുടെ പങ്കാളിത്തം രാജ്യത്തിന്റെ ഉല്പാദന വ്യവസ്ഥയിൽ ഉറപ്പിക്കാനും
യാതൊരു പരിപാടികളും അവർക്കില്ലായിരുന്നു. അന്ന് രാജ്യത്തെ ഭൂരിപക്ഷം വരുന്ന കർഷകർക്ക് മതിയായ അദ്ധ്വാന മൂല്യം നല്കാതെ അസന്തുലിതമായി വ്യവസായമേഖലയിൽ അധ്വാനത്തിന് പ്രതിഫലം ഉറപ്പിച്ചു. അത് വലിയ സാമ്പത്തിക അസമത്വവും
ചൂഷണവും ഉണ്ടാക്കുന്നതായിരുന്നു.
അതിലേറെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക
സമത്വത്തിനുള്ള പരിപാടികളും
ശൂന്യമായിരുന്നു. മറ്റ് പിന്നാക്ക
വിഭാഗങ്ങളുടെ സംവരണം അവർ ഏറ്റെടുത്തില്ലായെന്ന് മാത്രമല്ല മേൽജാതി ആധിപത്യം
ഉണ്ടായിരുന്ന അവ സംവരണത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും സൈദ്ധാന്തികമായും
ആക്രമിക്കുകയായിരുന്നു. സ്ത്രീകളുടെ മുൻഗണനാപരമായ അവസരങ്ങൾ ഒരുക്കുന്നതിന് അവർക്ക്
താല്പര്യം കാണിച്ചില്ല. എന്നാൽ പ്രതീക്ഷയുടെ
ഒരു വെള്ളി വെളിച്ചം പോലെ പ്രത്യയശാസ്ത്രപരമായും സമൂർത്തമായ പരിപാടികൾ
മുന്നോട്ടുവച്ചും ആദ്യം ചെറിയ ധാരയായും പിന്നീട് 1967 ഓടുകൂടി ശക്തിപ്പെടുകയും ചെയ്ത ഡോ. ലോഹ്യയുടെ ചിന്തയും
പ്രസ്ഥാനവും അദ്ദേഹത്തിന്റെ 1967 ലെ മരണത്തോടെ ആ
സോഷ്യലിസ്റ്റ് ധാരയുടേയും ദിശാബോധം കെട്ടടങ്ങുന്ന നിർഭാഗ്യകരമായ സംഭവവികാസങ്ങളാണ് ഉണ്ടായത്. പിന്നീട് ഭാഗികമായും ദുർബലമായും
മാറ്റത്തിന്റെ ദിശാബോധം കൈവരിച്ചത് അടിയന്തിരാവസ്ഥ വിരുദ്ധ ജനവിധിയിലൂടെ 1977 ലാണ്.
1980 ൽ അധികാരത്തിൽ തിരിച്ചുവന്ന ഇന്ദിരാഗാന്ധിക്ക് പിന്നാക്ക
വിഭാഗങ്ങളുടെ സംവരണം ശുപാർശ ചെയ്ത മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്
സമർപ്പിച്ചുവെങ്കിലും അത് നടപ്പിലാക്കുവാൻ മനസില്ലായിരുന്നു. എന്നു മാത്രമല്ല ഹിന്ദുത്വ വർഗ്ഗീയ ഫാഷിസ്റ്റ്
ശക്തികൾക്ക് അധികാരക്കൊതിമൂലം എല്ലാ വിധ ഒത്താശകളും ഇന്ദിരാഗാന്ധിയും തുടർന്ന്
പിന്തുടർച്ചാവകാശംപോലെ അധികാരം കിട്ടിയ രാജീവ് ഗാന്ധിയും ചെയ്യുകയായിരുന്നു.
പിന്നീട് കോൺഗ്രസിനെതിരായി വീണ്ടും ജനങ്ങൾ വിധിയെഴുതിയ സർക്കാരിലൂടെയാണ് പിന്നാക്ക
സംവരണം ശുപാർശ ചെയ്ത മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുമെന്ന പ്രഖ്യാപനം
ഉണ്ടായത്. അധികാരം കിട്ടിയ ഉടനെ അതിന്റെ പ്രഖ്യാപനം നടത്തുന്നതിന് പകരം
അധികാരക്കളിയുടെ ഭാഗമായി മാത്രം പ്രഖ്യാപിച്ചത് ദുർബലമായിരുന്ന അതിന്റെ രാഷ്ട്രീയ ഉപകരണം (ജനാതാദൾ), സമൂഹത്തിൽ അപ്പോഴേക്കും ശക്തിയാർജ്ജിച്ച്
കഴിഞ്ഞിരുന്ന തികച്ചും പ്രതിലോമകരമായ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തിയെ ചെറുക്കുന്നതിൽ പരാജയപ്പെട്ടെന്നു
മാത്രമല്ല ദിശാബോധം ഇല്ലാതെ കുഴയുകയായിരുന്നു.
തുടർന്ന്
ഇൻഡ്യയിൽ പാശ്ചാത്യ അധിനിവേശത്തിന്റെ നവകോളനീകരണസാമ്പത്തിക നയങ്ങൾ
പ്രകടമായി അടിച്ചേല്പിക്കുവാൻ മാത്രം
പാശ്ചാത്യ മുതലാളിത്ത ചേരി ശക്തിപ്പെട്ടു. അത് പിന്നീട് വന്ന എല്ലാ സർക്കാരുകളും
ആ ശക്തികൾക്കു മുന്നിൽ വഴിപ്പെട്ട് ഇൻഡ്യയിലെ കർഷകരേയും അസംഘടിത മേഖലയിൽ
പണിയെടുക്കുന്നവരേയും നിർദ്ദയമായ കൂടിയ ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു.
ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
നേതൃത്വത്തിൽ ഹിന്ദുത്വ ഫാഷിസ്റ്റ് സർക്കാർ മൂന്നാം വട്ടവും അധികാരമേറ്റ്
പാശ്ചാത്യ അധിനിവേശ നയങ്ങൾ അതി ശക്തമായി
നടപ്പിലാക്കിയത് ജനങ്ങളെ മാനസികമായും
സമ്പൂർണ്ണമായും കീഴടക്കികഴിഞ്ഞു. ഇൻഡ്യയിൽ നിന്ന് ഓരോ നിമിഷവും
ചോർന്നുകൊണ്ടിരിക്കുന്ന സമ്പത്ത് ജനങ്ങളെയും രാജ്യത്തെയും പാപ്പരാക്കുകയും
പാശ്ചാത്യ നാടുകൾക്ക് മുതൽകൂട്ടവാകുകയും ചെയ്യുന്ന കാഴ്ച പരമ ദയനീയമാണ്. എന്നാൽ
ഇൻഡ്യയിലെ ജനങ്ങളെ വികസനത്തിന്റെ ഏറ്റവും പുതിയ തലങ്ങളിൽ എത്തിക്കുന്നുവെന്ന്
നടിച്ചുകൊണ്ട് നടപ്പിലാക്കുന്ന ആ അധിനിവേശ നയങ്ങൾക്കെല്ലാം പ്രതിരോധം ഇല്ലാത്ത
അവസ്ഥയിൽ ഇൻഡ്യയെ കൊണ്ടെത്തിച്ചിരിക്കുകയാണ് ചെയ്യുന്നത്.
ഏറ്റവും ഒടുവിലായി ജി എസ് ടി പരിഷ്‌കരണവും
ജനങ്ങൾക്ക് ഏതാണ്ട് വലിയ നന്മ ചെയ്‌തെന്ന് വരുത്തുന്ന പ്രചണ്ഡമായ പ്രചരണം
നടക്കുകയാണല്ലോ. ആഗോള മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയെ യുദ്ധവും ഇത്തരം
സാമ്പത്തിക പരിഷ്‌കരണങ്ങളും വഴി മറികടക്കാനുള്ള പരിശ്രമങ്ങൾ നിരന്തരം നടത്തുന്ന
പ്രതീക്ഷിക്കേണ്ടതാണ്. പാശ്ചാത്യ കുത്തക
കമ്പനികളുടെ ഉല്പന്നങ്ങൾ കൂടുതലായി ചെലവഴിക്കുക
എന്ന പ്രധാന ഉദ്ദേശ്യം ആണതിനു പിന്നിൽ എന്നു കാണുവാൻ പ്രയാസമില്ല. കാറുകൾ തുടങ്ങി
താരതമ്യേന ഉയർന്ന തരം ഉപഭോഗ ഉല്പന്നങ്ങൾക്ക് ജി എസ് ടി കുറയ്ക്കുമ്പോൾ അത് ഇല്ലാത്തവരെയല്ലാ സഹായിക്കുന്നത്. അതിൽ
സന്തോഷിക്കുന്ന വിഭാഗം ഈ സാമ്പത്തിക നയത്തെ മുന്നോട്ട് കൊണ്ട് പോകണം
എന്നാഗ്രഹിക്കുന്നവരാണ്. എന്നാൽ അത് രാജ്യത്തിനുണ്ടാക്കുന്ന പ്രത്യാഘാതം വളരെ
വലുതാണ്. ചോരുന്ന സമ്പദ്ഘടനയുടെ ആഗോള മുതലാളിത്ത രാജ്യങ്ങളിലേക്കുള്ള ചോർച്ചാ
വിടവ് കൂടുതൽ വലുതാക്കാവുന്നതല്ലാതെ മറ്റ് യാതൊരു പ്രയോജനവും രാജ്യത്തിനില്ല.
അതേ സമയം സർക്കാരിന്റെ തട്ടിപ്പിനെ ഒരു ചുരുങ്ങിയ ഉദാഹരണം വഴി സൂചിപ്പിക്കാം. രാജ്യത്തെ കുട്ടികൾക്കുള്ള നോട്ട് ബുക്കിന് ജി എസ് ടി യാതൊന്നും കൊടുക്കേണ്ടതില്ലാത്തതാക്കി. അതേ സമയം നോട്ട് ബുക്ക് ഉണ്ടാക്കാനാവശ്യമായ കടലാസിന് 12% ത്തിൽ നിന്ന് 18% ആക്കി. നോട്ട് ബുക്ക് വാങ്ങുന്നവർക്ക് ലഭിക്കുന്ന യഥാർത്ഥ ആനുകൂല്യം മനസിലാക്കാവുന്നതേയുള്ളൂ. അതുപോലെ അനവധി ഉല്പന്നങ്ങൾ ചരക്ക് സേവന നികുതി കുറച്ചത് വലിയ തട്ടിപ്പാണ്. എന്നാൽ അതേ സമയം ഭക്ഷണത്തിന്റെ വിവിധ രൂപങ്ങൾ, നിത്യോപയോഗ ഉപഭോഗ വസ്തുക്കൾ, കെട്ടിട നിർമ്മാണത്തിനുള്ള അനവധി അവശ്യ വസ്തുക്കൾ എന്നിവയിൽ ഏർപ്പെടുത്തിയ ജി എസ് ടി കുറയ്ക്കുകയോ പിവലിക്കുകയോ ചെയ്തിട്ടുണ്ട് എന്നാൽ അവയ്‌ക്കെല്ലാം അതുവരെ വർഷങ്ങൾ നീണ്ട താങ്ങാനാവാത്ത ജി എസ് ടി (നികുതി) ചുമത്തി ഇക്കഴിഞ്ഞ 2014 മുതൽ 2023 വരെ മോദി ഭരണം കൊള്ളയടിച്ചത് 85.89 ലക്ഷം കോടി രൂപയാണ്. അത് സർക്കാരിന്റെ കൊള്ളയായിരുന്നുവെന്ന് പറഞ്ഞ് കൃത്യമായി ആഞ്ഞടിക്കുവാൻ ഇവിടെ ഒരു പാർട്ടിയും ഇല്ലാതായി കഴിഞ്ഞു. ജനങ്ങളുടെ ചൂഷണവും രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനവും തമമിൽ അഭേദ്യമായ ബന്ധമുണ്ടെന്നും അതിനുള്ള സാമ്പത്തിക പരിപാടികൾ അജണ്ടയാക്കിയ രാഷ്ട്രീയ ശക്തികൾ ഈ രാജ്യത്ത് ഇനിയും രൂപം കൊള്ളേണ്ടിയിരിക്കുന്നു. ജി എസ് ടി നിരക്ക് കുറച്ചുവെന്ന് വീമ്പിളക്കുന്ന സർക്കാർ അതേ സമയം എല്ലാ രംഗത്തും വിലവർദ്ധനവുണ്ടാക്കുന്ന പെട്രോളിയം ഉല്പന്നങ്ങൾക്കുള്ള നികുതി ഒട്ടും കുറയ്ക്കാതെ എന്നാൽ അമിതമായി വർദ്ധിപ്പിച്ചുകൊണ്ടും ജനങ്ങളെ കൊള്ളയടിക്കുകയാണ്.
ജനങ്ങളെ നികുതിക്കൊള്ള നടത്തുന്നത് അധികാരികളുടെ ധൂർത്ത് മാത്രമല്ല. അത് ചെറിയൊരു വിഹിതമാണെങ്കിൽ സർക്കാരിന്റെ വിദേശ കട വായ്പകളുടെ അടിസ്ഥാനത്തിൽ ആവിഷ്‌കരിക്കുന്ന വൻകിട പദ്ധതികളാണ് നികുതിക്കൊള്ളയ്ക്ക് കാരണമാകുന്ന മുഖ്യ കാരണം. മോദി സർക്കാർ 2014 ൽ പെട്രോളിന് എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 9.48 രൂപയാണ് ഏർപ്പെടുത്തിയതെങ്കിൽ സർക്കാരിന്റെ ആ പെരുംകൊള്ള 2023 ൽ 32.9 രൂപയാണ്. അതുപോലെ ഡീസലിന് 2014 ൽ 3.56 രൂപയും 2023 ൽ 31.8 രൂപയുമാണ്. കഴിഞ്ഞ 2014 മുതൽ 2022-2023 വർഷം വരെ 31.54 ലക്ഷം കോടി രൂപ പെട്രോലിയം നികുതിയിലൂടെ കൊള്ളയടിച്ചു. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ എല്ലാം ആ കൊള്ളയ്ക്ക് കൂട്ട് നില്ക്കുകയും പങ്കാളികളാവുകയും ചെയ്യുന്ന രാഷ്ട്രീയ മരവിപ്പിന്റെ ഒരു ദശയാണ് ഇപ്പോൾ ഇൻഡ്യയുടേത്. വിലക്കൊള്ളയ്ക്ക് കാരണമായ നികുതിക്കൊള്ളയുടെ മൂല കാരണമായ വൻ ചെലവേറിയ സാമ്പത്തിക വികസന പദ്ധതികൾ ഇവിടെ എല്ലാ പാർട്ടികളും ആശയഭേദമന്യേ സ്വീകരിച്ചിരുന്നു.
മോദി സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ ജനങ്ങളെ പെട്രോളിയം
നികുതിയുടെ പേരിൽ മാത്രം കൊള്ളയടിച്ചത് 31.54 ലക്ഷം കോടി
രൂപയാണ്. അതിന്റെ വർഷം തിരിച്ച കണക്കാണ്
താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നത്.
(ലക്ഷം കോടിയിൽ)
2014-2015 1.72
2015-2016 2.54
2016-2017 3.35
2017-2018 3.36
2018-2019 3.48
2019-2020 3.37
2020-2021 4.55
2021-2022 4.92
2022-2023 4.28
മോദി സർക്കാർ സാമ്പത്തിക രംഗത്ത് വൻ വിജയമായി ആഘോഷിക്കുന്ന
ഈ സമയത്ത് തന്നെ നാം ജനങ്ങളോട് പറയണം സർക്കാർ സമ്പൂർണ്ണമായ പരാജയമാണെന്ന്.
അതിനുള്ള കണക്കുകൾ ഉണ്ടെങ്കിലും അവയൊന്നും ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഇവിടെ
ആരുമില്ലായെന്നുള്ള സംഗതിയും നാം മറക്കരുത്. ഏറ്റവും നല്ല ഉദാഹരണ് ജി ഡി പി യുടെ
വളർച്ചാനിരക്കിനെകുറിച്ചുള്ള കണക്കുകൾ. മൊത്ത ദേശീയ ഉല്പാദന (ജി ഡി പി )
വളർച്ചാ നിരക്കിൽ ഇൻഡ്യ ലോകത്ത് ചൈന കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ്. എന്നാൽ
ആളോഹരി ജി ഡി പി യിൽ ജർമമനിയുടേയും
അമേരിക്കയുടേയും ചൈനയുടേയും പോലും പിന്നിലാണ്. ഇൻഡ്യയാകട്ടെ ലോക ശരാശരിയുടേയും
പിന്നിലാണ്. എന്നാൽ ചൈന ലോക ശരാശരിയുടെ അല്പം മാത്രം മുമ്പിലാണെങ്കിലും
ജർമ്മനിയുടേയും അമേരിക്കയുടേയും വളരെ പിന്നിലുമാണ്.
ഇൻഡ്യയുടെ
പ്രതിരോധം ഉൾപ്പെടെ എല്ലാ രംഗവും തുറന്ന് കൊടുത്ത് ഉല്പാദനം വർദ്ധമാനമാക്കുകയും
തല്ഫലമായി ബഹു ദേശീയ കമ്പനികൾ ഇൻഡ്യയിൽ ഉല്പാദിപ്പിച്ച് ലാഭം
കൊയ്യുന്നുണ്ടെയെങ്കിലും ജി ഡി പി കണക്കിലെ വളർച്ചയല്ലാതെ ഇന്ഡ്യക്കും
ഇൻഡ്യാക്കാർക്കും നാമനാത്രമായ സമ്പത്തേയുണ്ടാകുന്നുള്ളൂ. അതാണ് ആളോഹരി ജി ഡി പി
യിലെ വളരെ വളരെ താഴ്ന്ന അവസ്ഥയ്ക്ക് കാരണം. ജനസംഖ്യാപരമായ വലിപ്പക്കൂടുതൽ അതിൽ
പ്രതിഫലിക്കുന്നു എന്നത് സത്യമാണ്. അപ്പോൾ ജനസംഖ്യ കൂടുതൽ ഉള്ള നമ്മുടേതുപോലെയുള്ള
രാജ്യത്തിന് അനുയോജ്യമായ വികസനവും പുരോഗതിയും അല്ല ആ പാശ്ചാത്യ മാതൃകയെന്ന് നാം
തിരിച്ചറിയുകയും നമ്മുടെ മാർഗ്ഗം കണ്ടെത്തുകയും വേണം. ഇൻഡ്യയുടെ സമ്പദ്ഘടന 1991 വരെ പ്രകടമായി ചൂഷിതവും ചൂഷകവുമായ രണ്ട് സമ്പദ്ഘടനകളാണെന്ന് പ്രത്യക്ഷമായി
പറയുവാൻ കഴിയുമായിരുന്നു. വൻവ്യവസായികൾ, വൻകിട
കച്ചവടക്കാർ, മറ്റ് സമ്പന്ന വിഭാഗങ്ങൾ എന്നിവരും ഉന്നത
ഉദ്യോഗസ്ഥൻമാരും അടങ്ങുന്നതാണ് ആ ചൂഷക സമ്പദ്ഘടന. എന്നാൽ 1991 നുശേഷമുള്ള ഇൻഡ്യയിലെ സമ്പദ്ഘടനയെ അപ്രകാരം വിശദീകരിക്കുവാൻ കഴിയില്ല.
ചൂഷിതമായ ആ സമ്പദ്ഘടന ഇൻഡ്യയിലെ ഭൂരിപക്ഷം ജനങ്ങളെ - കർഷകർ, ഗ്രാമീണർ, നെയ്ത്തുകാർ, കൈത്തൊഴിലുകാർ, മറ്റസംഘടിത
മേഖലയിൽ പണിയെടുക്കന്നവർ - ഉൾക്കൊള്ളുന്നത് ഇന്ന് സാമ്പത്തികമായി ചൂഷിതർ
എന്നതിനേക്കാൾ എണ്ണത്തിലും കുറവു വരുന്ന ശോഷിച്ചുകൊണ്ടിരിക്കുന്ന ഒരു
സമ്പദ്ഘടനയാണ്. നിരന്തരം ജനസംഖ്യയിൽ വർദ്ധിക്കുന്ന വൻനഗരങ്ങൾ അതിനെ വിഴുങ്ങി
അവരുടെ പരമ്പരാഗതമായ ഉപജീവന മാർഗ്ഗങ്ങൾ ക്ഷയിക്കുകയും മോദിയും മറ്റ് 'വികസനവാദികളും' പരികല്പിക്കുന്ന
വികസനത്തിൽ പങ്കാളിത്തമില്ലാത്തതും ആയിത്തീരുന്ന അവസ്ഥയാണത്. ആ പ്രക്രിയയുടെ
അഭൂതപൂർവ്വമായ വളർച്ചയാണ് മോദി ഭരണത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കർഷകർ
പരാജയപ്പെടുത്തിയ മോദിയുടെ കാർഷിക നിയമങ്ങൾ അതിന്റെ പെട്ടെന്നും വിപുലവുമായ
വളർച്ചയ്ക്കുള്ളതായിരുന്നു.
ഇൻഡ്യയുടെ വിദേശ കടം നെഹ്രു മുതൽ തുടങ്ങിയതാണ്. ആദ്യം
കടമെടുത്തപ്പോൾ മുതൽ വ്യവസ്ഥകളും കടന്നുവന്നിരുന്നു. 1958 ലാണ് പ്രകടമായും വ്യവസ്ഥകൾ അടിച്ചേൽപിച്ച കടമെടുപ്പ് തുടങ്ങിയത്. അതിന്
മുമ്പും കടമെടുപ്പും വ്യവസ്ഥകളുമുണ്ട്. എന്നാൽ അതിലൂടെ പായ്‌ക്കേജ് വ്യവസ്ഥകളും പദ്ധതികളും ഇവിടെ
അടിച്ചേൽപിച്ചത്. എന്നാൽ അമേരിക്കയുടെ വിദേശകടം നമ്മുടേതിനേക്കാൾ കൂടുതലാണല്ലോ
എന്നു കരുതുന്നവർ ഉണ്ടാകും. അമേരിക്കയുടെ
വിദേശ കടം ലോകത്തിലേറ്റവും കൂടിയതാണ്. എന്നാൽ അവിടുത്തെ ആളോഹരി ജി ഡി പി യും
ജർമ്മനി കഴിഞ്ഞാൽ പിന്നെ ലോകത്ത് രണ്ടാം സ്ഥാനത്താണ്. എന്നാൽ അതൊന്നുമല്ല
അമേരിക്കയുടെ കടം എന്ന പ്രശ്‌നത്തിലുള്ളത്. അമേരിക്ക ലോകത്തെ ഏറ്റവും വലിയ സൈനിക
ശക്തിയാണ്. അമേരിക്കയ്ക്ക് അനുകൂലമായ സാമ്പത്തിക, വാണിജ്യ നയങ്ങളും
മറ്റ് രാജ്യങ്ങളിലെ നിയമങ്ങളും മറ്റ് രാജ്യങ്ങളെക്കൊണ്ട് സ്വീകരിപ്പിക്കുവാനുള്ള
നയതന്ത്രപരവും രാഷ്ട്രീയവും സൈനീകവുമായ മേധാശക്തി ഉള്ളതാണ് അവർക്ക് കടം ഒരു പ്രശ്‌നമല്ലാത്തത്.
അതിലേറെ കടം വാങ്ങി കൂടുതൽ അവർക്കനുകൂലമായ ഘടകങ്ങൾ ഉണ്ടാക്കുവാനും അവർക്ക്
കഴിയുന്നു.
ഇൻഡ്യയുടെ വിദേശകടം കഴിഞ്ഞ 2025 മാർച്ച്
വരെയുള്ളതും 736.3 ബില്യൻ (ബില്യൻ=100 കോടി) യു എസ് ഡോളറാണ്. അതിനെ ഇൻഡ്യയുടെ നാണയത്തിന്റെ കുറഞ്ഞ വിനിമയ
മൂല്യംകൊണ്ട് ഗുണിക്കുമ്പോൾ ഉണ്ടാകുന്ന സംഖ്യ ഭവനയ്ക്കും അതീതമാണ്. അത് 2024 മാർച്ച്
മാസത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 10.1 ശതമാനം ഉയർന്നതാണ്. ഓരോ ദിവസവും രൂപയുടെ
ഡോളറുമായുള്ള വിനിമയ നിരക്ക് കുറയുന്നതനുസരിച്ച് കടത്തിന്റെ അളവും
കൂടിക്കൊണ്ടിരിക്കും. മോദി 2014 ൽ അധികാരം പിടിക്കുന്നതിന് വാഗ്ദാനം ചെയ്തത്
മൻമോഹൻസിംഗിന്റെ കാലത്തെ 60 രൂപയുണ്ടായിരുന്ന രൂപയുടെ വിനിമയ നിരക്ക് 40 രൂപ ആയി കുറയ്ക്കുമെന്നാണ്. എന്നാൽ 2014 ൽ നിന്ന് 2025 ൽ മോദി
ഭരണമെത്തുമ്പോൾ രൂപയുടെ വിനിമയ നിരക്ക് 88.76 രൂപയാണ്. മോദി
വാഗ്ദാനം ചെയ്തതിനേക്കാൾ ഏതാണ്ട്
ഇരട്ടിയിലധികം രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്ക് വർദ്ധിച്ചത് നോക്കി
നില്ക്കാനേ മോദിക്ക് കഴിഞ്ഞുള്ളൂ. അത് പാശ്ചാത്യ മുതലാളിത്തത്തോടുള്ള കൂറും അടിമത്വവും
കാരണമാണ്. കോൺഗ്രസിന്റെ മൻമോഹൻ സിംഗ് സർക്കാർ രൂപയുടെ വിനിമയ മൂല്യം കമ്പോളത്തിലെ
ഊഹ കച്ചവടമനുസരിച്ച് തീരുമാനിക്കാൻ രാജ്യത്തെ വിട്ടുകൊടുത്തു. അതുകൊണ്ടാണ് 60 രൂപയിലേക്ക് അതുയർന്നത്. ഇതു മനസിലാക്കി മോദി ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ്
വാഗ്ദാനം നല്കിയത്. യഥാർത്ഥത്തിൽ ആഗോള കോർപ്പറേറ്റ് ശക്തികളാണ് നമ്മുടെ
അദ്ധ്വാനത്തെ പ്രതിനിധീകരിക്കുന്ന രൂപയുടെ വിനിമയ മൂല്യം ഇടിച്ചുതാഴ്ത്തി
നിർണ്ണയിക്കുന്നത്. വിദേശ സമ്പന്ന രാജ്യങ്ങളോടും അവരെ നിയന്ത്രിക്കുന്ന
കോർപ്പറേറ്റ് ശക്തികളോടും കൂറു പുലർത്തുന്ന മോദിക്കും ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾക്കും
നമ്മുടെ അദ്ധ്വാനമൂല്യം അതായത് രൂപയുടെ വിനിമയ മൂല്യം സംരക്ഷിക്കുവാൻ
കഴിയില്ലായെന്ന പച്ച പരമാർത്ഥം ജനങ്ങളെ അറിയിക്കണം. ഹിന്ദുത്വ ഫാഷിസ്റ്റുകൾ സാമ്രാജ്യത്ത
ശക്തികളുടെ സൃഷ്ടിയും അതിനെ ആശ്രയിച്ച് കഴിയുന്നവരുമാണ്.
എന്നാൽ
ഇൻഡ്യയ്ക്ക് വിദേശ കടം ഒരു പ്രശ്‌നം തന്നെയാണ്.
കാർഷികവും വ്യാവസായികവും സേവനപരവുമായ ഉല്പന്നങ്ങൾ രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യണോ, ധാതുദ്രവ്യങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങൾ, ഖനിജങ്ങൾ എങ്ങനെ, എന്തുമാത്രം കയറ്റുമതി ചെയ്യണം,
വിദേശ നിക്ഷേപം സംബന്ധമായ
നിയമങ്ങൾ, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയവ സംബന്ധിച്ചവയാണ്
നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ നിർണ്ണയിക്കുക. എന്നാൽ അവയെല്ലാം യൂറോ-
അമേരിക്കൻ രാജ്യങ്ങളുടെ ആജ്ഞകൾക്കനുസരിച്ച് ഇൻഡ്യയിലും നടപ്പിലാക്കിയിരിക്കുകയാണ്.
അതിനകം ബഹു കക്ഷി കരാറാണെന്ന ഭാവത്തിൽ ലോക വ്യാപാര സംഘടനയുടെ പേരിൽ കരാറൊപ്പിട്ടിരിക്കുകയാണ്. അതിനെതുടർന്ന്
പ്രദേശിക വ്യാപാര കരാറും തകൃതിയായി ഒപ്പ് വയ്ക്കുന്നത് തുടരുകയാണ്. എന്നാൽ ഇൻഡ്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായി വാണിജ്യകരാർ
ഒപ്പിടുന്നത് വിഭിന്നമായി കാണണം. അത് നിലവിലുള്ളതുപോലെ മറ്റ് സമ്പന്ന
രാജ്യങ്ങൾക്ക് ഈ രാജ്യങ്ങളിലെ ഉല്പാദകരുടെ ഇടയിലേക്ക് നുഴഞ്ഞുകയറി മുതലാളിത്ത
രാജങ്ങളുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുവാനുള്ളതല്ല. കർഷകർ, നെയ്ത്തുകാർ, കൈവേലക്കാർ, എന്നിവരെ
ശാക്തീകരിക്കുവാനുള്ള പരസ്പര സഹായവും സഹകരണവും നല്കുവാനുള്ളതായിരിക്കണം.
ഈ സാഹചര്യത്തിലാണ്
പ്രത്യക്ഷമായ സാമന്തരാജ്യമെന്ന പോലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ
അട്ടഹാസങ്ങളും നടപടികളും ഉണ്ടാകുന്നത്. ഇൻഡ്യ അവയ്ക്കുപോലും കീഴ് വഴങ്ങിക്കൊണ്ട്
സ്വദേശി ഉല്പന്നങ്ങൾ വാങ്ങണമെന്ന തികച്ചും അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങൾ മോദി
സർക്കാരും ആർ എസ് എസും പ്രചാരണം നടത്തുന്നത്. സ്വദേശി ഉല്പന്നങ്ങൾ പ്രതിരോധവും
സമരായുധവുമാക്കിയ ഒരു പാരമ്പര്യം ഇൻഡ്യക്കുണ്ട് . എന്നാൽ ഇപ്പോഴുള്ളത് കൊടും
വഞ്ചനയുടെ സ്വദേശിയെന്ന കപട മുദ്രാവാക്യമാണ് ഉയരുന്നത്. അത് കേവലം ബി
ജെ പി യുടെ ഒരു തന്ത്രം എന്ന നിലയിൽ
കുറച്ചു കാണേണ്ടതില്ല. ഹിന്ദുത്വ ശക്തികളുടെ അധിനിവേശ ശക്തികളോടുള്ള കൂറ് പുതിയ
കാര്യവുമല്ല. അവയുടെ ഉദ്ഭവം തന്നെ ഇൻഡ്യയുടെ സ്വാതന്ത്ര്യ സമരത്തെയും ജനാധിപത്യ
അഭിലാഷങ്ങളെയും ഒറ്റുകൊടുക്കുവാൻ ബ്രിട്ടീഷ് അധിനിവേശ ശക്തികൾ സൃഷ്ടിച്ചതിലൂടെ
ആണ്. ദേശഭക്തി മുഖ്യ അടിത്തറയായും ലക്ഷ്യമായും പ്രവർത്തിക്കുന്ന സംഘടനകളാണ്
ഹിന്ദുത്വ ആശയത്തിലുള്ളത്. അവരുടെ ദേശഭക്തി ഭഗത് സിംഗിന്റെയും രാജഗുരുവിന്റേയും
മറ്റും പോലെയല്ല. ഭഗത് സിംഗും മറ്റും ഭീകരപ്രവർത്തനം ആണ് മാർഗ്ഗമായി
സ്വീകരിച്ചെങ്കിലും ഏത് രീതിയിലും ബ്രിട്ടീഷ് അധിനിവേശം അവസാനിപ്പിക്കുക
എന്നതായിരുന്നു ലക്ഷ്യം. അവരുടെ ദേശഭക്തി ദേശത്തിന്റെ അടിമത്തം അവസാനിപ്പിച്ച്
ഇൻഡ്യക്ക് സ്വാതന്ത്ര്യം നേടുക എന്നതായിരുന്നു. എന്നാൽ ഹിന്ദുത്വ ശക്തികളുടെ
ദേശഭക്തി എന്നത് ബ്രിട്ടീഷ് അടിമത്തം അവസാനിപ്പിക്കുകയല്ല മറിച്ച്
ബ്രിട്ടീഷുകാർക്ക് സേവ ചെയ്യാൻ വേണ്ടി സ്വാതന്ത്ര്യം നേടാൻ ഒന്നിക്കുന്ന ജനങ്ങളെ ഭിന്നിപ്പിക്കുക
എന്നതാണ്. ആർ എസ് എസ്സിന്റേയും സവർക്കർ നേതൃത്വം നല്കിയ ഹിന്ദു മഹാസഭയുടേയും
നേതാക്കളും പ്രവർത്തകരും ബ്രിട്ടീഷ് ഭരണത്തിന് ഒത്താശ ചെയ്യുകയും മുസ്ലീംങ്ങൾ
ആഭ്യന്തര ശത്രുക്കളാണെന്ന് പറഞ്ഞ് കലാപം സൃഷ്ടിക്കുകയും ആയിരുന്നു സ്വാതന്ത്ര്യ സമരകാലത്ത്
അവരുടെ പ്രവർത്തനങ്ങൾ. അതിന് ഒത്തുപിടിച്ച മുസ്ലീം വർഗ്ഗീയവാദികളുമുണ്ട്.ഇന്നും
പാകിസ്ഥാന്റെ പേരു പറഞ്ഞ് ഹിന്ദുത്വ
ശക്തികൾ മുസ്ലീംങ്ങൾക്കെതിരെ അക്രമവും
കലാപവും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത് ഇന്നത്തെ പാശ്ചാത്യ അധിനിവേശ
ശക്തികൾക്കും അതിനോട് കൂട്ട് ചേരുന്നവർക്കും എതിരായി ജനങ്ങളുടെ ഐക്യവും ജനശക്തിയും
രൂപപ്പെടാതിരിക്കുകയെന്ന ലക്ഷ്യമാണെന്ന് തിരിച്ചറിയുവാൻ പ്രയാസമില്ല. ജനങ്ങളുടെ
ഭിന്നതയും പരസ്പരമുള്ള വെറുപ്പും തുടരുന്നിടത്തോളം കാലം അധിനിവേശ നയങ്ങളെ
പരാജയപ്പെടുത്തി എല്ലാവർക്കും തൊഴിലും അന്തസും ജീവിക്കാവനാവശ്യമായ വരുമാനവും
ഉണ്ടാക്കുവാൻ സാധിക്കില്ല. അതിനാൽ മോദിയുടെ ബി ജെ പി ഭരണം അഥവ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ഭരണം തുടരുന്നിടത്തോളംകാലം ആ
ലക്ഷ്യങ്ങൾ അസാധ്യമായിത്തീരും. സ്ത്രീകൾ, കർഷകർ, കൈത്തൊഴിലുകാർ, പാവപ്പെട്ടവർ, ദലിതർ, ആദിവാസികൾ, മറ്റു പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, ഗ്രാമീണ നിവാസികൾ എന്നിവരുടെ മോചനം ഉണ്ടാകണമെങ്കിലും അടിമുടി പുതിയ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക നയങ്ങൾ രൂപം കൊടുക്കേണ്ടത് ഈ
കാലഘട്ടത്തിന്റെ ആവശ്യമാണ്. യുവതീയുവാക്കൾ എല്ലാവരും തൊഴിൽ തേടണമെങ്കിലും അതാണ്
നമ്മൾ നേടേണ്ടത്.
ഏതുവിധേനയും
ഭരണത്തിൽ കടിച്ചു തൂങ്ങുവാനുള്ള ബി ജെ പി യുടെ ശ്രമവും അതിന് ഇണങ്ങുന്ന വിധം
വോട്ടിലും തെരഞ്ഞെടുപ്പിലും എന്ത് കൃത്രിമവും കാണിക്കുവാൻ മടിയില്ലാത്തവർക്ക്
പിന്തുണ ആവർത്തിച്ച് നല്കുന്ന സംസ്ഥാനത്തെ
പിണറായി സർക്കാരിന്റെ ശ്രമവും നാം ചെറുത്ത് തോല്പിക്കണം. എന്നുമാത്രം ഈ
സന്ദർഭത്തിൽ പറഞ്ഞുകൊണ്ട് 14-ാം സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യങ്ങൾ
നേരുന്നു.
06/10/2025
ജോഷി
ജേക്കബ്



