കണ്ണൂര്‍ : ആധുനികവികസനം ജാതിവ്യവസ്ഥയുടെ തകര്‍ച്ചയ്‌ക്കു് സഹായകമാകുമെന്ന വാദങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നു് തെളിയിച്ചുകൊണ്ടു് ആഗോളവല്‌ക്കരണത്തോടുകൂടി ജാതിവ്യവസ്ഥ കൂടുതല്‍ ശക്തവും നിഷ്‌ഠൂരവുമായെന്നു് സമാജവാദിജനപരിഷത്തു് അഖിലേന്ത്യാ ഉപാദ്ധ്യക്ഷ അഡ്വ. നിഷ ശിവുര്‍ക്കര്‍ (മഹാരാഷ്ട്ര) പ്രസ്‌താവിച്ചു. കണ്ണൂര്‍ വിനോദ് പ്രസാദ് സിംഹ് നഗരിയില്‍ (കണ്ണൂര്‍ താവക്കര യുപി സ്കൂള്‍) 2013 മെയ് 26നു് രാവിലെ സമാജവാദി ജനപരിഷത്തു് സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു് സംസാരിയ്‌ക്കുകയായിരുന്നു അവര്‍.
ദുരഭിമാനകൊലപാതകങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതു് ചൂണ്ടിക്കാട്ടിക്കൊണ്ടാണു് അവരതു് പറഞ്ഞതു്. ജാതിവ്യവസ്ഥയ്‌ക്കെതിരായ സമരങ്ങള്‍ ദുര്‍ബലമായിത്തുടങ്ങിയിരിയ്‌ക്കുന്നു. ആഗോളവല്‍ക്കരണനയം സുഗമമായി നടപ്പാക്കപ്പെടുന്നതു് ജാതിവ്യവസ്ഥ ശക്തിപ്പെടുന്നതുകൊണ്ടാണു്. അതുകൊണ്ടു് ജാതിവ്യവസ്ഥയ്‌ക്കും ആഗോളവല്‌ക്കരണത്തിനും എതിരായ സമരം ഒരുമിച്ചു കൊണ്ടുപോകണമെന്നു് നിഷ ശിവുര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനപ്രസിഡന്റ് അഡ്വ വിനോദ് പയ്യട അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ ജോഷി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി എബി ജോണ്‍ വന്‍നിലവും രാഷ്ട്രീയ പ്രമേയം കെ രമേശനും അവതരിപ്പിച്ചു. സുരേഷ് നരിക്കുനി, അഡ്വ ജയിമോന്‍ തങ്കച്ചന്‍, കേരള വേളാര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ എം ദാസ്, ഫ്രാന്‍സിസ്‌ഞാളിയന്‍, ഹരി ചക്കരയ്‌ക്കല്‍, ശിവജി ഗെയിക്ക്‌വാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments:
Post a Comment